സൗമ്യ വധക്കേസ്: ആശങ്കയോടെ ദിഷയുടെ കുടുംബം
text_fieldsകക്കോടി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പരിഗണിക്കവേ സുപ്രീംകോടതി ജഡ്ജിമാര്‍ കൂടുതല്‍ തെളിവ് തേടിയത് കേട്ട് ഞെട്ടിയത് സൗമ്യയുടെ കുടുംബം മാത്രമല്ല. ഏതാണ്ട് സമാനമായ കേസിലെ ദിഷ ദിവാകരന്‍െറ കുടുംബവുമാണ്. കാമാസക്തിയാല്‍ സൗമ്യയെ പിച്ചിക്കീറുകയും കൊല്ലുകയും ചെയ്തെങ്കില്‍ ദിഷക്ക് ആ ഹീനകൃത്യത്തില്‍നിന്ന് മാത്രമേ മോചനമുണ്ടായിരുന്നുള്ളൂ. കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ മാണിക്യകണ്ടിയില്‍ ദിവാകരന്‍െറ മകളും ടെലിവിഷന്‍ അവതാരകയും മോഡലുമായ ദിഷ ദിവാകരന്‍ എന്ന 27 വയസ്സുകാരിക്ക് മൂന്നു വര്‍ഷം കൊണ്ട് വന്നുചേര്‍ന്ന നിര്‍ഭാഗ്യങ്ങളുടെ കഥ കരളലിയിക്കും.
2013 ആഗസ്റ്റ് എട്ടിന് എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് ട്രെയ്നില്‍ യാത്രചെയ്യവേ ലേഡീസ് കമ്പാര്‍ട്ടുമെന്‍റില്‍ കയറിയ ആള്‍ ദിഷയുടെ ബാഗ് പിടിച്ചുപറിക്കാനുള്ള ശ്രമത്തില്‍ തള്ളി താഴെയിടുകയായിരുന്നു. തൃശൂര്‍ പാമ്പാടിക്കുളങ്ങര ക്ഷേത്രത്തിന് സമീപം തല പൊട്ടി ചോരയില്‍ കുളിച്ചുകിടന്ന ദിഷയെ ജൂബിലി ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. ഒരുമാസത്തെ ചികിത്സക്കുശേഷം കോഴിക്കോട് മിംസിലും ചികിത്സ തുടര്‍ന്നു. ട്രെയിനില്‍നിന്ന് താഴെവീണ് പരിക്കേറ്റെന്ന പ്രചാരണത്തിന്‍െറ സത്യാവസ്ഥ ചുരുളഴിയാന്‍ ദിഷക്ക് ഓര്‍മയും സംസാരശേഷിയും വീണ്ടെടുക്കേണ്ടിവന്നു. അപ്പോഴേക്കും മൂന്നുമാസം കഴിഞ്ഞിരുന്നു. ടോയ്ലറ്റില്‍ പോയി പുറത്തത്തെിയപ്പോള്‍ മധ്യവയസ്കന്‍ തന്‍െറ ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമിച്ചു. അത് തടഞ്ഞപ്പോള്‍ തള്ളി പുറത്തേക്കിടുകയായിരുന്നുവെന്ന് മാത്രമേ ദിഷക്ക് ഓര്‍മയുള്ളൂ.
അപകടത്തെ തുടര്‍ന്ന് ദിഷയുടെ ഇടതുഭാഗം പൂര്‍ണമായും തളര്‍ന്നു. ഇടതുകണ്ണ് അടഞ്ഞുപോയി. ഇപ്പോള്‍ പരസഹായത്താല്‍ നടക്കും. ഇടതുകൈ അല്‍പനേരത്തേക്ക് ഉയര്‍ത്താന്‍ കഴിയും. ഇത്രയും ആരോഗ്യം വീണ്ടെടുക്കുമ്പോഴേക്കും ചെലവായത് 36 ലക്ഷത്തോളം രൂപയാണ്. ഗന്ധശേഷി പൂര്‍ണമായും നഷ്ടമായി. തുടര്‍ചികിത്സ കൊണ്ട് തളര്‍ച്ചയും കാഴ്ചയും തിരിച്ചുകിട്ടുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നെങ്കിലും പണം ഇവരുടെ മുന്നില്‍ ചോദ്യചിഹ്നമാകുകയാണ്. ഫിസിയോതെറപ്പി ചെയ്യാന്‍ പണമില്ലാത്തതിനാല്‍ പിതാവുതന്നെ ഇത് ചെയ്യുകയാണ്.
കണ്ണിന്‍െറ ചികിത്സക്കായി ഇരുപതിനായിരത്തോളം രൂപ മാസം വേണ്ടിവരുന്നു. വീടിന്‍െറ ബാങ്ക്ലോണ്‍ ആറുലക്ഷം രൂപ അടക്കാനുമുണ്ട്. 30 വര്‍ഷം ധീരതയോടെ അതിര്‍ത്തികാത്ത മുന്‍ പട്ടാളക്കാരനായ ദിവാകരന് മകളുടെ തുടര്‍ചികിത്സയും കടബാധ്യതയും ഭയപ്പാടുളവാക്കുകയാണ്. ട്രെയ്നില്‍ സംഭവിച്ച അപകടമായിരുന്നിട്ടും റെയില്‍വേയോ സര്‍ക്കാറോ ഒരു സഹായവും നല്‍കിയില്ല. കാലുകള്‍ക്ക് ബലമില്ളെങ്കിലും കഥക് നര്‍ത്തകികൂടിയായ ദിഷ തന്‍െറ മനസ്സില്‍ ആ കലാരൂപത്തെ ഇടക്കിടെ ഇളക്കിയാട്ടുന്നുണ്ട്. ആരോഗ്യം വീണ്ടെടുത്താല്‍ അച്ഛനുമമ്മയുമില്ലാതെ ജീവിക്കുന്ന നൂറുകണക്കിന് കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം. വീണ്ടും അവതാരകയാകണം... അവശതകള്‍ക്കിടിയിലും ദിഷയുടെ തീരുമാനങ്ങളുടെ ഉറപ്പിന് അല്‍പംപോലും ഇടര്‍ച്ചയോ സംശയമോ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
