ഭരണപരിഷ്കാര കമീഷന്‍: സ്ഥാനം ഏറ്റെടുത്തിട്ടില്ല –വി.എസ്
text_fieldsതിരുവനന്തപുരം: ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍സ്ഥാനം താന്‍ ഏറ്റെടുത്തെന്ന മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും പ്രസ്താവന തിരുത്തി വി.എസിന്‍െറ കത്ത്. ഈ വിഷയത്തില്‍ തന്നോട് ആലോചിക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ തീരുമാനം എടുത്തതെന്ന് വ്യക്തമാക്കി വി.എസ്. അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു. കമീഷനെ മുന്‍നിര്‍ത്തി സര്‍ക്കാറിന്‍െറ പ്രവര്‍ത്തനശൈലിക്ക് എതിരെ ഭരണപക്ഷത്തുനിന്ന് വരുന്ന ആദ്യവിമര്‍ശം കൂടിയാണ് വി.എസിന്‍െറ നിലപാട്.
കൂടിയാലോചനയില്ലാതെ കാര്യങ്ങളില്‍ ഏകപക്ഷീയമായി തീരുമാനം എടുക്കുന്നതിലെ അതൃപ്തി പ്രത്യക്ഷമായി പ്രകടിപ്പിച്ചാണ് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് വി.എസിന്‍െറ കത്ത്. കമീഷന്‍െറ പരിഗണനാ വിഷയം, ഓഫിസ് എവിടെ, ജീവനക്കാരുടെ എണ്ണം ഉള്‍പ്പെടെയുള്ള ഒരു കാര്യവും കൂടിയാലോചിച്ചിട്ടില്ളെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ഇതോടെ വി.എസ് ഇതുവരെ കമീഷന്‍ ചെയര്‍മാന്‍സ്ഥാനം ഏറ്റെടുത്തില്ളെന്ന് വെളിവായി. വി.എസ് ചുമതലയേറ്റെന്ന് പറഞ്ഞ മുഖ്യമന്ത്രിയെയും സി.പി.എം സംസ്ഥാന സെക്രട്ടറിയെയും തിരുത്തുന്നതാണ് കത്തിലെ ഉള്ളടക്കം. പി.ബി യോഗം നടക്കുമ്പോള്‍ തന്നെയുള്ള കത്തയക്കല്‍ കേന്ദ്ര നേതൃത്വത്തിനുള്ള സന്ദേശംകൂടിയാണ്. താന്‍ സര്‍ക്കാറിന് പുറത്ത് കാബിനറ്റ് പദവിയുള്ള സ്ഥാനം ഏറ്റെടുക്കണമെന്നത് കേന്ദ്രനേതൃത്വത്തിന്‍െറ തീരുമാനം ആയിരുന്നു. പി.ബി കമീഷന്‍ നടപടി തീര്‍പ്പാക്കി സംഘടനക്കുള്ളില്‍ ഉചിത സ്ഥാനം വേണമെന്നതിനാണ് പ്രഥമ പരിഗണനയെന്ന് അന്നേ വി.എസ് സീതാറാം യെച്ചൂരിയെ അറിയിച്ചിരുന്നു.
പി.ബി കമീഷന്‍ നടപടി തീര്‍പ്പാക്കാമെന്നും ചുമതല ഏല്‍ക്കണമെന്നുമുള്ള കേന്ദ്ര നേതൃത്വത്തിന്‍െറ നിര്‍ദേശം അനുസരിച്ച് വി.എസ് സി.പി.എം സംസ്ഥാന നേതൃത്വത്തിന് സമ്മതം അറിയിച്ചു. എന്നാല്‍, സര്‍ക്കാറില്‍നിന്ന് തീരുമാനം വൈകിയതോടെ ഉടന്‍ ചുമതലയേല്‍ക്കുന്നില്ളെന്ന് പാര്‍ട്ടിയെ വി.എസ് അറിയിച്ചു. പക്ഷേ, വി.എസിന്‍െറ നിലപാട് മാറ്റം മനസ്സിലാക്കിയ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് അനക്സില്‍ ഓഫിസ് ഒരുക്കുമെന്നായിരുന്നു സൂചനയെങ്കിലും ഇപ്പോള്‍ ഐ.എം.ജിയിലാക്കാനാണ് നീക്കം. വി.എസിന് 12 പേഴ്സനല്‍ സ്റ്റാഫിനെയും ഏകപക്ഷീയമായി പ്രഖ്യാപിച്ചു. വി.എസ് ഇടഞ്ഞതോടെ സര്‍ക്കാറും സി.പി.എമ്മുമാണ് വെട്ടിലായിരിക്കുന്നത്.