കെ.സി. മാത്യു: ചരിത്രത്തിലേക്ക് മറഞ്ഞത് ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണ സൂത്രധാരന്‍
text_fieldsകൊച്ചി: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈദ്ധാന്തിക ചര്‍ച്ചകളില്‍ ശരിയോ തെറ്റോ എന്ന് ഇനിയും നിര്‍ണയിക്കാന്‍ കഴിയാത്ത തര്‍ക്കവിഷയമാണ് ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണ സംഭവം. അന്നത്തെ സാഹചര്യത്തില്‍ അത് അനിവാര്യമായിരുന്നെന്നും അതല്ല വിഡ്ഢിത്തമായിരുന്നെന്നും വാദിക്കുന്നവര്‍ ഇന്നുമുണ്ട്. ഏതായാലും ആ സംഭവത്തിന്‍െറ സൂത്രധാരന്‍ കെ.സി. മാത്യു ചരിത്രത്തിലേക്ക് നടന്നുമറഞ്ഞു.
1950 മാര്‍ച്ച് ഒമ്പതിന് റെയില്‍വേ സ്തംഭിപ്പിക്കണമെന്ന് അന്നത്തെ പാര്‍ട്ടി സെക്രട്ടറി ബി.ടി. രണദിവെ ആഹ്വാനം ചെയ്തിരുന്നു. അത് ശിരസ്സാവഹിച്ച് പണിമുടക്ക് പ്രചാരണത്തിന് തൊഴിലാളികളെ ബോധവത്കരിക്കാന്‍ ആലുവ മുതല്‍ എറണാകുളം വരെ റെയില്‍പാളത്തിലൂടെ യാത്ര ചെയ്ത എന്‍.കെ. മാധവനെയും വറീതുകുട്ടിയെയും ഇടപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തതാണ് സംഭവത്തിന്‍െറ തുടക്കം. പണിമുടക്ക് വിജയിപ്പിക്കുന്നതിനെപറ്റി ആലോചിക്കാന്‍ ഇടപ്പള്ളി പോണേക്കരയില്‍ തൊഴിലാളി യൂനിയന്‍ നേതാവ് കെ.സി. മാത്യു യോഗം വിളിച്ചുചേര്‍ത്തു. എം.എം. ലോറന്‍സ് അടക്കമുള്ളവര്‍ യോഗത്തിന് എത്തിയപ്പോഴാണ്, രണ്ട് സഖാക്കള്‍ പൊലീസ് പിടിയിലായ വിവരം അറിയുന്നത്. പൊലീസ് മര്‍ദനത്തില്‍ അവരില്‍ ഒരാള്‍ മരിച്ചെന്നും ‘വിവരം’ ലഭിച്ചു.
അതോടെ, ജീവിച്ചിരിക്കുന്ന സഖാവിനെയെങ്കിലും മോചിപ്പിക്കണമെന്നായി യോഗത്തിന് എത്തിയവരുടെ വികാരം. പൊലീസ് സ്റ്റേഷനില്‍ എത്ര പൊലീസുകാരുണ്ടെന്നോ അവരുടെ കൈയില്‍ എന്തൊക്കെ ആയുധങ്ങളുണ്ടെന്നോ അറിയാതെ യോഗത്തിന് എത്തിയവര്‍ കെ.സി. മാത്യുവിന്‍െറ നേതൃത്വത്തില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചുചെയ്തു. തുണി ചുറ്റിക്കെട്ടിയുണ്ടാക്കിയ രണ്ടുമൂന്ന് പടക്കവും നാല് വാക്കത്തികളും കുറച്ച് മുളവടികളും മറ്റുമായിരുന്നു ജാഥാംഗങ്ങളുടെ കൈയിലുള്ള ആയുധബലം. 17 അംഗ സംഘത്തിന്‍െറ നേതാവ് കെ.സി. മാത്യുവായിരുന്നു. പുലര്‍ച്ചെ രണ്ടോടെയായിരുന്നു മാര്‍ച്ച്. കെ.സി. മാത്യു അറ്റാക്ക് എന്നു പറഞ്ഞാല്‍ പാഞ്ഞ് സ്റ്റേഷനില്‍ കയറണമെന്നും റിട്രീറ്റ് എന്നുപറഞ്ഞാല്‍ അതുപോലെതന്നെ പുറത്തേക്ക് മടങ്ങണമെന്നുമായിരുന്നു നിര്‍ദേശം.
സ്റ്റേഷന് മുന്നിലത്തെിയപ്പോള്‍ മാത്യു ‘അറ്റാക്ക്’ എന്ന് ഉത്തരവിട്ടു. ജാഥാംഗങ്ങള്‍ സ്റ്റേഷനിലേക്ക് പാഞ്ഞുകയറി. അതോടെ പാറാവുനിന്ന പൊലീസുകാരന്‍ ബയണറ്റ് ഘടിപ്പിച്ച തോക്കുകൊണ്ട് ജാഥാംഗത്തെ കുത്തി. പിന്നീട് കാല്‍മണിക്കൂര്‍ ലോക്കപ്പ് യുദ്ധക്കളമായി. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ മരിച്ചുവീണു. എന്നാല്‍, ലോക്കപ്പില്‍ കിടന്നവരെ മോചിപ്പിക്കാന്‍ കഴിഞ്ഞില്ല. ലോക്കപ്പിന്‍െറ താക്കോല്‍ ഒരുപൊലീസുകാരന്‍ വീട്ടില്‍ കൊണ്ടുപോയതായിരുന്നു കാരണം. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസുകാര്‍ എത്തുമെന്ന് ഭയന്ന് ആക്രമണം മതിയാക്കി സംഘം മടങ്ങി.
പയ്യപ്പിള്ളി ബാലന്‍, കെ. രാജന്‍ തുടങ്ങിയവരെയാണ് സ്റ്റേഷന്‍ ആക്രമണത്തിന്‍െറ പേരില്‍ ആദ്യം അറസ്റ്റ് ചെയ്തത്. യഥാര്‍ഥത്തില്‍ ഇവര്‍ രണ്ടുപേരും സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കാളികളല്ലായിരുന്നു. അവരെ പൊലീസ് ഭീകരമായി മര്‍ദിച്ചു. തുടര്‍ന്ന് കെ.സി. മാത്യുവും അറസ്റ്റിലായി. പിന്നീട് എം.എം. ലോറന്‍സ് ഉള്‍പ്പെടെയുള്ളവരും അറസ്റ്റിലായി. ആദ്യം ഏഴുവര്‍ഷവും തുടര്‍ന്ന് ജീവപര്യന്തവും ശിക്ഷ വിധിച്ചെങ്കിലും പിന്നീട് അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ രാഷ്ട്രീയതടവുകാര്‍ എന്ന പരിഗണനയില്‍ മൂന്നുവര്‍ഷത്തിനുശേഷം ഇടപ്പള്ളി കേസ് പ്രതികളെ മോചിപ്പിക്കുകയായിരുന്നു. ഇപ്പോഴും പക്ഷേ ഈ സംഭവത്തിന്‍െറ ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്ത് തീരുമാനമായിട്ടില്ല എന്നതാണ് കൗതുകകരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.