Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്വാസംമുട്ടിക്കരുത്...

ശ്വാസംമുട്ടിക്കരുത് മംഗളവനത്തെ

text_fields
bookmark_border
ശ്വാസംമുട്ടിക്കരുത് മംഗളവനത്തെ
cancel

കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളില്‍ ശ്വാസംമുട്ടുന്ന ആധുനിക നഗരങ്ങള്‍ കൃത്രിമ വനങ്ങള്‍ സൃഷ്ടിച്ച് അതിജീവനത്തിനായി ശ്രമിക്കുമ്പോള്‍ മെട്രോ നഗരമായ കൊച്ചിയില്‍ ഒരു സ്വാഭാവിക ആവാസ വ്യവസ്ഥ സംരക്ഷണ പദ്ധതികളേതുമില്ലാതെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. കൊച്ചിയുടെ 'ഹരിത ശ്വാസകോശം' (The Green Lung of Kochi) എന്നറിയപ്പെടുന്ന മംഗളവനം പക്ഷി സങ്കേതമാണ് നഗര വികസനത്തിനിടെ യാതൊരു പരിഗണനയും ലഭിക്കാതെ പ്രതിസന്ധി നേരിടുന്നത്.

കേരളത്തില്‍ നഗരത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഒരേയൊരു സംരക്ഷിത വനപ്രദേശവും ഏറ്റവും ചെറിയ പക്ഷി സങ്കേതവുമാണ് മംഗളവനം. ഹൈകോടതിക്ക് പിറകിലായി 2.47 ഹെക്ടര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന മംഗളവനത്തില്‍ പാരിസ്ഥിതിക പ്രാധാന്യമേറെയുള്ള കണ്ടല്‍ക്കാടുകളാണ് തഴച്ചു വളരുന്നത്. പോര്‍ചുഗീസ് ഭാഷയില്‍ 'മംഗള്‍' എന്ന വാക്കിന് അര്‍ഥം കണ്ടല്‍ എന്നാണ്. അതുകൊണ്ടാണ് ഇതിന് മംഗളവനം എന്ന പേര് വന്നത്. സംരക്ഷിത വനമായ മംഗളവനം 2004ലാണ് പക്ഷി സങ്കേതമാകുന്നത്. 98 സ്പീഷിസുകളില്‍പെട്ട പക്ഷികള്‍ മംഗളവനത്തില്‍ കാണപ്പെടുന്നുണ്ട്. 25 സ്പീഷിസ് സസ്യങ്ങളും, 51 തരം ചിലന്തികളും 17 തരം ചിത്രശലഭങ്ങളും 7 തരം മത്സ്യങ്ങളും 9 തരം ഉരഗങ്ങളും 2 സ്പീഷിസ് ഉഭയ ജീവികളെയും ഇവിടെ കണ്ടെത്തി. അഞ്ചു തരം കണ്ടലുകളാണ് ഇവിടെ വളരുന്നത്.

മംഗളവനത്തിന്‍റെ വെല്ലുവിളികള്‍

ചുറ്റുമുയരുന്ന കൂറ്റന്‍ കെട്ടിടങ്ങളും മലിനീകരണവുമാണ് മംഗളവനം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. മംഗളവനത്തിന് തെക്ക് ഭാഗത്തായി ഹൈക്കോടതി കെട്ടിടം. പടിഞ്ഞാറ് ഭാഗത്തായി സി.എം.എഫ്.ആര്‍.ഐയുടെ ഏഴുനില കെട്ടിടം. വടക്കുഭാഗത്തായി നിര്‍മാണത്തിലിരിക്കുന്ന ബി.പി.സി.എല്ലിന്‍റെ 16 നില കെട്ടിടം. അംബരചുംബികളായ ഈ കെട്ടിടങ്ങള്‍ തടസപ്പെടുത്തുന്നത് പറവകളുടെ ആകാശപാതയാണ്.

മംഗളവനത്തോട് ചേര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയ കൊച്ചി ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍. ഇത് സബ്-അര്‍ബന്‍ റെയില്‍വേ ഹബ് ആക്കി മാറ്റാനുള്ള പദ്ധതികളുമായി കോര്‍പറേഷന്‍ മുന്നോട്ടു പോകുകയാണ്. എന്നാല്‍, ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ പുനരുദ്ധാരണം സംരക്ഷിത പ്രദേശമായ മംഗളവനത്തെ എത്രത്തോളം ബാധിക്കുമെന്നതിനെ കുറിച്ചുള്ള ഒരു പഠനവും നടത്തിയിട്ടില്ല. ഇവിടെനിന്നുള്ള ശബ്ദവും മലിനീകരണവും കൂടിയാകുന്നതോടെ മംഗളവനത്തെ പക്ഷികള്‍ ഉപേക്ഷിക്കുമോ എന്ന ആശങ്കയാണ് പ്രകൃതി സ്നേഹികള്‍ ഉയര്‍ത്തുന്നത്.

