അപ്പീല്‍ അമിത ഫീസ് ഈടാക്കിയത് തിരുത്താന്‍ –മുഖ്യമന്ത്രി
text_fieldsകണ്ണൂര്‍: സര്‍ക്കാറുമായി കരാര്‍ ഒപ്പിടാതെ സ്വന്തംനിലയില്‍ മെഡിക്കല്‍ സീറ്റ് കച്ചവടംചെയ്ത കോളജുകളെ നിയമപരമായി തിരുത്താനാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത ഫീസ് ഈടാക്കാന്‍ ഹൈകോടതി നല്‍കിയ നിര്‍ഭാഗ്യകരമായ അനുവാദത്തിനെതിരെയാണ് അപ്പീല്‍ നല്‍കിയതെന്നും സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷം ഇത്തരം അധാര്‍മികമായ പ്രവേശരീതിക്കെതിരെ മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാവിലായിയില്‍ എ.കെ.ജി സ്മാരക സഹകരണ നഴ്സിങ് കോളജിന്‍െറ ലേഡീസ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാമൂഹികാന്തരീക്ഷവും തലമുറയുടെ ഭാവിയും പരിഗണിക്കാതെ സ്വന്തം കീശയുടെ വലുപ്പംമാത്രം പരിഗണിച്ച് വിദ്യാഭ്യാസസ്ഥാപനം തുടങ്ങുന്നവരെ പിന്തുണക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് പിണറായി പറഞ്ഞു. അധാര്‍മികമായനിലയില്‍ സ്ഥാപനം നടത്തുന്നവര്‍ക്ക് അവിടെനിന്ന് പഠിച്ചിറങ്ങുന്ന തലമുറയുടെ ഭാവി പ്രശ്നമല്ല. ഇത് പ്രോത്സാഹിപ്പിച്ചുകൂടായെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട കോളജുകളില്‍ 20 ശതമാനം സീറ്റില്‍ 25,000 രൂപയും 30 ശതമാനം സീറ്റില്‍ 2.5 ലക്ഷം രൂപയുമാണ് ഫീസ്. ഈ സ്ഥാനത്താണ് സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ മൂന്നു കോളജുകള്‍ക്ക് 10 ലക്ഷം ഫീസ് വാങ്ങാന്‍ ഹൈകോടതി അനുമതിനല്‍കിയത്. സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട കോളജുകളില്‍ ഫീസ് വര്‍ധനവെന്ന് പറഞ്ഞ് സമരം നടത്തുന്നവര്‍ തോന്നിയപോലെ ഫീസ് വാങ്ങുന്ന ഈ കോളജുകളുടെ അധാര്‍മികതക്കെതിരെ പ്രതികരിക്കാനോ സമരം നടത്താനോ തയാറായിട്ടില്ല. ഇത് ഇരട്ടത്താപ്പാണ്.
ആതുരശുശ്രൂഷരംഗവും കച്ചവടകേന്ദ്രമായി മാറുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചികിത്സക്കത്തെുന്നവരില്‍നിന്ന് എങ്ങനെ ഭീമമായ തുക ഈടാക്കാമെന്നതില്‍ ഗവേഷണം നടത്തിയവരാണ് ചില മാനേജ്മെന്‍റുകളെന്ന് സംശയിക്കേണ്ട സ്ഥിതിയാണ്. പണം പിടുങ്ങുന്ന സ്ഥാപനമായി പല ആശുപത്രികളും മാറി. ഇതിന് തടസ്സമാകുന്ന എന്തെങ്കിലും നീക്കമുണ്ടായാല്‍ കടുത്ത പ്രതിഷേധം ഉയര്‍ത്താനും ഇവര്‍ സംഘടിതശ്രമം നടത്തും. ഇവര്‍ക്ക് വലിയതോതില്‍ സ്വാതന്ത്ര്യം കഴിഞ്ഞകാലങ്ങളില്‍ കിട്ടിയിരുന്നു.
ചില സ്ഥാപനങ്ങള്‍ കോടികള്‍ തലവരിപ്പണം വാങ്ങുന്നവയായിരുന്നു. ആരും ചോദിക്കാനില്ലാത്ത സ്ഥിതിയായിരുന്നു അന്ന്. ഇപ്പോള്‍ അതല്ല അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_7_12.jpg)