എഫ്.ഐ.ആര്‍ നീതിക്ക് നിരക്കാത്തത് –മാണി
text_fieldsകോട്ടയം: തോംസണ്‍ ഗ്രൂപ്പിന്‍െറ നികുതി കേസുമായി ബന്ധിപ്പിച്ച് തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി നീതിക്കുനിരക്കാത്തതാണെന്ന് കെ.എം. മാണി. ഇടതുസര്‍ക്കാറിന്‍െറ കാലത്തുനടന്ന നികുതിവെട്ടിപ്പിനെതിരെ യു.ഡി.എഫ് സര്‍ക്കാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തില്‍ തോംസണ്‍ ഗ്രൂപ് 32കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന് കണ്ടത്തെി. ഉടന്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടു. നികുതിയും പിഴയും ഉള്‍പ്പെടെ 64 കോടി വസൂലാക്കാന്‍ റവന്യൂ റിക്കവറി നടപടി സ്വീകരിച്ചു.
ഇത് തോംസണ്‍ ഗ്രൂപ് ഹൈകോടതിയില്‍ ചോദ്യം ചെയ്തെങ്കിലും അപ്പലേറ്റ് അതോറിറ്റിയുടെ മുമ്പില്‍ ബോധിപ്പിക്കുക എന്ന നിര്‍ദേശത്തോടെ കോടതി അപേക്ഷ തീര്‍പ്പാക്കി. തോംസണ്‍ ഗ്രൂപ്പിനെതിരെ നിയമാനുസരണമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിരുന്നു. അവരെ സഹായിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ മാറ്റുകയോ നിയമിക്കുകയോ ചെയ്തിട്ടില്ല. എഫ്.ഐ.ആര്‍ എടുത്തത് പുകമറ സൃഷ്ടിക്കാനാണ്. ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
