അതിരപ്പിള്ളിയില്‍ ഡാം അത്യാവശ്യമെന്ന് കടകംപള്ളി
text_fieldsതിരുവനന്തപുരം/ന്യൂഡല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച് ഭരണമുന്നണിയിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തേക്ക്. സംസ്ഥാനത്തിന്‍െറ പൊതുവികസനത്തിന് അതിരപ്പിള്ളിയും ചീമേനി പദ്ധതിയും അത്യാവശ്യമാണെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍, പദ്ധതിക്കെതിരായ തങ്ങളുടെ നിലപാടില്‍ മാറ്റമില്ളെന്ന് സി.പി.ഐയുടെ മന്ത്രി വി.എസ്. സുനില്‍കുമാറും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രിയെ അനുകൂലിച്ചു. കടുത്ത പ്രതിഷേധവുമായി ചാലക്കുടി പുഴ സംരക്ഷണ സമിതിയും രംഗത്തുവന്നിട്ടുണ്ട്.
അതിരപ്പിള്ളിയും ചീമേനി താപവൈദ്യുതി പദ്ധതിയും ആവശ്യമാണെന്ന് പറഞ്ഞ വൈദ്യുതി മന്ത്രി, പദ്ധതിയെ എതിര്‍ക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കി. വലിയ വൈദ്യുതി പദ്ധതികള്‍ പൊതുവികസനത്തിന് ആവശ്യമാണ്. പരിസ്ഥിതിക്ക് ദോഷകരമല്ലാതെ എങ്ങനെ ചെയ്യാമെന്ന് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, അതിരപ്പിള്ളിയുടെ കാര്യത്തില്‍ നിലപാട് മാറ്റമില്ളെന്ന സൂചനയാണ് സി.പി.ഐ നല്‍കിയിരിക്കുന്നത്. മന്ത്രി സുനില്‍കുമാര്‍ ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. വിശദമായ ചര്‍ച്ചകളില്ലാതെ വിവാദ പദ്ധതികളില്‍ നയപരമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കരുതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സൂചിപ്പിച്ചു.
പ്രകടനപത്രികയില്‍ പറയാത്ത കാര്യമാണ് അതിരപ്പിള്ളി പദ്ധതിയെന്നും എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ ഇത്തരം വിഷയങ്ങളില്‍ മന്ത്രിമാര്‍ അഭിപ്രായം പറയരുതെന്നും പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനത്തെിയ കാനം ഡല്‍ഹിയില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, എല്‍.ഡി.എഫ് നേരത്തേതന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും താന്‍ വൈദ്യുതിമന്ത്രിയായിരിക്കെതന്നെ പാരിസ്ഥിതിക അനുമതിക്ക് ശ്രമം ആരംഭിച്ചിരുന്നതായും അറിയിച്ച മുഖ്യമന്ത്രി സര്‍ക്കാറിന്‍െറ നിലപാടെന്തെന്ന് സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കി. മന്ത്രിമാര്‍ക്ക് അവരുടെ വകുപ്പുകളെക്കുറിച്ച് അഭിപ്രായം പറയുന്നതിന് ചര്‍ച്ച ചെയ്തിട്ടുവേണ്ടെന്നും മന്ത്രിസഭയില്‍ പറയേണ്ടത് അവിടെയും എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യേണ്ടത് എല്‍.ഡി.എഫിലും ചര്‍ച്ച ചെയ്യുമെന്ന് കാനത്തിനു മറുപടിയായി പിണറായി പറഞ്ഞു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍െറ ഒഴുക്ക് തടസ്സപ്പെടുത്താത്ത രീതിയിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. ഇക്കാര്യം പരിസ്ഥിതി പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് ആശങ്കകള്‍ ദൂരീകരിക്കും.
അതേസമയം, താന്‍പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് രാത്രി വൈകി മന്ത്രി കടകംപള്ളി തന്‍െറ ഫേസ്ബുക് കുറിപ്പില്‍ വിശദീകരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരുടെയും പൊതുജനത്തിന്‍െറയും അഭിപ്രായം കണക്കിലെടുത്തേ പദ്ധതി നടപ്പാക്കൂ എന്നും മന്ത്രി കുറിച്ചു.