മുന്തിയ വണ്ടികളില്‍ ‘ഫ്ലെക്സി ഫെയര്‍’ രീതി ഇന്നുമുതല്‍
text_fieldsന്യൂഡല്‍ഹി: രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളില്‍ തിരക്കിനൊത്ത് നിരക്ക് വര്‍ധിപ്പിക്കുന്ന ‘ഫ്ളെക്സി ഫെയര്‍’ രീതി നടപ്പാക്കാനുള്ള തീരുമാനത്തില്‍ വ്യാപക പ്രതിഷേധം. യാത്രക്കാര്‍ക്ക് കനത്ത പ്രഹരമായിമാറുന്ന തീരുമാനം റെയില്‍വേ ഉടനടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
അതേസമയം, 50 ശതമാനം വരെ നിരക്ക് വര്‍ധനക്ക് ഇടയാക്കുന്ന പുതിയ സമ്പ്രദായം വെള്ളിയാഴ്ച നിലവില്‍വരുകയാണ്. മൂന്ന് പ്രീമിയം ട്രെയിനുകളിലെ 90 ശതമാനം സീറ്റിലും നിരക്ക് വര്‍ധിക്കുകയാണ്. ആകെയുള്ളതിന്‍െറ പകുതി സീറ്റുകളില്‍ 50 ശതമാനം കണ്ട് ചാര്‍ജ് കൂടുമ്പോള്‍ 100 രൂപ മുടക്കേണ്ട യാത്രക്കാരന്‍ വെള്ളിയാഴ്ച മുതല്‍ 150 രൂപ നല്‍കേണ്ട സ്ഥിതിയാണ്.
വിലക്കയറ്റത്തിനിടയില്‍ സാധാരണക്കാര്‍ക്ക് നല്‍കിയ പ്രഹരമാണിതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മോദി സര്‍ക്കാറിന്‍െറ ജനവിരുദ്ധ മനോഭാവമാണ് പ്രകടമാവുന്നത്. സ്വകാര്യ കമ്പനികളാണ് ഉപഭോഗത്തിലെ വര്‍ധനക്കൊത്ത് നിരക്ക് കൂട്ടുന്ന രീതി കൊണ്ടുവന്നത്. ഓല, യൂബര്‍ തുടങ്ങി ടാക്സി സര്‍വിസുകള്‍ ഇങ്ങനെ ചെയ്തിരുന്നു. എന്നാല്‍, ഡല്‍ഹി ഹൈകോടതി അത് റദ്ദാക്കി. നിയമവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടിയ നിരക്കുവര്‍ധനാ രീതി സര്‍ക്കാര്‍ റെയില്‍വേയില്‍ നടപ്പാക്കുകയാണ്.
പ്രതിവര്‍ഷം 1,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് റെയില്‍വേ നടപ്പാക്കുന്ന പുതിയ രീതി മധ്യവര്‍ഗക്കാരെയും സാധാരണക്കാരെയും ബാധിക്കും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം യാത്രാ നിരക്കുകള്‍ 20 ശതമാനം വര്‍ധിപ്പിച്ചു. പ്ളാറ്റ്ഫോം ടിക്കറ്റ് നിരക്ക് ഇരട്ടിപ്പിച്ച് 10 രൂപയാക്കി. തത്കാല്‍ നിരക്ക് മൂന്നിലൊന്ന് വര്‍ധിപ്പിച്ചു. ടിക്കറ്റ്, തത്കാല്‍ കാന്‍സലേഷന്‍ ചാര്‍ജ് ഇരട്ടിയാക്കി. റെയില്‍വേ സ്വകാര്യവത്കരണമെന്ന പ്രധാന ഉന്നമാണ് സര്‍ക്കാറിന്‍േറത്. നവീകരണത്തിന്‍െറ പേരില്‍ റിയല്‍ എസ്റ്റേറ്റ്, ലോക്കോമോട്ടീവ് കച്ചവടമാണ് നടക്കുന്നത്. ലക്ഷം കോടി രൂപ ചെലവില്‍ അഹ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ സര്‍വിസിന് തിരക്കുകൂട്ടുകയാണ് സര്‍ക്കാര്‍. വിദേശ കമ്പനികള്‍ക്ക് കരാര്‍ നല്‍കാനുള്ള പ്രധാനമന്ത്രിയുടെ താല്‍പര്യം നടപ്പാക്കാനാണ് വ്യഗ്രത.
അതേസമയം, ട്രാക് ശേഷി ഉയര്‍ത്താതെയും സുരക്ഷാ മുന്‍കരുതലിന് നിക്ഷേപം നടത്താതെയും പുതിയ ട്രെയിനുകള്‍ ഓടിക്കുന്ന രീതി തുടരുന്ന ഒരു വര്‍ഷത്തിനിടയില്‍ 16 വലിയ അപകടങ്ങള്‍ ഉണ്ടായെന്നും 88 പേര്‍ മരിച്ചെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഫ്ളെക്സി ഫെയര്‍ വരുംനാളുകളില്‍ സാധാരണ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് കാണേണ്ടിയിരിക്കുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ സമന്വയിപ്പിക്കുന്നതില്‍ വലിയ പങ്ക് റെയില്‍വേക്കുണ്ട്. വലിയൊരു വിഭാഗത്തിന് ഉപകരിക്കുന്ന പൊതുസേവനമാണിത്. സര്‍ക്കാറിന്‍െറ ലാഭമുണ്ടാക്കല്‍ വ്യവസായമായി റെയില്‍വേയെ പരിഗണിക്കരുത്. നാണ്യപ്പെരുപ്പത്തിനും വേതനക്കുറവിനും വര്‍ധിച്ച തൊഴിലില്ലായ്മക്കുമെല്ലാം ഇടയില്‍ ബഹുഭൂരിപക്ഷത്തിനുമേല്‍ അമിതഭാരം അടിച്ചേല്‍പിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും സി.പി.എം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
