ബഹുവര്‍ണ ചിത്രങ്ങളുടെ കാലത്ത് ബ്ളാക് ആന്‍ഡ് വൈറ്റിലൂടെ സംവദിക്കുന്നത് ...
text_fieldsകോഴിക്കോട്: സാങ്കേതികവിദ്യയുടെ വികാസം ബ്ളാക് ആന്‍ഡ് വൈറ്റില്‍നിന്ന് ബഹുവര്‍ണചിത്രങ്ങളിലേക്ക് ഫോട്ടോഗ്രാഫിയെ എത്തിച്ചിട്ടുണ്ടെന്നറിയാത്തയാളാണോ ഈ ചിത്രകാരന്‍ എന്ന് ആര്‍ട്ട്ഗാലറിയിലെ നേതി-നേതി എന്ന പ്രദര്‍ശനം കാണുന്നവര്‍ സംശയിച്ചുപോവും. കാരണം പ്രദര്‍ശനത്തിലെ ചിത്രങ്ങളെല്ലാം കറുപ്പിന്‍െറയും വെളുപ്പിന്‍െറയും സാധ്യതകള്‍ മാത്രം ഉപയോഗിച്ചാണെടുത്തിട്ടുള്ളത്.
സാങ്കേതികവിദ്യയുടെ പുത്തന്‍ രീതികളെക്കുറിച്ച് അജ്ഞനല്ല ബ്രിട്ടന്‍ വാഴപ്പിള്ളി എന്ന വ്യത്യസ്ത നാമമുള്ള ഈ ഫോട്ടോഗ്രാഫറും. വസ്തുക്കള്‍ അതിന്‍െറ യഥാര്‍ഥ നിറത്തില്‍ പകര്‍ത്തുന്നതിനേക്കാള്‍ ആഴവും ഗൗരവവും ബ്ളാക് ആന്‍ഡ് വൈറ്റിലെടുത്താല്‍ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്‍െറ പക്ഷം. നേതി-നേതിയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ പലതും ഒറ്റനോട്ടത്തില്‍ എന്താണെന്ന് തിരിച്ചറിയാനാവില്ല.
വിണ്ടുകീറിയ മരത്തടി കണ്ടാല്‍ മനുഷ്യമുഖമായും, ചുണ്ടായും ആനയുടെ കണ്ണായുമെല്ലാം തോന്നും. എന്നാല്‍, സൂക്ഷ്മനിരീക്ഷണത്തിലൂടെ മാത്രമേ യഥാര്‍ഥ വസ്തുവെന്താണെന്ന് തിരിച്ചറിയൂ. ഇത്തരത്തില്‍ കാഴ്ചക്കാരുടെ ചിന്തയെക്കൂടി തന്‍െറ ചിത്രങ്ങളിലേക്കടുപ്പിക്കുക എന്നതുതന്നെയാണ് ബ്ളാക് ആന്‍ഡ് വൈറ്റ് ഫോട്ടോഗ്രഫിയിലൂടെ ഈ തൃശൂര്‍ അറണാട്ടുകര സ്വദേശി ഉദ്ദേശിക്കുന്നതും.
ഇതല്ല എന്നര്‍ഥമുള്ള നേതി എന്ന സംസ്കൃതവാക്കിലൂടെ ‘താങ്കളുദ്ദേശിക്കുന്നതല്ല എന്‍െറ ചിത്രം’ എന്ന് പറഞ്ഞുവെക്കാന്‍ ചിത്രകാരന് കഴിയുന്നുണ്ട്. ഫേസസ്, എക്സ്പ്രഷന്‍സ്, റിഫ്ളക്ഷന്‍സ്, റിയലൈസേഷന്‍, ബര്‍ത്ത് എന്നിങ്ങനെ വ്യത്യസ്ത തലക്കെട്ടുകളില്‍ ഒരുക്കിയ 26 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ചിരട്ട, വേരുകള്‍, പുകച്ചുരുള്‍, ചായക്കപ്പ്, പ്ളാവില, മുളക്കഷണം, ആഫ്രിക്കന്‍ പായല്‍, തുടങ്ങി നമുക്കുചുറ്റും കാണുന്ന ഏറെ പരിചിതമായ വസ്തുക്കളെ ബ്ളാക് ആന്‍ഡ് വൈറ്റ് സങ്കേതത്തിലൂടെ അപരിചിതമായ ശൈലിയിലൊരുക്കുകയാണ് ബ്രിട്ടണ്‍.
ചിത്രങ്ങള്‍ക്കൊപ്പം അര്‍ഥസമ്പന്നമായ അടിക്കുറിപ്പുകളും ഒരുക്കിയിട്ടുണ്ട്.
പരസ്യരംഗത്ത് ക്രിയേറ്റിവ് റൈറ്ററായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. മുമ്പ് എറണാകുളത്തും പ്രദര്‍ശിപ്പിച്ചുണ്ട് ബ്രിട്ടനിന്‍െറ ചിത്രങ്ങള്‍. ആര്‍ട്ട്ഗാലറിയിലെ പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
