മിടുക്കനായ ടോമിച്ചന്‍
text_fieldsആലപ്പുഴ: ടോമിച്ചന്‍ മിടുക്കനാണ്. കഴിവുള്ളവനാണ്. ഏത് ഉത്തരവാദിത്തവും ആത്മാര്‍ഥമായി നിര്‍വഹിക്കും. അതിനുള്ള തെളിവാണ് മന്ത്രിസ്ഥാനം. അതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷവും അഭിമാനവുമുണ്ട്. ഇളയ മകന്‍ ടി.എം. ആന്‍റണിയെ ചേര്‍ത്തുനിറുത്തി ഡോ. ടി.എം. തോമസ് ഐസക്കിന്‍െറ മാതാവ് സാറാമ്മ പറയുന്നു.
എത്ര തിരക്കാണെങ്കിലും അമ്പലപ്പുഴ ചെറുകോട് തുണ്ടുപറമ്പില്‍ കോരിക്കാപ്പള്ളില്‍ കുടുംബവീട്ടില്‍ തോമസ് ഐസക് എത്തും. ചൊവ്വാഴ്ച രാവിലെയും മകന്‍ അമ്മയെ കാണാനത്തെിയിരുന്നു. രാത്രിയും വന്നുപോയി. ഇത്തവണ സത്യപ്രതിജ്ഞ ചടങ്ങിന് പോകാന്‍ ആരോഗ്യം അനുവദിക്കുന്നില്ല. കഴിഞ്ഞതവണ മന്ത്രിയായപ്പോള്‍ പോയിരുന്നു. അമ്മയെ ഇത്തവണ തിരുവനന്തപുരത്ത് താമസിപ്പിക്കാന്‍ കൊണ്ടുപോകുമെന്നാണ് ഐസക് പറഞ്ഞിരിക്കുന്നത്. അതില്‍ അവര്‍ക്ക് സന്തോഷം.
തോമസ് ഐസക്കിന് ചെറുപ്പം മുതല്‍ രാഷ്ട്രീയം ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. മനുഷ്യവരുടെ പ്രയാസങ്ങളും വേദനകളും മനസ്സിലാക്കി അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന മനസ്സാണ്. പിതാവ് ടി.പി. മാത്യുവിന് ബിസിനസായിരുന്നു. മകന്‍ നിയമസഭയിലത്തെുന്നത് കാണാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. മാത്യു-സാറാമ്മ ദമ്പതികളുടെ പത്ത് മക്കളില്‍ രണ്ടാമനാണ് തോമസ് ഐസക്. വീട്ടില്‍ ചേട്ടനെ ടോമിയെന്നാണ് വിളിക്കുന്നത്. ഇളയ സഹോദരന്‍ ടി.എം. ആന്‍റണി പറഞ്ഞു. ആന്‍റണിയും നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ കുടുംബസമേതം ഷാര്‍ജയിലാണ്. അവിടെ ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്തിന്‍െറ നേതൃസ്ഥാനത്തുണ്ട്. പരിഷത്തിന്‍െറ പഴയ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണത്. തോമസ് ഐസക്കിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് ആന്‍റണി നാട്ടിലത്തെിയത്.
ഞങ്ങള്‍ സഹോദരങ്ങളെല്ലാം ഇവിടെ വന്നും പോയുമിരിക്കും. ചേട്ടന്‍െറ തെരഞ്ഞെടുപ്പ് കാലത്തും എല്ലാവരും വന്നിരുന്നു. എല്ലാ കാര്യങ്ങളിലും കൃത്യനിഷ്ഠയും ആത്മാര്‍ഥതയും പുലര്‍ത്തുന്നയാളാണ് ചേട്ടന്‍. അനാവശ്യ ആര്‍ഭാടങ്ങളൊന്നുമില്ല. ആഹാരത്തിലും പ്രത്യേക ശാഠ്യമൊന്നുമില്ല. ഇഷ്ടവിഭവം മീന്‍കറി മാത്രം.
അമ്മയുടെ അടുക്കല്‍ വന്ന് മീന്‍കറി കൂട്ടി ആഹാരം കഴിച്ചുപോകുന്നത് ചേട്ടന് വലിയ സന്തോഷമാണ്. മറ്റ് സഹോദരങ്ങളെല്ലാം നാട്ടിലും വിദേശത്തുമായി കഴിയുകയാണ്. വായനയും എഴുത്തുമാണ് ചേട്ടന്‍െറ വിനോദമെന്നും ആന്‍റണി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.