ശബരിമല വികസനത്തിനു 100 കോടിയുടെ കേന്ദ്ര പദ്ധതി
text_fieldsകോട്ടയം: ശബരിമല വികസനത്തിനു സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സ്വദേശ് ദര്‍ശന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച 100 കോടിയുടെ 53 പദ്ധതികള്‍ക്ക് കേന്ദ്രാനുമതി. സന്നിധാനം-പമ്പ-എരുമേലി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന പില്‍ഗ്രിം സര്‍ക്യൂട്ട് പദ്ധതിക്കാണ് കേന്ദ്രത്തിന്‍െറ സാമ്പത്തിക സഹായം. വിവിധ പദ്ധതികള്‍ക്ക് ഇനം തിരിച്ചാണ് തുക അനുവദിച്ചത്. മാലിന്യ സംസ്കരണത്തിനും കുടിവെള്ള-ജലസേചന പദ്ധതികള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമാണ് മുന്‍ഗണന.
പുറമെ ശൗചാലയങ്ങള്‍, വൈദ്യുതീകരണം, അടിയന്തര ചികിത്സാ സൗകര്യം ഒരുക്കല്‍, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍, പുരാതന പാതകളുടെ സംരക്ഷണം, നടപ്പാതകളുടെ വൈവിധ്യവത്കരണം, സി.സി ടി.വി, ടോയ്ലറ്റുകള്‍, മണ്ഡപങ്ങള്‍, ഇന്‍ഫര്‍മേഷന്‍ സെന്‍ററുകള്‍, ഡിസ്പ്ളേ ബോര്‍ഡ്, ലാന്‍ഡ്സ്കേപ്, ഖരമാലിന്യ നിര്‍മാര്‍ജന കേന്ദ്രങ്ങള്‍, പ്രസാദ കൗണ്ടറുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, വിരിപ്പന്തലുകള്‍, ക്യൂ കോംപ്ളക്സ് എന്നിവയടക്കം 53 പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മൂന്നു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. പദ്ധതിയുടെ പൂര്‍ണചുമതല ടൂറിസം വകുപ്പിനാണ്. ആദ്യ ഗഡുവായ 20 കോടി കേന്ദ്രം ഉടന്‍ ടൂറിസം വകുപ്പിനു കൈമാറും. പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും നടപടി ഉടന്‍ ആരംഭിക്കുമെന്നും ടൂറിസം ഡയറക്ടര്‍ യു.വി. ജോസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
പമ്പയിലും എരുമേലിയിലും 10 ടോയ്ലറ്റ് കെട്ടിടങ്ങള്‍ക്കായി 4.5 കോടിയും മാലിന്യ സംസ്കര പ്ളാന്‍റിനായി 15 കോടിയും കുടിവെള്ള -ജലസേചന പദ്ധതികള്‍ക്കായി 10 കോടിയും സന്നിധാനത്ത് ക്യൂ കോംപ്ളക്സിന് ഏഴു കോടിയും എരുമേലി-പമ്പ-ശബരിമല എന്നിവടങ്ങളില്‍ 75 വീതം സി.സി ടി.വി കാമറ സംവിധാനത്തിനായി 95 ലക്ഷവും അനുവദിച്ചു. സന്നിധാനത്ത് പ്രസാദം കൗണ്ടറുകള്‍ക്കായി ഏഴു കോടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ മുഴുവന്‍ പാതകളും നവീകരിക്കാനും ടൈല്‍സ് പാകാനും 1.70 കോടി നല്‍കും. ഏറ്റവും അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഇതിനായി കാമറകള്‍ക്കൊപ്പം റെക്കോഡിങ് സംവിധാനവും ഉള്‍പ്പെടുത്തും. ക്ഷേത്രങ്ങളുടെ പ്രവേശ കവാടങ്ങളില്‍ പുതിയ റൂഫ് കവറിങ് ഏര്‍പ്പെടുത്തും.
ശബരിമല തീര്‍ഥാടനത്തിനു മൂന്നര മാസം മാത്രം ബാക്കിനില്‍ക്കെ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ ആരംഭിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന ടൂറിസം വകുപ്പ് നാലുമാസം മുമ്പ് സമര്‍പ്പിച്ച പദ്ധതിക്കാണ് കേന്ദ്രം തിരക്കിട്ട് തുക അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
