ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത ബി.ജെ.പിക്ക് നഷ്ടപ്പെട്ടു -പിണറായി
text_fieldsതിരുവനന്തപുരം: ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടതിനാലാണ് കേരളത്തിലും ഡല്‍ഹിയിലും അക്രമ മാര്‍ഗത്തിലേക്ക് ബി.ജെ.പി തിരിഞ്ഞതെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയുടെ ദേശീയ നേതാക്കളുടെ പ്രതികരണം സംസ്ഥാനത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവിധമാകരുത്. കേന്ദ്ര ഭരണ കക്ഷിയെന്ന നിലയിലെ ഉത്തരവാദിത്തം ബി.ജെ.പി കാട്ടണമെന്നും അദ്ദേഹം ഫേസ്ബുക്പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കേന്ദ്ര ഭരണകക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്തം ബി.ജെ.പി കാണിക്കണം. കേരളത്തിലെ ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടതിനാലാണ് കേരളത്തിലും ഡൽഹിയിലും അക്രമത്തിന്‍റെ മാർഗത്തിലേക്ക് ബി.ജെ.പി തിരിഞ്ഞത്. ധർമ്മടം മണ്ഡലത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തിയ കുട്ടികളടക്കമുള്ളവർക്ക് നേരെ ആർ.എസ്.എസ് വോട്ടെണ്ണൽ നാളിൽ നടത്തിയ ആക്രമണത്തിൽ രവീന്ദ്രൻ എന്ന എൽ.ഡി.എഫ് പ്രവർത്തകൻ കൊല്ലപ്പെട്ടതാണ്. അന്നു മുതൽ സംസ്ഥാനത്തിന്‍റെ പല മേഖലകളിലും ആർ.എസ്.എസ് അക്രമം അഴിച്ചു വിടുന്നു. അത് മറച്ചുവെച്ചാണ് "സി.പി.ഐ-എം അക്രമം" എന്ന വ്യാജ ആരോപണവുമായി കേന്ദ്രമന്ത്രി രംഗത്ത് വന്നത്. ഇന്ന് സി.പി.ഐ-എം ആസ്ഥാനത്തിനു മുന്നിൽ നടത്തിയ അതിക്രമങ്ങൾ ജനാധിപത്യ സമൂഹത്തിനു അംഗീകരിക്കാനാവാത്ത അസഹിഷ്ണുതാ പ്രകടനമാണ്. കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തിൽ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവെക്കാനുള്ള അപഹാസ്യമായ ശ്രമത്തിൽ നിന്ന് പിന്മാറാനും ജനാധിപത്യ വിരുദ്ധ മാർഗങ്ങൾ വെടിയാനും ബി.ജെ.പി നേതൃത്വം തയാറാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
