വിദ്യാര്‍ഥി ബസിടിച്ച് മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsതിരുവനന്തപുരം: മലപ്പുറം കോട്ടപ്പടി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പില്‍ നിയന്ത്രണംവിട്ട ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒക്ടോബര്‍ 31ന് മുമ്പായി എല്ലാ സ്കൂള്‍ ബസുകളുടെയും വിദ്യാര്‍ഥികളെ കൊണ്ടുവരുന്ന മറ്റു പൊതുവാഹനങ്ങളുടെയും ഫിറ്റ്നസ് ഉറപ്പുവരുത്തണം.
ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്താന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം ഇത്തിള്‍പ്പറമ്പ് നായംവീട്ടില്‍ അമീര്‍-ഷാനിബ ദമ്പതികളുടെ മകള്‍ സിത്താര പര്‍വീനാണ് (14) കോട്ടപ്പടി സ്കൂള്‍ വളപ്പില്‍ ബസിടിച്ച് ദാരുണമായി മരിച്ചത്. സ്കൂള്‍ ബസ് നിയന്ത്രണംവിട്ട് വിദ്യാര്‍ഥികളുടെ ഇടയിലേക്ക് പാഞ്ഞുകയറിയായിരുന്നു അപകടം.
സ്കൂള്‍ ബസുകളുടെ കാര്യക്ഷമത പരിശോധിക്കും –മന്ത്രി
മലപ്പുറം: സംസ്ഥാനത്ത് സ്കൂള്‍ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. മലപ്പുറത്ത് സ്കൂള്‍ വളപ്പില്‍ നിയന്ത്രണം വിട്ട ബസിടിച്ച് വിദ്യാര്‍ഥിനി മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്‍െറ പശ്ചാത്തലത്തിലാണിത്. അപകടമുണ്ടായ മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടത്തില്‍പെട്ട ബസ് കാലപ്പഴക്കമുള്ളതാണോയെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കും. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. പെര്‍മിറ്റ് നല്‍കുന്നതിലും ഡ്രൈവര്‍മാരെ നിയമിക്കുന്നതിലും ചട്ടം ലംഘിക്കുന്നുണ്ടോ എന്നും പരിശോധിക്കും.
മരിച്ച വിദ്യാര്‍ഥിനിയുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ മന്ത്രി സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
