മന്ത്രിസഭ രൂപീകരിക്കാൻ പിണറായിക്ക് ഗവർണറുടെ ക്ഷണം
text_fieldsതിരുവനന്തപുരം: മന്ത്രിസഭ രൂപീകരിക്കാൻ സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് പിണറായി വിജയന് കേരളാ ഗവർണറുടെ ക്ഷണം. മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് എൽ.ഡി.എഫ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവർണറുടെ നടപടി. കൂടാതെ, മന്ത്രിമാരുടെ വിവരങ്ങൾ കൈമാറാനും പിണറായിയോട് ഗവർണർ നിർദേശിച്ചിട്ടുണ്ട്.
സി.പി.എം പാർലമെന്ററി പാർട്ടി നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്ത് കൊണ്ടുള്ള കത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗവർണർക്ക് നേരത്തെ കൈമാറിയിരുന്നു. സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരൻ എം.എൽ.എ, എൻ.സി.പി നേതാവ് എ.കെ ശശീന്ദ്രൻ എം.എൽ.എ എന്നിവരും കോടിയേരിക്കൊപ്പം ഉണ്ടായിരുന്നു.
ബുധനാഴ്ച രാവിലെ 9.30ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തും. മന്ത്രിമാരുടെ വകുപ്പുകൾ സത്യപ്രതിജ്ഞക്ക് ശേഷം അറിയിക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
