Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിസന്ധി ഗുരുതരം;...

പ്രതിസന്ധി ഗുരുതരം; ധവളപത്രമിറക്കുമെന്ന് ഡോ. തോമസ് ഐസക്

text_fields
bookmark_border
പ്രതിസന്ധി ഗുരുതരം; ധവളപത്രമിറക്കുമെന്ന് ഡോ. തോമസ് ഐസക്
cancel

തിരുവനന്തപുരം: ഗുരുതര സാമ്പത്തിക പ്രതിസന്ധി പുതിയ സര്‍ക്കാറിന് ഏറെ തലവേദന സൃഷ്ടിക്കുമെന്ന് നിയുക്ത ധനമന്ത്രി ഡോ. തോമസ് ഐസക്. കാലിയായ ഖജനാവ് വെല്ലുവിളിയാണ്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 15 വര്‍ഷം മുമ്പ് കേരളം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്കു സമാനമാണ് ഇപ്പോഴത്തേത്. കടം വാങ്ങുന്ന പണത്തിന്‍െറ 70 ശതമാനത്തോളം തുക ദൈനംദിന ചെലവിന് ഉപയോഗിക്കുന്ന സ്ഥിതിയാണ്. മൂലധനച്ചെലവില്‍ ഗണ്യമായ ഇടിവുണ്ടാകുന്നു. ഇക്കാര്യങ്ങളില്‍ സമഗ്രമായ പരിശോധന നടത്തും.
ഇതു സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ ധവളപത്രമിറക്കും. നികുതി ഭരണ സംവിധാനത്തിലെ തകര്‍ച്ച പെട്ടെന്ന് ഒരു ദിവസംകൊണ്ടു മാറ്റാന്‍ കഴിയില്ല. ഉടന്‍ നടപടികളെടുത്താലും ഫലവത്താകാന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലുമെടുക്കും. സംസ്ഥാനത്ത് വികസനം സംബന്ധിച്ച് പുതിയ സമന്വയമുണ്ടാകേണ്ടതുണ്ട്. ഇതിന്‍െറ ഭാഗമായി ചില ചുവടുമാറ്റങ്ങള്‍ അനിവാര്യമാണ്. പാവപ്പെട്ടവരെ പരിപൂര്‍ണമായി സംരക്ഷിച്ചു മാത്രമേ ഈ ചുവടുമാറ്റം പാടുള്ളൂ. ഇക്കാര്യങ്ങളെല്ലാം അടങ്ങുന്നതാകും വികസന സംസ്കാരമെന്നും തോമസ് ഐസക് പറഞ്ഞു.

ഇടതുമുന്നണിയുടെ മദ്യനയം നടപ്പാക്കുമെന്നും  നയം വ്യക്തമാണെന്നും നിയുക്ത മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ബാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തീരുമാനിക്കും. കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ ശ്രമം നടത്തുമെന്ന് നിയുക്ത മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു.

ഏല്‍പ്പിച്ച ഉത്തരവാദിത്തം കഴിവിന്‍െറ പരമാവധി മികച്ചനിലയില്‍ നിര്‍വഹിക്കുമെന്ന് നിയുക്തമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊതുമേഖലയെ ശക്തിപ്പെടുത്തുമെന്നും സ്വകാര്യ മേഖലയെ നിരാകരിക്കില്ളെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. പ്രകൃതിയുടെ സംതുലനാവസ്ഥ ഉറപ്പാക്കിക്കൊണ്ടുള്ള നിലപാടാകും ഉണ്ടാവുക. ഖനനം പൊതുമേഖലായിലാക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണപക്ഷത്തിന്‍െറയും പ്രതിപക്ഷത്തിന്‍െറയും അവകാശങ്ങള്‍ ഉറപ്പാക്കി സഭയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് നിയുക്ത സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ച് പ്രവര്‍ത്തിക്കും. മുതിര്‍ന്ന അംഗങ്ങള്‍ ഉള്ള സഭയില്‍ ജനാധിപത്യത്തിന്‍െറ മൗലികമായ ധാര്‍മികത പുലര്‍ത്തുന്നതിനാണ് മുന്‍തൂക്കമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas Isaac
Next Story