വേദനിച്ച് മരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന സന്ദേശവുമായി ഇന്ന് ലോക പാലിയേറ്റിവ്കെയര്‍ ദിനം
text_fieldsതൃശൂര്‍: വേദനിച്ച് മരിക്കുന്ന സാഹചര്യം ഒഴിവാക്കുകയെന്ന സന്ദേശവുമായി ഇന്ന് ലോക പാലിയേറ്റിവ് കെയര്‍ ദിനം. രോഗങ്ങളും അപകടങ്ങളില്‍പെട്ടത് മൂലവും കഷ്ടപ്പെടുന്നവരെയും അവരുടെ കുടുംബങ്ങളെയും പിന്തുണക്കുന്നതില്‍നിന്ന് ലഭിക്കുന്ന ആഹ്ളാദം പങ്കുവെക്കുന്ന ദിനം കൂടിയാണിത്. എല്ലാ ഒക്ടോബറിലെയും രണ്ടാം ശനിയാഴ്ചയാണ് ലോക പാലിയേറ്റിവ് കെയര്‍ ദിനമായി ആചരിക്കുന്നത്. ‘ലിവിങ് ആന്‍ഡ് ഡയിങ് ഇന്‍ പെയിന്‍: ഇറ്റ് ഡസിന്‍റ് ഹാവ് ടു ഹാപ്പന്‍‘ (അനുവദിക്കരുത്, വേദനിച്ചുള്ള ജീവിതവും മരണവും) എന്ന സന്ദേശവുമായാണ് ഇത്തവണത്തെ ദിനാചരണം. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ വീട്ടില്‍ തന്നെ സാന്ത്വന പരിചരണത്തിനുള്ള സാഹചര്യമുണ്ടാകണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം രണ്ടരലക്ഷം ആളുകള്‍ കേരളത്തില്‍ ഓരോ വര്‍ഷവും മരണമടയുന്നുവെന്നാണ് കണക്കുകള്‍. അതില്‍ 46,000 പേര്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ടാണ് മരിക്കുന്നതെങ്കില്‍ 20,000 ആളുകളുടെ മരണകാരണം പലവിധ അര്‍ബുദ രോഗങ്ങളാലാണ്.
ഇവരില്‍ എത്ര പേരാണ് സ്വന്തം വീടുകളില്‍ വെച്ച് ഇഹലോകവാസം വെടിയുന്നത് എന്നതിനെക്കുറിച്ച് നിലവില്‍ കണക്കില്ല. അസുഖം മൂലമോ വാര്‍ദ്ധക്യം കൊണ്ടോ മരണം അനിവാര്യമെങ്കില്‍ അത് എവിടെവെച്ചാകാനാണ് ആഗ്രഹമെന്നുള്ള കാര്യങ്ങള്‍ മനസ്സിലാക്കിയുള്ള പഠനവും നടന്നിട്ടില്ല.
രണ്ട് ദശകത്തോളമായി കേരളത്തില്‍ പാലിയേറ്റിവ് കെയര്‍ പ്രസ്ഥാനം സജീവമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് ആരംഭിച്ച ഈ സന്നദ്ധപ്രസ്ഥാനം കേരളത്തിലെ മനഷ്യസ്നേഹികള്‍ ഏറ്റെടുത്ത് മുമ്പോട്ട് കൊണ്ടുപോയി. നൂറുകണക്കിന് രോഗികള്‍ക്ക് ഇത് ആശ്വാസം പകരുന്നു. തൃശൂര്‍ ജില്ലയില്‍ വളരെ സജീവമായ പാലിയേറ്റിവ് കെയര്‍ യൂനിറ്റുണ്ട്. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെ പ്രവര്‍ത്തിക്കുന്ന ആല്‍ഫ പാലിയേറ്റിവ് കെയറിന്‍െറ 16 സെന്‍ററുകളില്‍ ദിവസവും 6,500 പേര്‍ സാന്ത്വന പരിചരണം നേടുന്നുണ്ട്.
പകുതിയോളം അര്‍ബുദം മൂര്‍ധന്യത്തില്‍ എത്തിയവരും, നാലില്‍ ഒന്ന് ചലനശേഷി പരിമിതപ്പെട്ടവരും ബാക്കി മറ്റുരോഗങ്ങളുടെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുമാണ്. ഇവരില്‍ ഏകദേശം 220 പേര്‍ ഓരോ മാസവും മരണമടയുന്നു. എന്നാല്‍ അതില്‍ 83 ശതമാനവും സ്വന്തം വീട്ടില്‍വെച്ചാണ്് ഇഹലോകവാസം വെടിയുന്നത് എന്നത് ചാരിതാര്‍ഥ്യജനകമാണെന്ന് പാലിയേറ്റിവ് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള സാന്ത്വനചികിത്സയാണ് ലഭ്യമാക്കേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
