കുടുംബശ്രീ പുനര്‍ജനി പദ്ധതി ലക്ഷ്യം കണ്ടില്ല; കോടികള്‍ പാഴായി
text_fieldsപത്തനംതിട്ട: 5000 വനിതകള്‍ക്ക് 6000രൂപ വരുമാനത്തില്‍ ജോലി ഉറപ്പുനല്‍കിയ കുടുംബശ്രീയുടെ പുനര്‍ജനി പദ്ധതി ലക്ഷ്യം കണ്ടില്ല. 4.13 കോടി രൂപയുടെ പദ്ധതിയില്‍ ചെലവഴിച്ച കോടികള്‍ പാഴായതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിധവ, അവിവാഹിത അമ്മമാര്‍, പീഡനക്കേസുകളിലെ ഇരകള്‍, അവിവാഹിതരായ വനിതകള്‍ എന്നിങ്ങനെ 35-50 വയസ്സില്‍പെട്ട 5000 വനിതകള്‍ക്കുവേണ്ടിയാണ് പുനര്‍ജനിയെന്ന പേരില്‍ കുടുംബശ്രീ പദ്ധതി തയാറാക്കിയത്. വിവിധ മേഖലകളില്‍ മൂന്നുമാസത്തെ പരിശീലനം നല്‍കി അതത് മേഖലയില്‍ തൊഴില്‍ ഉറപ്പുവരുത്താനാണ് വിഭാവന ചെയ്തത്. പ്രതിമാസം കുറഞ്ഞത് 6000 രൂപ പ്രതിഫലം ഉറപ്പുവരുത്തുമെന്ന് പദ്ധതി നടത്തിപ്പിന് കരാര്‍ ഒപ്പിട്ട ഏജന്‍സികള്‍ പറഞ്ഞിരുന്നു. 3.68 കോടി രൂപ ചെലവില്‍ 3400 പേരെ പരിശീലനത്തിന് തെരഞ്ഞെടുത്തെങ്കിലും 777 പേര്‍ക്ക് മാത്രമാണ് പൂര്‍ണപരിശീലനം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 സെപ്റ്റംബര്‍ 30നാണ് മൂന്ന് ഏജന്‍സികള്‍ കരാര്‍ ഒപ്പിട്ടത്.
പ്ളംമ്പിങ്, പെയ്ന്‍റിങ്, നഴ്സിങ് അസിസ്റ്റന്‍റ്, തയ്യല്‍ മേഖലകളിലായിരുന്നു പരിശീലനം. കരാര്‍ പ്രകാരം മൂന്നുമാസത്തിനകം പരിശീലനം നല്‍കണമായിരുന്നെങ്കിലും അതുണ്ടായില്ല. 777 പേര്‍ക്ക് പൂര്‍ണതോതില്‍ പരിശീലനം നല്‍കിയതില്‍ 156 പേര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിച്ചത്. ഇതിന് 3.68 കോടി രൂപ ചെലവഴിച്ചു. നിശ്ചിത സമയത്തിനകം പരിശീലനം നല്‍കിയില്ളെങ്കില്‍ പിഴ ഈടാക്കാമെന്ന വ്യവസ്ഥ കരാറില്‍ ഇല്ലാതിരുന്നത് ഏജന്‍സികള്‍ക്ക് സഹായകരമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
