അത്തം ഘോഷയാത്ര മതനിരപേക്ഷതയുടെ മഹനീയ പാഠം –മുഖ്യമന്ത്രി
text_fieldsതൃപ്പൂണിത്തുറ: മതനിരപേക്ഷതയുടെയും ദേശീയോദ്ഗ്രഥനത്തിന്‍െറയും ഉള്ളടക്കമാണ് അത്തം ഘോഷയാത്രയുടെ കാലിക പ്രസക്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന തൃപ്പൂണിത്തുറയിലെ അത്താഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചി രാജാക്കന്മാര്‍ ഓണാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് നടത്തിയിരുന്ന രാജകീയ ഘോഷയാത്രയാണ് അത്തച്ചമയം. രാജാവ് ഒൗദ്യോഗികമായി നടത്തിയിരുന്ന ഘോഷയാത്രയെ ശ്രദ്ധേയമാക്കിയ ഘടകം അതിന്‍െറ മതനിരപേക്ഷ സ്വഭാവമാണ്. മതമൈത്രി വിളിച്ചോതിക്കൊണ്ടുള്ള ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം പ്രാതിനിധ്യം ഘോഷയാത്രയുടെ സവിശേഷതയായിരുന്നു. മനുഷ്യമനസ്സുകളുടെ ഒരുമയായിരുന്നു ഘോഷയാത്ര.
പ്രാന്തവത്കരിക്കപ്പെട്ട സമുദായങ്ങളിലുള്ളവരെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാന്‍ അവരുടെ പ്രാതിനിധ്യം രാജാവ് ഉറപ്പാക്കിയിരുന്നു. മതാതീതമായ ഐക്യം നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നുവെന്നതാണ് അതിനെ സര്‍വകാല പ്രസക്തിയുള്ളതാക്കുന്നത്. മതങ്ങളെ പ്രത്യേകം കമ്പാര്‍ട്ടുമെന്‍റുകളാക്കാന്‍ നാട്ടില്‍ ശ്രമം നടക്കുന്ന ഇക്കാലത്ത് അത്തം ഘോഷയാത്ര നല്‍കുന്ന ചരിത്രത്തിന്‍െറ മഹനീയ പാഠം എല്ലാവര്‍ക്കും നേര്‍വഴി കാട്ടിയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഇതെല്ലാം നിലനിര്‍ത്താന്‍ പ്രത്യേക ശ്രദ്ധതന്നെ ഉണ്ടാവണം. അത് ആവര്‍ത്തിച്ചുറപ്പാക്കുകയും വേണം. കലാ സാംസ്കാരിക വൈവിധ്യങ്ങള്‍ നിറഞ്ഞ ഘോഷയാത്രയില്‍ പ്രതിഫലിക്കുന്നതും ഇതാണ്.
ബഹുമുഖമായ കലാസാംസ്കാരിക രംഗമാണ് നമുക്കാവശ്യം. അത് തുടങ്ങാനും നിലനിര്‍ത്താനും കഴിയാതെ നിഷേധിച്ചാല്‍ വൈവിധ്യങ്ങളിലെ ഏകത്വം തകരുന്നതായിരിക്കും ഫലം. ഓണം ഒരുമയുടെയും സംഭാവനയുടെയും സന്ദേശമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ എം.സ്വരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
