സൂപ്പര്‍ക്ലാസ് ദേശസാത്കരണം അട്ടിമറിച്ചു; കെ.എസ്.ആര്‍.ടി.സിക്ക് കോടികള്‍ നഷ്ടം
text_fieldsകോട്ടയം: മൂന്നുപതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നേടിയെടുത്ത സൂപ്പര്‍ക്ളാസ് ദേശസാത്കരണം കെ.എസ്.ആര്‍.ടി.സി അട്ടിമറിച്ചു. രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ സൂപ്പര്‍ക്ളാസ് പെര്‍മിറ്റുകള്‍ കോടതിവഴി തിരിച്ചുപിടിക്കാനാണ് സ്വകാര്യ ബസുടമകളുടെ ശ്രമം. 241 സ്വകാര്യ സൂപ്പര്‍ക്ളാസ് സര്‍വിസ് ഏറ്റെടുക്കാന്‍ 2013ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം 2016ല്‍ സൂപ്രീംകോടതി ശരിവെച്ചിരുന്നു. എന്നാല്‍, 185 സര്‍വിസ് ഏറ്റെടുക്കാന്‍ മാത്രമാണ് കോര്‍പറേഷന്‍ തയാറായത്.
സംസ്ഥാന നിയമസഭയിലെ രണ്ടംഗങ്ങളുമായി ബന്ധമുള്ള കൊല്ലത്തെയും കോട്ടയത്തെയും വന്‍കിട ഓപറേറ്റര്‍മാരുടെ സര്‍വിസുള്‍ ഇനിയും ഏറ്റെടുത്തിട്ടില്ല. സര്‍വിസുകളുടെ ചുമതലയുള്ള ഉന്നതന്‍െറ നിര്‍ദേശപ്രകാരമാണ് ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചത്. കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, ഇടുക്കി ആര്‍.ടി.എകളുടെ കീഴില്‍വരുന്ന ഏഴു സൂപ്പര്‍ എക്സ്പ്രസ് ബസുകളും ഏറ്റെടുക്കാത്തവയില്‍ ഉള്‍പ്പെടുന്നു. പ്രതിദിനം 30,000 മുതല്‍ 40,000 വരെ വരുമാനമുള്ള സര്‍വിസുകളാണിത്. മാസം ഒരു കോടിയുടെ നഷ്ടമാണ് ഈയിനത്തിലുണ്ടാവുന്നത്. ഇടുക്കി, കോട്ടയം, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലായി ഒമ്പത് സൂപ്പര്‍ഫാസ്റ്റ് സര്‍വിസും 36 ഫാസ്റ്റുകളും ഏറ്റെടുക്കാനുണ്ട്. ദശകോടികളാണ് ഈയിനത്തില്‍ നഷ്ടം.
സ്വകാര്യ ബസുടമകളുടെ ഹരജിയില്‍ ഫെബ്രുവരി അഞ്ചിന് ഹൈകോടതി നല്‍കിയ വിധിയില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഹാനികരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും അപ്പീല്‍ നല്‍കാന്‍പോലും ഉന്നതന്‍ സമ്മതിച്ചില്ല. ദേശസാത്കൃത റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓട്ടം നിര്‍ത്തിയാല്‍ പകരം സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ് നല്‍കാം എന്നായിരുന്നു ഹൈകോടതി ഉത്തരവ്. ഇതിന്‍െറ ചുവടുപിടിച്ചാണ് പെര്‍മിറ്റ് സ്വന്തമാക്കാന്‍ സ്വകാര്യ ബസുടമകള്‍ നിയമനടപടി തുടങ്ങിയത്. ഇതില്‍ ഒരു ബസുടമക്ക് സൂപ്പര്‍ക്ളാസ് പെര്‍മിറ്റ് തിരിച്ചുനല്‍കാനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്.
കോട്ടയം-കുമളി റൂട്ടില്‍ ഒരാഴ്ചയിലേറെയായി ബസ് ഓടിക്കാതെ കെ.എസ്.ആര്‍.ടി.സി ഈ ബസുടമയെ സഹായിക്കുന്നുമുണ്ട്. സംസ്ഥാനത്തെ പല ഡിപ്പോകളിലും പത്തിലേറെ പുതിയ ബസുകള്‍ ഓടാതെ കിടക്കുന്നുണ്ട്. പുനലൂര്‍-കോട്ടയം-എറണാകുളം റൂട്ടില്‍ ആഗസ്റ്റ് 12ന് ആരംഭിച്ച സര്‍വിസ് അതേ റൂട്ടിലെ സ്വകാര്യ ബസിന് പിന്നില്‍ ഓടിച്ചാല്‍ മതിയെന്ന ഉന്നതന്‍െറ നിര്‍ദേശം ബന്ധപ്പെട്ട ഡിപ്പോയിലെ ‘ഒക്കറന്‍സ് ബുക്കില്‍’ രേഖപ്പെടുത്തിയത് വിവാദമായിരുന്നു.
ഗതാഗത മന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് ഈ നിര്‍ദേശം തിരുത്തിയത്. സ്വകാര്യ ബസുടമകളുടെ കേസ് ഹൈകോടതിയില്‍ എത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി അഭിഭാഷകന്‍ സൂപ്പര്‍ക്ളാസ് ദേശസാത്കരണം സുപ്രീംകോടതി വരെ ശരിവെച്ചുവെന്ന വിവരം മറച്ചുവെച്ച് 31 ദേശസാത്കൃത റൂട്ടുകളില്‍ നിലനില്‍ക്കുന്ന തര്‍ക്കം മുന്‍നിര്‍ത്തിയാണ് വാദിച്ചത്. ദേശസാത്കരണം അട്ടിമറിക്കുന്നതിനെതിരെ സമരം നടത്തിയ ഭരണാനുകൂല സംഘടനയുടെ ഒത്താശയും ഈ അഴിമതികള്‍ക്ക് പിന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
