You are here

തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ടാം മന്ത്രി; സുനില്‍കുമാര്‍ ചരിത്രത്തിലേക്ക്

09:16 AM
24/05/2016

തൃശൂര്‍: ലീഡറുടെ തട്ടകമെന്നറിയപ്പെടുന്ന തൃശൂര്‍ മണ്ഡലത്തിലെ ജനപ്രതിനിധിയെന്ന നിലയില്‍ രണ്ടാമത്തെ മന്ത്രിയാകാനുള്ള ഭാഗ്യം ലഭിച്ചത് വി.എസ്. സുനില്‍കുമാറിന്. ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് തൃശൂരിനെ പ്രതിനിധീകരിച്ച എ.ആര്‍. മേനോന്‍ കഴിഞ്ഞാല്‍ ഇതാദ്യമായാണ് തൃശൂരിലെ ജനപ്രതിനിധി മന്ത്രിസഭയിലത്തെുന്നത്.

ചേര്‍പ്പ്, കയ്പമംഗലം മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് പത്തുവര്‍ഷമായി എം.എല്‍.എ ആയി തുടരുന്ന സുനില്‍കുമാറിനെ വെച്ച് തൃശൂര്‍ മണ്ഡലം പിടിക്കാനുള്ള പാര്‍ട്ടി തീരുമാനവും ഇതോടെ ചരിത്രമാവുകയാണ്. കാല്‍നൂറ്റാണ്ടായി തേറമ്പില്‍ രാമകൃഷ്ണനിലൂടെ യു.ഡി.എഫ് കുത്തകയാക്കിയിരുന്ന തൃശൂരില്‍ ലീഡറുടെ മകള്‍ പത്മജയെ തറപറ്റിച്ച്, ഏഴായിരത്തോടടുത്ത ഭൂരിപക്ഷത്തോടെയായിരുന്നു വിജയം. ചര്‍ച്ചകളിലും ജനകീയ പ്രക്ഷോഭങ്ങളിലും പാര്‍ട്ടിയുടെ കരുത്തുറ്റ മുഖമാണ് സുനില്‍.  കുടിവെള്ള പ്രശ്നത്തിനും ഗതാഗതക്കുരുക്കിനും മാലിന്യപ്രശ്നത്തിനും ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് സുനിലിന്‍െറ വാഗ്ദാനം.

ബാലവേദിയിലൂടെ പ്രവര്‍ത്തനമാരംഭിച്ച് സുനില്‍ എ.ഐ.എസ്.എഫിന്‍െറയും എ.ഐ.വൈ.എഫിന്‍െറയും സംസ്ഥാന സെക്രട്ടറി പദം വരെയത്തെി. 1998ല്‍ എ.ഐ.എസ്.എഫ് ദേശീയ സെക്രട്ടറിയായി. വിദ്യാര്‍ഥി, യുവജന നേതാവായിരിക്കെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൊലീസ് മര്‍ദനവും ജയില്‍ശിക്ഷയും അനുഭവിച്ചു. സംസ്ഥാനത്താദ്യമായി ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് പൊലീസ് നടത്തിയ നരനായാട്ടില്‍ തലതകര്‍ന്ന് മാസങ്ങളോളം ചികിത്സക്ക് വിധേയനായി. നവോദയ സമരം, പ്രീഡിഗ്രി ബോര്‍ഡ് സമരം, ഇലക്ട്രിസിറ്റി സമരം, മെഡിക്കല്‍ കോളജ് സമരം എന്നിവയുടെ മുന്നണിപ്പോരാളിയായിരുന്നു. സി.പി.ഐ സംസ്ഥാന എക്സി. കമ്മിറ്റി അംഗമാണ്. 1967 മേയ് 30ന് അന്തിക്കാട് വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്‍െറയും സി.കെ. പാര്‍വതിയുടെയും മകനായി ജനിച്ച വി.എസ്. സുനില്‍കുമാര്‍ 2006 ല്‍ ചേര്‍പ്പില്‍നിന്ന് ആദ്യമായി എം.എല്‍.എയായി. 2011ല്‍ കയ്പമംഗലത്തുനിന്ന് വിജയിച്ചു. 13ാം നിയമസഭയില്‍ ഇടതുമുന്നണിക്കുവേണ്ടി ഏറ്റവുമധികം അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ചത് സുനില്‍കുമാറായിരുന്നു.

അര്‍ബുദ-വൃക്ക-കാന്‍സര്‍ രോഗികള്‍ക്ക് ക്ഷേമനിധി അനുവദിക്കുന്നതിനുള്ള സ്വകാര്യ ബില്‍, യാത്രാവകാശ ബില്‍ എന്നിവ അവതരിപ്പിച്ച് ശ്രദ്ധേയനായി. ഇടതുപക്ഷത്തിന്‍െറയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സംസ്ഥാനത്തെ മുഖ്യപ്രചാരകനായി ഒട്ടേറെ വേദികളില്‍ തിളങ്ങി. ക്യൂബ, ചൈന, മോസ്കോ, വെനിസ്വേല, ലാറ്റിനന്‍ അമേരിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. തൃശൂര്‍ ശ്രീകേരളവര്‍മ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം. അഭിഭാഷകയായ രേഖയാണ് ഭാര്യ. മകന്‍ നിരഞ്ജന്‍ കൃഷ്ണ ഒമ്പതാംക്ളാസ് വിദ്യാര്‍ഥി.

 

Loading...
COMMENTS