ബി.ജെ.പി ഓഫിസ് ആക്രമണം: പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി; എറിഞ്ഞത് നാടന്‍ബോംബ്
text_fieldsതിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനകമ്മിറ്റി ഓഫിസിനുനേരെയുണ്ടായ ആക്രമണത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചൊവ്വാഴ്ച രാത്രി 11.40ന് ബൈക്കിലത്തെിയ അജ്ഞാതന്‍ കുന്നുകുഴിയിലെ ഓഫിസ്വരാന്തയിലേക്ക് വലിച്ചെറിഞ്ഞത് നാടന്‍ബോംബാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇത് പ്രാദേശികമായി തയാറാക്കിയതാണെന്നാണ് പ്രാഥമികനിഗമനം. ന്യൂസ്പേപ്പറുകളില്‍ ചണം ചുറ്റി അകത്ത് വെടിമരുന്നും കരിങ്കല്‍ചീളുകളും നിറച്ചാണ് ബോംബ് തയാറാക്കിയതെന്ന് പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തത്തെി സാമ്പിളുകള്‍ ശേഖരിച്ചു. ഇതിന്‍െറ പരിശോധനഫലം ലഭ്യമായാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. അതേസമയം, അക്രമിയുടെ അവ്യക്തമായ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
സമീപത്തെ കെട്ടിടത്തില്‍ ഘടിപ്പിച്ചിരുന്ന സി.സി.ടി.വി കാമറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭ്യമായത്. 11.40 ഓടെ ഒരു ബൈക്ക് ബി.ജെ.പി ഓഫിസിന് മുന്നിലൂടെ പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്ക് ഓഫിസിന് മുന്നില്‍ വേഗം കുറച്ച് കടന്നുപോകുന്നതായും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറി നടന്നതായും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ആക്രമണത്തില്‍ ഓഫിസ്വരാന്തയിലെ ജനല്‍പാളികളില്‍ ഒന്ന് പൂര്‍ണമായും തകര്‍ന്നു. അകത്തെ കര്‍ട്ടനും കേടുപാട് സംഭവിച്ചു.
സംഭവസമയം ഓഫിസിലുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയിരിക്കുകയായിരുന്നത്രെ. അതേസമയം, ആക്രമണത്തിനുപിന്നില്‍ സി.പി.എമ്മാണെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ ആരോപിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഓഫിസിലുണ്ടോയെന്ന് ആരാഞ്ഞ് ഒന്നിലധികം തവണ ഫോണ്‍കോളുകള്‍ വന്നിരുന്നു. 11മണിക്കുള്ള ട്രെയിനില്‍ അദ്ദേഹം പോയെന്ന് ഉറപ്പുവരുത്തിയശേഷമാണ് ആക്രമണം നടന്നത്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, സി.പി.എമ്മിന് അക്രമവുമായി ബന്ധമില്ളെന്നും കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു.
ബി.ജെ.പി- സി.പി.എം സംഘര്‍ഷസാധ്യതയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനകമ്മറ്റി ഓഫിസിനുനേരെയുണ്ടായ അതിക്രമങ്ങളുടെ തുടര്‍ച്ചയായി സംസ്ഥാനത്ത് സംഘര്‍ഷസാധ്യതയുണ്ടെന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട്. കഴിഞ്ഞകുറച്ചുദിവസങ്ങളായി സംസ്ഥാനത്തിന്‍െറ വിവിധഭാഗങ്ങളില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഉരസലുകള്‍ നിലനില്‍ക്കുന്നു. തലസ്ഥാനത്തും പ്രശ്നങ്ങള്‍ നീറുകയാണ്. ഈ സാഹചര്യത്തില്‍ ആക്രമണതുടര്‍ച്ചക്കുള്ള സാധ്യത തള്ളാനാകില്ളെന്നും ജാഗ്രതപുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാപൊലീസ് മേധാവിമാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. ഷാഡോ പൊലീസ് നിരീക്ഷണം കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്.