ഹരിപ്പാട് മെഡിക്കല്‍ കോളജ്: ഏറ്റെടുക്കുന്നത് 879 ഏക്കര്‍ നെല്‍വയല്‍
text_fieldsതിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് സര്‍ക്കാര്‍ കരുവാറ്റയില്‍ ഏറ്റെടുക്കുന്നത് 879 ഏക്കര്‍ നെല്‍വയല്‍. നിലം ഏറ്റെടുക്കല്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിയിരിക്കുകയായിരുന്നു. കരുവാറ്റ വഴിയമ്പലം പവര്‍ഹൗസിന് സമീപം 99 ഉടമകളില്‍നിന്നാണ് ഭൂമി ഏറ്റെടുക്കുക. ഫെബ്രുവരി 18നാണ് സര്‍ക്കാര്‍ ഇതിന് ഉത്തരവ് (നമ്പര്‍-1253/16/ആര്‍.ഡി) ഇറക്കിയത്. റവന്യൂ ജോയന്‍റ് സെക്രട്ടറി എ.ദിലീപ്ഖാനാണ് നിലം വാങ്ങലിന് ഉത്തരവ് നല്‍കിയത്. ആലപ്പുഴ കലക്ടര്‍ക്ക് ഇതിനുള്ള നടപടി സ്വീകരിക്കാന്‍ അനുമതിയും നല്‍കി. കലക്ടര്‍ ഭൂമി വിലയ്ക്ക് വാങ്ങുന്നത് സംബന്ധിച്ച് 2015 ഡിസംബര്‍ 30നും 2016 ജനുവരി 28നും രണ്ട് കത്ത് സര്‍ക്കാറിന് നല്‍കിയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി നാലിന് കൂടിയ സംസ്ഥാനതല ഉന്നതാധികാര സമിതിയോഗത്തിലാണ് ഇക്കാര്യം അംഗീകരിച്ചത്.
എന്നാല്‍, ഫെബ്രുവരി 18ന് തയാറാക്കിയ ഉത്തരവ് വിവാദമാകുമെന്ന ഭയത്തില്‍ ഈമാസം 25നാണ് പുറത്തുവിട്ടത്. ടാര്‍ റോഡിന് സമീപത്തെ നിലം 105.65 ഏക്കര്‍ ഭൂമി അഞ്ചുപേരില്‍നിന്നാണ് ഏറ്റെടുക്കുന്നത്. ഇതിന് ഏക്കറിന് 1.42 ലക്ഷമാണ് നല്‍കുന്നത്. മണ്ണുറോഡിന് സമീപത്തെ നിലത്തിന് ഏക്കറിന് 1.34 ലക്ഷം നല്‍കും. ഇങ്ങനെ 24 ഉടമകളില്‍നിന്ന് ഏറ്റെടുക്കുന്ന 85.81 ഏക്കറിന് 1.15 കോടി നല്‍കും. മൂന്നാമത്തെ വിഭാഗം വിരിപ്പുനിലമാണ്. ഇതിന് ഏക്കറിന് 1.19 ലക്ഷമാണ് വില. 35 ഉടമകളില്‍നിന്നാണ് 479 ഏക്കര്‍ വിരിപ്പുനിലം ഏറ്റെടുക്കുന്നത്. ഇതിനുപുറമെ, നികത്തിയ നിലം 208.31 ഏക്കറും ഏറ്റെടുക്കും.
ഡാറ്റാ ബാങ്കില്‍ ഇത് നിലമാണോ കരഭൂമിയാണോയെന്ന് വ്യക്തമല്ല. പൊതു ആവശ്യത്തിന് നിലം നികത്താമെന്ന നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണനിയമത്തിലെ വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് നിലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, നെല്‍വയല്‍ നികത്തലിന് അനുമതി നല്‍കുന്ന സംസ്ഥാനതല സമിതിയുടെ അനുമതി ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ടോയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. 12 കോടിയലധികം മുടക്കിയാണ് നെല്‍വയല്‍ ഏറ്റെടുക്കുന്നത്. ഇതില്‍ തണ്ണീര്‍ത്തടമുണ്ടോയെന്നും വ്യക്തമാക്കിയിട്ടില്ല. തണ്ണീര്‍ത്തടമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് അതില്‍ തീരുമാനമെടുക്കാനുള്ള അധികാരവുമില്ല.