പൊതുവിപണിയില്‍ വിലകുറഞ്ഞു തുടങ്ങി ഇക്കുറി ഓണത്തിന് കൈ പൊള്ളില്ല
text_fieldsകോട്ടയം: ഓണത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിപണിയില്‍ പഴം-പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും വിലകുറഞ്ഞു തുടങ്ങി. പച്ചക്കറിക്ക് 50-60 ശതമാനം വരെ വിലകുറഞ്ഞപ്പോള്‍ അരി അടക്കം മിക്ക പലവ്യഞ്ജനങ്ങള്‍ക്കും 20- 25 ശതമാനം വരെയാണ് കിഴിവ്. ചിലയിനങ്ങള്‍ക്ക് 40ശതമാനം വരെയും കുറവുണ്ട്. പഴങ്ങളുടെ വിലയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഉള്ളി ഇനങ്ങള്‍ക്കാണ് ഏറ്റവും വിലക്കുറവ്. കഴിഞ്ഞ ഓണക്കാലത്ത് വിഷപച്ചക്കറിയും കുതിച്ചുയര്‍ന്ന വിലയും ആഘോഷത്തിന് അല്‍പം മങ്ങലേല്‍പിച്ചെങ്കിലും ഇക്കുറി വിലയിടിവ് സാധാരണക്കാര്‍ക്കുപോലും ആശ്വാസമാവുകയാണ്.
പച്ചക്കറി ഉല്‍പാദനം കേരളത്തില്‍ 40-50ശതമാനം വരെ ഇത്തവണ വര്‍ധിച്ചതാണ് വിലക്കുറവിന് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറി സുലഭമാണെങ്കിലും നാടന്‍ പച്ചക്കറികളോടാണ് മലയാളികള്‍ക്ക് പ്രിയം. തമിഴ്നാട്ടില്‍ വേനല്‍ കടുത്തതും ജലക്ഷാമം കുറഞ്ഞതും രണ്ടുമാസം മുമ്പ് പച്ചക്കറി വിലവര്‍ധനക്ക് കാരണമായെങ്കില്‍ ഇത്തവണ അവിടെയും ഉല്‍പാദനം വര്‍ധിച്ചതോടെ മിക്കയിനങ്ങള്‍ക്കും വില ഇടിയുകയാണ്. ഓണത്തിന് മുമ്പുതന്നെ പച്ചക്കറി വന്‍തോതില്‍ വിപണിയിലത്തെുകയും ചെയ്തു.
കൃഷിവകുപ്പിന്‍െറ സന്ദര്‍ഭോചിതമായ ഇടപെടലാണ് കേരളത്തില്‍ കൃഷി ഇത്തവണ വര്‍ധിക്കാന്‍ കാരണമായത്. മൂന്നാറിലും മറയൂരിലും കാന്തല്ലൂരിലും ഉല്‍പാദിപ്പിച്ച പച്ചക്കറികളാണ് വ്യാപകമായി വിപണിയില്‍ എത്തുന്നത്. ഇവിടെ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച പച്ചക്കറി മൊത്തവിലക്ക് ഹോര്‍ട്ടികോര്‍പ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വാങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകരും സംതൃപ്തിയിലാണ്. ദിനംപ്രതി 300 മുതല്‍ 400 ലോഡ് വരെ പച്ചക്കറിയാണ് കേരള-തമിഴ്നാട് അതിര്‍ത്തിയില്‍നിന്ന് കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തുന്നത്. ഇതോടൊപ്പം പൊള്ളാച്ചി, കമ്പം, തേനി, ഊട്ടി, ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളില്‍നിന്ന് പച്ചക്കറി എത്തുന്നുണ്ട്. ഇതെല്ലാം പൊതുവിപണിയില്‍ വിലയിടിയാന്‍ കാരണമായി.
കിലോക്ക് 70 രൂപയും പിന്നീട് 40 രൂപയും ഉണ്ടായിരുന്ന തക്കാളിക്ക് മൊത്തവില പത്ത് രൂപയില്‍ താഴെയാണ്. പഴുത്ത തക്കാളിക്ക് 10-12 രൂപ വരെയാണ് വില. സംസ്ഥാനത്ത് ഓണക്കാലത്ത് പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും ഇത്രയധികം വില കുറയുന്നത് ആദ്യമായാണ്. വറ്റല്‍ മുളകിന് 160 രൂപയാണ് പൊതുവിപണിയില്‍ എങ്കില്‍ സപൈ്ളകോ 75 രൂപക്കാണ് വില്‍ക്കുന്നത്. 40രൂപ വിലയുള്ള പഞ്ചസാര 22രൂപക്കാണ് സബ്സിഡി നിരക്കില്‍ വില്‍ക്കുന്നത്.
സപൈ്ളകോ ഒൗട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും 24രൂപയാണ് അരി വില. അതേസമയം, ബ്രാന്‍ഡഡ് അരിയുടെ വിലയില്‍ കാര്യമായ കുറവില്ല. ചിലയിനങ്ങള്‍ക്ക് 40രൂപ വരെ വില തുടരുന്നുണ്ട്.
മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ജയ, മട്ട അരിക്ക് വിലകുറഞ്ഞത് സാധാരണക്കാര്‍ക്ക് ആശ്വാസമാവുകയാണ്. ജൈവ പച്ചക്കറികളുടെ വില്‍പനയും കേരളത്തില്‍ തകൃതിയാണെന്നാണ് റിപ്പോര്‍ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
