മുഖ്യമന്ത്രി വിശദീകരിച്ചിട്ടും ഭരണപരിഷ്കാര കമീഷനിലെ അവ്യക്തത മാറുന്നില്ല
text_fieldsതിരുവനന്തപുരം: ഭരണ പരിഷ്കാര കമീഷന്‍ ചെയര്‍മാനായി വി.എസ്. അച്യുതാനന്ദന്‍ ചുമതലയേറ്റു എന്ന് മുഖ്യമന്ത്രി വിശദീകരിക്കുമ്പോഴും അവ്യക്തത മാറുന്നില്ല. ആഗസ്റ്റ് 18ന് വി.എസ് ചുമതലയേറ്റെന്നാണ് പിണറായി വിജയന്‍ ശനിയാഴ്ച ഡല്‍ഹിയില്‍ വിശദമാക്കിയത്.
അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും വി.എസ് ഇതുവരെ താന്‍ കമീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതായി സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല. പിന്നീട് വ്യക്തമാക്കാമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഭരണപരിഷ്കാര കമീഷന്‍െറ ഓഫിസും ജീവനക്കാരുടെ കാര്യവും ഇതുവരെ ശരിയായിട്ടില്ല. സെക്രട്ടേറിയറ്റിലെ രണ്ടാമത്തെ അനക്സ് ഉള്‍പ്പെടെ പരിഗണിക്കുന്നുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കൂടി അംഗീകരിക്കണമെന്ന നിലപാടാണ് വി.എസിനുള്ളത്. വി.എസ് കമീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ കാട്ടിയ വിമുഖതക്ക് പിന്നിലും ഇതായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കാതെയാണ് കമീഷനിലെ ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്ന ആക്ഷേപവുമുണ്ട്.
എന്നാല്‍, മുഖ്യമന്ത്രിയുടെ തീരുമാനത്തെ ചോദ്യംചെയ്യാന്‍ സി.പി.എം നേതൃത്വത്തിന് കഴിയാത്ത സ്ഥിതിയാണിപ്പോള്‍.
വി.എസ് ചുമതലയേറ്റെന്ന് മുഖ്യമന്ത്രി വിശദീകരിക്കുമ്പോഴും കമീഷന്‍ അംഗങ്ങളുടെ യോഗം വിളിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. കമീഷന്‍ അംഗങ്ങളില്‍ ഒരാളായ സി.പി. നായര്‍ അനൗദ്യോഗികമായി മാത്രമാണ് ഇതിനിടെ വി.എസിനെ കണ്ടത്. മറ്റൊരു കമീഷന്‍ അംഗമായ നീലാ ഗംഗാധരന്‍ തനിക്ക് മുഴുവന്‍ സമയ അംഗമാകുന്നതില്‍ അസൗകര്യമുണ്ടെന്ന് സര്‍ക്കാറിനെ അറിയിച്ചതായാണ് വിവരം. ഇത് കമീഷന്‍െറ സുഗമമായ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. വി.എസിന്‍െറ സെക്രട്ടേറിയറ്റ് അംഗത്വം സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് അനുകൂല നിലപാടാണ്. ഈ മാസം നടക്കുന്ന പി.ബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളിലാണ് വി.എസിന്‍െറയും സംസ്ഥാന നേതൃത്വത്തിന്‍െറയും പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