മലിനീകരണമാണ് മംഗളവനം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. നഗരത്തിലെ അഴുക്കു ചാലുകളില്‍നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നത് മംഗളവനത്തിലെ ചതുപ്പുനിലത്തേക്കാണ്. കണ്ടലിെന്‍റയും മത്സ്യങ്ങളുടെയും നിലനില്‍പ്പിനെ ഇത് ബാധിക്കും. വേലിയേറ്റ സമയത്ത് ഉപ്പുവെള്ളവും കയറും. ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്കും മറ്റ് മാലിന്യവും ഭീഷണിയാണ്. വേലിയേറ്റം അവസാനിക്കുമ്പോള്‍ കണ്ടല്‍ ശിഖരങ്ങളില്‍ പ്ലാസ്റ്റിക് അവശേഷിക്കുന്ന കാഴ്ച ഇവിടെ കാണാം.

കണ്ടല്‍ വനത്തിന്‍റെ പ്രാധാന്യം

നഗരവായുവിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് പരമാവധി ഓക്സിജന്‍ അന്തരീക്ഷത്തില്‍ ലഭ്യമാക്കുന്നത് കണ്ടല്‍ വനങ്ങളാണ്. എന്നാല്‍, നഗരവത്കരണത്തിന്‍റെ പേരില്‍ അനുദിനം നശിപ്പിക്കപ്പെടുകയാണ് ഇവ. കണ്ടലിന്‍റെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് ശരിയായ ധാരണയില്ലാത്തതാണ് നശീകരണത്തിന്‍റെ പ്രധാന കാരണം. തീരദേശ സംരക്ഷണം, മലിനീകരണം തടയല്‍, കായലില്‍ നിന്നും കടലില്‍ നിന്നും ഉപ്പുവെള്ളം കരയിലെ ശുദ്ധജല സ്രോതസുകളിേലക്ക് കലരുന്നത് തടയല്‍, നിരവധി ജീവജാലങ്ങള്‍ക്ക് ആവാസ വ്യവസ്ഥ ഒരുക്കല്‍, ഖരമാലിന്യം കടലിലെത്തുന്നത് തടയല്‍, സുനാമി, കടലാക്രമണം തുടങ്ങിയവയില്‍ നിന്നുള്ള സംരക്ഷണം തുടങ്ങി ഒട്ടനവധി പ്രയോജനങ്ങളാണ് കണ്ടലിനെക്കൊണ്ടുള്ളത്. മംഗളവനം ഉള്‍പ്പെടുന്ന ഭാഗം ഹൈകോടതിയുടെ വാഹന പാര്‍ക്കിങ് ഏരിയ ആക്കാനുള്ള ശ്രമം 2005ല്‍ നടന്നിരുന്നു. പിന്നീട് ഇവിടെ ടൗണ്‍ഷിപ്പ് പദ്ധതിയും വിഭാവനം ചെയ്തിരുന്നു. പരിസ്ഥിതി സ്നേഹികളും വിദ്യാര്‍ഥികളും നഗരവാസികളും ചേര്‍ന്ന് ഒറ്റക്കെട്ടായി ചെറുത്തതോടെയാണ് ഈ പദ്ധതികള്‍ ഉപേക്ഷിക്കേണ്ടിവന്നത്.

കൊച്ചി നഗരം മരങ്ങളില്ലാത്ത നഗരമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. മെട്രോ റെയില്‍ നിര്‍മാണത്തിന്‍റെ ഭാഗമായി മാത്രം നഗരത്തിന് തണലേകി നിന്ന 1300 ഓളം മരങ്ങളാണ് മുറിച്ചുമാറ്റിയത്. ഒന്നിന് പകരം പത്ത് മരത്തൈകള്‍ നട്ടെങ്കിലും ഇവ പരിചരണമില്ലാതെ നശിക്കുകയാണ്. ഇതിന്‍െറ പേരില്‍ വനം വകുപ്പ് ഡി.എം.ആര്‍.സിക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. ലോകമാകെ അന്തരീക്ഷ താപനില വര്‍ധിക്കുമ്പോഴും മഴ കുറയുമ്പോഴും കാലാവസ്ഥയെ പഴിപറയുകയല്ലാതെ വനമാണ് പരിഹാരം എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mangalavanam kochi
Next Story