കിട്ടാക്കനിയായ പാഠപുസ്തകം ഡി.ഡി.ഇ ഓഫിസില്‍ കെട്ടിക്കിടക്കുന്നു
text_fieldsകോഴിക്കോട്: അധ്യയന വര്‍ഷം കാല്‍ഭാഗം പിന്നിട്ടിട്ടും പാഠപുസ്തകങ്ങള്‍ കിട്ടാതെ വിദ്യാര്‍ഥികള്‍ വലയുമ്പോള്‍ വിദ്യാഭ്യാസ ഓഫിസില്‍ ഇവ കെട്ടിക്കിടക്കുന്നു. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിലാണ് നൂറുകണക്കിന് പാഠപുസ്തകങ്ങള്‍ ഉപയോഗിക്കാതെ ഇട്ടിരിക്കുന്നത്. വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്നതു കാരണം ജീവനക്കാര്‍ക്കും മറ്റും നടക്കാന്‍പോലും പറ്റാത്ത അവസ്ഥയാണ്. മഴപെയ്താല്‍ നനഞ്ഞ് നശിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസമാണ് പുസ്തകങ്ങള്‍ ഓഫിസില്‍ എത്തിയത്. ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ പുസ്തകങ്ങളാണ് ഇതിലുള്ളത്. വിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശപ്രകാരം, സ്കൂളുകളില്‍ ബാക്കി വന്ന പുസ്തകങ്ങള്‍ ഡി.ഡി.ഇ ഓഫിസില്‍ ശേഖരിച്ചതാണ് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
സംസ്ഥാനത്തെ എല്ലാ ഡി.ഡി.ഇ ഓഫിസുകള്‍ക്കും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണ ആദ്യ ഘട്ട വിതരണം കഴിഞ്ഞപ്പോഴാണ് പല സ്കൂളുകളിലും പുസ്തകം ലഭിക്കാതായത്. ഇതോടെ എം.എസ്.എഫ്, എ.ബി.വി.പി തുടങ്ങിയ സംഘടനകള്‍ വിദ്യാഭ്യാസ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സംസ്ഥാനത്താകെ 64003 പുസ്തകങ്ങള്‍ അധികമായി അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പാഠപുസ്തകങ്ങള്‍ ബാക്കി വന്നത് കണക്കെടുപ്പിലെയും വിതരണത്തിലെയും പാളിച്ചയാണ് വ്യക്തമാക്കുന്നത്. പാദവാര്‍ഷിക പരീക്ഷ സെപ്റ്റംബര്‍ 29ന് തുടങ്ങാനിരിക്കെയാണ് കടുത്ത പുസ്തക ക്ഷാമം.
ജില്ലയില്‍ സ്കൂളുകളില്‍ പുസ്തകക്ഷാമമില്ളെന്നും തിരികെ ലഭിച്ച പുസ്തകങ്ങള്‍ തിട്ടപ്പെടുത്തി ഒന്നുകില്‍ ആവശ്യമുള്ള സ്കൂളുകള്‍ക്കോ ബുക് ഡിപ്പോയിലേക്കോ കൈമാറുമെന്നും ഡി.ഡി.ഇ ഗിരീഷ് ചോലയില്‍ പറഞ്ഞു. വിവരം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഓഫിസിനെ അറിയിക്കും. രണ്ടാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
