ഹരിത ട്രൈബ്യൂണല്‍ വിധി: നിരത്തില്‍ നിന്ന് പുറത്താകുന്നത് 1.84 ലക്ഷം വാഹനങ്ങള്‍
text_fieldsതിരുവനന്തപുരം: 10 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള 2000 സി.സി ഡീസല്‍ വാഹനങ്ങള്‍ക്ക് ആറ് കോപറേഷന്‍ മേഖലകളില്‍ നിരോധമേര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്തെ നിരത്തുകളില്‍നിന്ന് പുറത്താകുന്നത് 184658 വാഹനങ്ങള്‍. പൊതുഗതാഗതസംവിധാനമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകള്‍ക്ക് വിധി ബാധകമല്ളെങ്കിലും 5959 വാഹനങ്ങള്‍ ഈ ഇനത്തിലുമുണ്ട്.
ഒരുമാസത്തിനുള്ളില്‍ വിധി പ്രാബല്യത്തില്‍ വരുന്നതോടെ വാഹനവിപണിയിലടക്കം ഗുരുതരപ്രതിസന്ധിയാണ് സംജാതമാവുക. വാഹനങ്ങള്‍ വാങ്ങി ദീര്‍ഘകാലമുപയോഗിക്കുന്ന ഇടത്തരക്കാര്‍ക്കാണ് വിധി ഇരുട്ടടിയാകുക. മോട്ടോര്‍ വാഹനവകുപ്പിന്‍െറ കണക്കുപ്രകാരം 10 വര്‍ഷം പഴക്കമുള്ള 41731 ഹെവി വാഹനങ്ങളും 44527 മീഡിയം വാഹനങ്ങളും 98400 ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും സംസ്ഥാനത്തുണ്ട്. ബസുകളുടെയടക്കം ക്ഷമത നിര്‍ണയിക്കുന്നത് 15 വര്‍ഷത്തേക്കാണ്. പൊലീസിന്‍േറതടക്കം ഡീസല്‍ വാഹനങ്ങളില്‍ പലതിനും 10 വര്‍ഷത്തിലധികം പഴക്കമുണ്ട്.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരപരിധിയിലാണ് നിയന്ത്രണമെങ്കിലും ചരക്ക് വാഹനങ്ങള്‍ മിക്കവയും ഈ നഗരങ്ങളിലൂടെ കടന്നുപോകുന്നവയോ ഇവിടങ്ങളെ ആശ്രയിക്കുന്നവയോ ആണ്. പൊതുഗതാഗതത്തിന് നിലവിലെ സാഹചര്യത്തില്‍ വെല്ലുവിളിയില്ളെങ്കിലും ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ മേല്‍ക്കോടതി ഇടപെടലുണ്ടാകുമോ എന്ന ആശങ്ക കെ.എസ്.ആര്‍.ടി.സിക്കും സ്വകാര്യ ബസ് മേഖലക്കുമുണ്ട്.
മോട്ടോര്‍ വാഹനവകുപ്പിന്‍െറ കണക്കനുസരിച്ച് 2244 ബസുകള്‍ 10 വര്‍ഷത്തിനുമേല്‍ പഴക്കമുള്ളവയാണ്. ഇതില്‍ ഭൂരിപക്ഷവും നഗരപരിധിയില്‍ സര്‍വിസ് നടത്തുന്നതോ ദീര്‍ഘദൂര സര്‍വിസുകളെന്ന നിലയില്‍ ഈ നഗരങ്ങളില്‍ പ്രവേശിക്കുന്നവയോ ആണ്. സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം വര്‍ഷംതോറും കുതിച്ചുയരുന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിവര്‍ഷം ശരാശരി അഞ്ച് ലക്ഷം വാഹനങ്ങളാണ് പുതുതായി നിരത്തിലിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
