ഇ.പി. ജയരാജനെതിരെ പാര്‍ട്ടി സമിതി റിപ്പോര്‍ട്ട്; പിണറായി താക്കീത് ചെയ്തു
text_fieldsകണ്ണൂര്‍: ഇ.പി. ജയരാജന്‍െറ ഭാര്യാ സഹോദരിയായ പി.കെ. ശ്രീമതി എം.പിയുടെ മകന്‍ പി.കെ. സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ച വിവാദത്തില്‍ പാര്‍ട്ടി സമിതിയുടെ തന്നെ ആക്ഷേപം. അടുത്ത സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച വാരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ഗെസ്റ്റ് ഹൗസില്‍ ഇ.പി. ജയരാജനെ വിളിച്ചു വരുത്തി കടുത്ത ഭാഷയില്‍ താക്കീത് ചെയ്തു. പ്രതിപക്ഷത്തിന് മുന്നില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന ബുദ്ധിപരമല്ലാത്ത നടപടിയായിപ്പോയെന്നാണ് പിണറായിയുടെ വീക്ഷണം. നിയമനം റദ്ദാക്കിയപ്പോഴും ന്യായീകരിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ജയരാജന്‍ പോസ്റ്റ് ചെയ്തതാണ് പിണറായിയെ കൂടുതല്‍ ചൊടിപ്പിച്ചത്. എന്ത് വിവാദമുയര്‍ന്നാലും പാര്‍ട്ടി സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും മുമ്പ് പ്രതികരണം വേണ്ടെന്നും പിണറായി വിലക്കി. കണ്ണൂരില്‍ വെള്ളിയാഴ്ച രാവിലെ നടന്ന വിവിധ പരിപാടികളില്‍ ഒരുമിച്ച് പങ്കെടുത്തശേഷം ഉച്ചക്ക് ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പി.കെ. ശ്രീമതി എം.പി എന്നിവരോടൊപ്പം പിണറായി ഗെസ്റ്റ് ഹൗസില്‍ എത്തുകയായിരുന്നു.
പേഴ്സനല്‍ സ്റ്റാഫ് മുതലുള്ള എല്ലാ നിയമനങ്ങളിലും മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ കമ്മിറ്റി നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പേരക്കുട്ടി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ വ്യവസായ വകുപ്പിന് കൈമാറിയത്. എന്നാല്‍, ശ്രീമതിയുടെ മകന്‍െറ കാര്യത്തില്‍ നിയമപരമായ സാധ്യതപോലും നോക്കാതെയാണ് നിയമന ഉത്തരവ് നല്‍കിയതെന്നാണ് പാര്‍ട്ടി സമിതിയുടെ നിലപാട്. ഇക്കാര്യം ജില്ലാ സെക്രട്ടറി പിണറായിയെ ധരിപ്പിച്ചു. പിന്നീട് പി.കെ. ശ്രീമതിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെയാണ് ഇ.പി. ജയരാജനെ ഒറ്റക്ക് മുറിയിലിരുത്തി ശാസിച്ചത്.
ജയരാജന്‍െറ തന്നെ സുഹൃദ് വലയത്തിലുള്ള ഒരു സ്ഥാപനത്തിന്‍െറ ചീഫ് എക്സിക്യൂട്ടിവ് പദവിയാണ് നിയമനത്തിന് യോഗ്യതയായി ചൂണ്ടിക്കാട്ടിയത്. അതാവട്ടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന്‍െറ മാനദണ്ഡം നിശ്ചയിക്കുന്ന ‘റിയാബി’ന്‍െറ ഉപാധിക്ക് വിരുദ്ധമായിരുന്നു. മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിന്‍െറ പട്ടികയും മറ്റും ഉണ്ടാക്കിയപ്പോള്‍ പലയിടത്തും നേതാക്കളുടെ ബന്ധുക്കളെ പരിഗണിച്ചുവെന്ന പരാതി വ്യാപകമായി പാര്‍ട്ടി കീഴ്ഘടകങ്ങളില്‍നിന്ന് വരുകയാണ്. കാസര്‍കോട് ജില്ലയില്‍ നിയമവകുപ്പുമായി ബന്ധപ്പെട്ട് പബ്ളിക് പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചതില്‍ നാലുപേര്‍ നേതാക്കളുടെ ബന്ധുക്കളാണ്. ഇതിനെതിരെ പാര്‍ട്ടി ലോയേഴ്സ് യൂനിയന്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചിട്ടുണ്ട്. അതെല്ലാം പ്രാദേശിക വിഷയമായി ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെ, ശ്രീമതിയെയും ജയരാജനെയും ബന്ധപ്പെടുത്തിയുണ്ടായ വിവാദം പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയെന്നാണ് പിണറായി-ജയരാജന്‍ കൂടിക്കാഴ്ചയില്‍ ഉണര്‍ത്തപ്പെട്ടത്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെ ഭരണകാര്യങ്ങളില്‍ അമിതമായി ഇടപെടാറില്ല എന്ന് ചൂണ്ടിക്കാട്ടി പല ഭരണതല പരാതികളിലും പ്രത്യക്ഷത്തില്‍ ഇടപെടാതെ മാറിനില്‍ക്കുകയായിരുന്നു പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പക്ഷേ, കടുത്ത സമ്മര്‍ദത്തിന് വഴങ്ങി ഒടുവില്‍ സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചക്കെടുക്കാമെന്ന് കോടിയേരി ഉറപ്പുനല്‍കിയിരിക്കുകയാണ്.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
