ചികിത്സാ ചെലവ് കുറക്കാന്‍ നടപടി –മന്ത്രി കെ.കെ ശൈലജ
text_fieldsതൊടുപുഴ: ചികിത്സാ ചെലവ് താങ്ങാനാവാതെയാണ് മലയാളി പാപ്പരാകുന്നതെന്നും ഈ അവസ്ഥ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായും മന്ത്രി പറഞ്ഞു. ഗവ. നഴ്സസ് അസോ. സംസ്ഥാന സമ്മേളനത്തിന്‍െറ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
എല്ലാ ജില്ലയിലും മെഡിക്കല്‍ കോളജെന്ന സമീപനം സര്‍ക്കാറിനില്ല. നിലവിലെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. ഇവിടെ കൂടുതല്‍ കോഴ്സുകള്‍ തുടങ്ങാനും ഗവേഷണസൗകര്യം വര്‍ധിപ്പിക്കാനും നടപടിയെടുക്കും. മാനദണ്ഡങ്ങള്‍ പാലിക്കാതെ താലൂക്ക് ആശുപത്രികളെ ജില്ലാ ആശുപത്രികളായും ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളജുകളായും മാറ്റുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്.
പദ്ധതികള്‍ പ്രഖ്യാപിക്കുകയും പിന്നീട് മുന്നറിയിപ്പില്ലാതെ റദ്ദാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സമീപനം മൂലം എന്‍.ആര്‍.എച്ച്.എം പദ്ധതിയിലെ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുന്ന ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു.
