ജാസിം ഈസ അല്‍ ബലൂശിയോരോ, അനുസ്മരിക്കേണം നാം സോദരരേ...
text_fieldsവടകര: ഫസല്‍ നാദാപുരമെന്ന പാട്ടെഴുത്തുകാരന് ജാസിം ഈസ അല്‍ബലൂശി അറബിയുടെ പേരുമാത്രമല്ല, മരണത്തെ പുല്‍കുമ്പോഴും മറ്റുള്ളവര്‍ക്ക് രക്ഷകനായ മനുഷ്യസ്നേഹത്തിന്‍െറ പ്രതിരൂപമാണ്. അതുകൊണ്ടാണ്, ‘ജാസിം ഈസ അല്‍ബലൂശിയോരോ, അനുസ്മരിക്കേണം നാം സോദരരേ, അറേബ്യയുടെ നാട്ടില്‍, അകലെ ദുബൈയില്‍, മരണം മുന്നില്‍ കണ്ട മുന്നൂറുപേരെ, രക്ഷിക്കുവാനായി രക്ഷാകവാടം, സാധ്യമാക്കിയ ശഹീദവരെ’...തുടങ്ങിയ വരികള്‍ എഴുതി പാടി തന്‍െറ വാട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ഇതിന് ഗള്‍ഫ് നാടുകളില്‍ വന്‍ പ്രതികരണം ലഭിച്ചു.
ബലൂശിയുടെ സഹോദരനും അമ്മാവനും ഫസലിനെ വിളിച്ചു. പാട്ടിന് നന്ദി പറഞ്ഞു. റാസല്‍ ഖൈമയിലേക്ക് ക്ഷണിച്ചു. ഫസല്‍ വ്യാഴാഴ്ച റാസല്‍ഖൈമയിലേക്ക് പുറപ്പെട്ടു. ഇതിനുവേണ്ട സൗകര്യങ്ങളെല്ലാം വാട്സ്ആപ് ഗ്രൂപ്പിലെ സുഹൃത്തുക്കളാണ് ഒരുക്കുന്നത്. കഴിഞ്ഞ മാസം മൂന്നിനാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ എമിറേറ്റ്സ് വിമാനം തീപിടിച്ച് കത്തിയമര്‍ന്നത്. ഒട്ടേറെ യാത്രക്കാരെ രക്ഷിക്കുന്നതിനിടെയണ് അഗ്നിശമനാംഗമായ ജാസിം ഈസ അല്‍ബലൂശി രക്തസാക്ഷിയായത്. ഫസലിന്‍െറ പാട്ടിന് അറബിയില്‍ വിവര്‍ത്തനം വന്നുകഴിഞ്ഞു. ഹിന്ദിയിലും വരാനിരിക്കുന്നു.
ഒരു മനുഷ്യസ്നേഹിയെ തന്‍െറ വരികളിലൂടെയും അടയാളപ്പെടുത്താന്‍ കഴിഞ്ഞതിന്‍െറ സന്തോഷമാണ് ഫസലിന്‍െറ മനസ്സിലുള്ളത്. പലര്‍ക്കും അറിയാവുന്നതുപോലെ പാട്ടെഴുത്തുകാരനും ഗായകനുമാണ് ഫസല്‍. പക്ഷേ, ഈ മനുഷ്യന്‍െറ ജീവിത വഴികളെക്കുറിച്ച് അടുത്തറിയുമ്പോഴാണ് കേട്ട പാട്ടുകളെക്കാള്‍ കണ്ണീരുപ്പു നിറഞ്ഞതാണ് ജീവിതമെന്നറിയുക. കുറ്റ്യാടിക്കാര്‍ക്ക് ഫസല്‍ ഡ്രൈവറാണ്. രാഷ്ട്രീയക്കാര്‍ക്ക് തങ്ങളുടെ സ്വന്തം പാട്ടെഴുത്തുകാരനും പാട്ടുകാരനും. മാപ്പിളപ്പാട്ട് ആരാധകര്‍ക്കും പ്രിയപ്പെട്ടവന്‍. അന്നം തേടിയുള്ള പാച്ചിലിനിടയില്‍ പ്രമുഖ ഗായകര്‍ക്കുവേണ്ടി പാട്ടെഴുതിയും സംഗീതം ചെയ്തും കഴിഞ്ഞുകൂടി. അവരുടെ ധാരണ സംഗീതം പഠിച്ചയാളാണെന്നാണ്. എന്നാല്‍, ഒന്നും പഠിക്കാന്‍ ശ്രമിച്ചില്ല. അതുകൊണ്ടുതന്നെ ഗുരുനാഥന്മാരുമില്ല. നാദാപുരം ഗവ. യു.പിയില്‍ ആറാം തരം വരെ പഠനം. പിന്നെ, കോല്‍ക്കളിയില്‍ സജീവമായ കാലം.
17 വയസ്സായപ്പോള്‍ ഒരു ദിവസം മനസ്സില്‍ ചില വരികള്‍ ഒഴുകിയത്തെി. ‘അല്ലാഹുവല്ലാതെ ആരുമില്ല ആരാധനക്കര്‍ഹന്‍’ എന്ന പാട്ടിന്‍െറ പിറവി അങ്ങനെയാണ്. ഈ വരികള്‍ എഴുതി 25 വര്‍ഷമായെങ്കിലും മാപ്പിളപ്പാട്ട് ആസ്വാദകരുടെ ശേഖരത്തില്‍ ഇവയിന്നും പച്ചപിടിച്ചുകിടക്കുന്നു. നാദാപുരം കക്കാട്ട് പാറേമ്മല്‍ പരേതനായ അഹമ്മദിന്‍െറയും സൈനബയുടെയും രണ്ടു മക്കളില്‍ ഇളയവനാണ് ഫസല്‍. ഭാര്യ: സുലൈഖ. മകന്‍ മുഹമ്മദ് ഷാഫിയും പാട്ടുകാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
