വി.എസിന്‍റെ കൂടെ ഉണ്ടാകുമെന്ന് ജോർജ്
text_fieldsതിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍റെ പോരാട്ടത്തിൽ താനും കൂടെ ഉണ്ടാകുമെന്ന് പൂഞ്ഞാറിൽ നിന്ന് സ്വതന്ത്ര എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട പി.സി ജോർജ്. വി.എസ് അച്യുതാനന്ദനെ വസതിയിൽ സന്ദർശിച്ച ശേഷം വാർത്താ ലേഖകരുമായി സംസാരിക്കവെ വി.എസിന് യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്നും ആരോഗ്യമില്ലെന്നു പറഞ്ഞ് അദ്ദേഹത്തെ അപമാനിക്കരുതെന്നും ജോർജ് ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്നമുണ്ടെന്നു കേട്ട് ആശങ്കപ്പെട്ടാണ് അദ്ദേഹത്തെ കാണാൻ പോയത്. എന്നാൽ, വി.എസ് തന്നെക്കാൾ ആരോഗ്യവാനാണ്. രണ്ടു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആകാൻ അദ്ദേഹത്തിന് കഴിയുമെന്നും ജോർജ് പറഞ്ഞു.
യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികളെ തോൽപ്പിച്ച് ചതുഷ്കോണ മത്സരത്തിൽ ജയിച്ച ജോർജ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സീറ്റ് നിഷേധിച്ചതു മുതൽ സി.പി.എമ്മിന്‍റെ, പ്രത്യേകിച്ച് പിണറായി വിജയന്‍റെ കടുത്ത വിമർശകനാണ്. കേരളാ കോൺഗ്രസിൽ കെ.എം മാണിയുമായി തെറ്റിപിരിഞ്ഞ ശേഷം ചെറിയ കാലയളവിൽ സി.പി.എമ്മുമായി ജോർജ് സഹകരിച്ചിരുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ഇടതു സ്വതന്ത്രനായി മത്സരിക്കാമെന്നായിരുന്നു ജോർജിന്‍റെ കണക്കുകൂട്ടൽ.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതു സംബന്ധിച്ച ഉറപ്പുകൾ തന്നിരുന്നുവെന്നാണ് ജോർജ് പറഞ്ഞത്. എന്നാൽ, ജോർജിനെ ഇടതുപക്ഷത്തു വേണ്ടെന്ന കടുത്ത നിലപാട് പിണറായി വിജയൻ സ്വീകരിച്ചതോടെ എൽ.ഡി.എഫ് അദ്ദേഹത്തെ കൈവെടിഞ്ഞു. ജോർജിന്‍റെ നാവാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ശത്രു എന്ന് തെരഞ്ഞെടുപ്പു പ്രചരണത്തിനിടയിൽ കോടിയേരി വിശേഷിപ്പിച്ചിരുന്നു.
വി.എസിന്‍റെ കൂടെ ഉണ്ടാകുമെന്ന ജോർജിന്‍റെ പ്രസ്താവനയെ രാഷ്ട്രീയ കേന്ദ്രങ്ങൾ താല്പര്യപൂർവമാണ് വീക്ഷിക്കുന്നത്. വി.എസിന്‍റെ നാവായി ജോർജ് സഭയിൽ പ്രവർത്തിക്കാൻ തുടങ്ങിയാൽ സി.പി.എമ്മിന് വലിയ തലവേദന ആയി മാറും അത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.