സെന്‍ട്രല്‍ ജയിലിലെ ബ്യൂട്ടി പാര്‍ലര്‍ വിജയയാത്രയില്‍
text_fieldsകണ്ണൂര്‍: നാലു മാസം മുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആരംഭിച്ച ബ്യൂട്ടി പാര്‍ലറായ ‘എക്സ്പ്രഷന്‍സ്’ ലാഭത്തിന്‍െറ ട്രാക്കില്‍. തടവുകാരെ നിയോഗിച്ച് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയാല്‍ ജനം എങ്ങനെ സ്വീകരിക്കുമെന്നാണ് ജയില്‍ ഉദ്യോഗസ്ഥരെ ആദ്യം അലട്ടിയിരുന്നത്. തടവുകാരെ വിശ്വസിച്ചാരെങ്കിലും ഇവിടെ മുടി മുറിക്കാനും മുഖം മിനുക്കാനുമത്തെുമോ എന്നായിരുന്നു ആശങ്ക. ഈ സംശയങ്ങളെല്ലാം അസ്ഥാനത്താക്കിയാണ് എക്സ്പ്രഷന്‍സിന്‍െറ വിജയയാത്ര. ചുരുങ്ങിയ കാലം കൊണ്ട് മുടക്കുമുതല്‍ തിരിച്ചുപിടിച്ച ബ്യൂട്ടി പാര്‍ലറിലെ ദിവസ വരുമാനം 4000ത്തിനും 5000ത്തിനും ഇടയിലാണ്.
അന്തേവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് ജയിലില്‍ നടപ്പാക്കിയ വിവിധ തൊഴില്‍ പരിശീലന പദ്ധതികളുടെ ഭാഗമായാണ് തടവുകാര്‍ക്കായി ബ്യൂട്ടിഷ്യന്‍ കോഴ്സും നല്‍കിയത്. ബ്യൂട്ടിഷ്യന്‍ ജോലിയോട് താല്‍പര്യമുള്ള 30 തടവുകാര്‍ക്കായി 2015ല്‍ റുഡ്സെറ്റിന്‍െറ നേതൃത്വത്തില്‍ ആറുമാസത്തെ പരിശീലനവും നല്‍കി.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ അന്തേവാസികള്‍ക്കായി ജയിലിന് സമീപം തന്നെ ബ്യൂട്ടിപാര്‍ലര്‍ തുടങ്ങുകയെന്ന ആശയവും സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ മേലധികാരികളുമായി പങ്കുവെച്ചു. ഇതോടെ മറ്റൊരു ജയിലിലുമില്ലാത്ത ഒരു സ്ഥാപനത്തിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തുടക്കമായി.
ഏപ്രില്‍ 24ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങായിരുന്നു ഉദ്ഘാടനം ചെയ്തത്. ജയില്‍ കവാടത്തില്‍ വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന ജനറേറ്റര്‍ റൂം മോടിപിടിപ്പിച്ചാണ് ബ്യൂട്ടിപാര്‍ലറാക്കിയത്. എക്സ്പ്രഷന്‍സിന്‍െറ ‘ന്യൂജെന്‍’ ബോര്‍ഡും ഫര്‍ണിച്ചറും ഉപകരണങ്ങളുടെ ക്രമീകരണവും മറ്റ് ജോലികളും തടവുകാര്‍ ഏറ്റെടുത്തതോടെ നിര്‍മാണചെലവ് 3.40 ലക്ഷത്തില്‍ ഒതുങ്ങി.
പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും മാത്രമാണ് ‘എക്സ്പ്രഷന്‍സി’ലെ സേവനം ലഭ്യമാകുന്നത്. ഞായറാഴ്ചകളില്‍ ഉള്‍പ്പെടെ രാവിലെ ഒമ്പതുമുതല്‍ അഞ്ചു വരെയാണ് പ്രവര്‍ത്തനം. ഒരേസമയം, ആറ് ജീവനക്കാര്‍ ചുമതലയിലുണ്ടാവും. പുറത്തുള്ള ബ്യൂട്ടിപാര്‍ലറുകളുടെ പകുതിയിലൊതുങ്ങും ജയില്‍ ബ്യൂട്ടിപാര്‍ലറിലെ ചാര്‍ജെന്നതും ജനത്തെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
മുടിവെട്ടാന്‍ 50 രൂപ, 450 രൂപ മുതല്‍ 2000 രൂപവരെയുള്ള വിവിധ ഫേഷ്യലുകള്‍, താരനുള്ള ചികിത്സക്ക് 500 രൂപ, ഡൈ ചെയ്യാന്‍ 100 മുതല്‍ 300 രൂപ വരെ, ഓയില്‍ മസാജിന് 70 രൂപ, പെഡിക്യൂര്‍, മാനിക്യൂര്‍, ത്രെഡിങ്, ട്രിമ്മിങ്, ഹെയര്‍ സ്പാ, ക്ളീന്‍ അപ്, ഹെന്ന, ഗാല്‍വനിക് ട്രീറ്റ്മെന്‍റ്, പിംപിള്‍ ട്രീറ്റ്മെന്‍റ്, സ്ട്രെയിറ്റനിങ് തുടങ്ങി മറ്റ് ബ്യൂട്ടിപാര്‍ലറുകളില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും എക്സ്പ്രഷന്‍സിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
