കർണാടകയിൽ വാഹനാപകടം: മൂന്ന് മലയാളി വിദ്യാർഥികൾ മരിച്ചു
text_fieldsവിരാജ്പേട്ട: കർണാടകയിലെ വിരാജ്പേട്ടിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളി വിദ്യാർഥികൾ മരിച്ചു. വടകരയില്‍ നിന്ന് വിനോദയാത്ര പോയ എം.എച്ച്.ഇ.എസ്. കോളജ് വിദ്യാര്‍ഥികളായ ആശിഖ് (19), മിനാസ് (19), യാസിന്‍ (18) എന്നിവരാണ് മരണപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ വിരാജ്പേട്ട റൂട്ടില്‍ പെരിമ്പാടി ചെക്പോസ്റ്റിന് സമീപമാണ് ദുരന്തം. വിനോദ യാത്രാസംഘം സഞ്ചരിച്ച വാനിന് നേരെ നിയന്ത്രണംവിട്ട ലോറി ഇടിച്ചു കയറുകയായിരുന്നു.
ബംഗളൂരുവിലേക്ക് ഇഞ്ചി കയറ്റി പോവുകയായിരുന്ന ലോറി ചെക്പോസ്റ്റിന് സമീപം നിയന്ത്രണംവിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വിദ്യാര്‍ഥികളുടെ ടവേര വാനിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. മൂന്നു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ഗുരതരമായ പരിക്കുകളോടെ സുബൈര്‍, സഫീര്‍ എന്നിവരെ മൈസൂരിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ വിരാജ് പേട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും ഇതേ ആശുപത്രിയിലാണുള്ളത്.
