തന്നെ ബോധപൂർവം തോൽപ്പിച്ചതാണെന്ന് ശോഭ സുരേന്ദ്രൻ
text_fieldsപാലക്കാട്: പാലക്കാട് തന്നെ ബോധപൂർവം തോൽപ്പിച്ചതാണെന്ന് ബി.ജെ.പി നേതാവും പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ കേന്ദ്രനേതൃത്വത്തിന് പരാതി നൽകി. മലമ്പുഴ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സി.കൃഷ്ണകുമാറിനെതിരെയാണ് ശോഭ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്നാണ് സൂചന. ബി.ജെ.പി അധ്യക്ഷൻ അമിതാ ഷാക്കാണ് ശോഭ തന്‍റെ തോൽവി സംബന്ധിച്ച പരാതി നൽകിയത്. നിലവിൽ ദേശീയ നിർവാഹക സമിതി അംഗമാണ് ശോഭ സുരേന്ദ്രൻ.
തന്നെ തോൽപ്പിക്കുന്നതിനായി വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനുമായി സി.കൃഷ്ണകുമാർ ഒത്തുകളിച്ചു. പാലക്കാടുള്ള പ്രവർത്തകരെ മലമ്പുഴയിലെ പ്രചരണത്തിനായി സി.കൃഷ്ണകുമാർ കൊണ്ടുപോകുകയായിരുന്നു. ഇത് പാലക്കാട്ടെ പ്രവർത്തനങ്ങളെ ബാധിച്ചു. സി.കൃഷ്ണകുമാറിനുവേണ്ടി ചാക്ക് രാധാകൃഷണൻ പണമൊഴുക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പലതവണ തന്നെ പിന്നിൽ നിന്ന് കുത്താൻ സി.കൃഷ്ണകുമാർ ശ്രമിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ശോഭ കേന്ദ്രത്തിന് നൽകുന്ന പരാതിയുടെ ഉള്ളടക്കമെന്നാണറിയുന്നത്.
സ്ഥാനാർഥി നിർണയം മുതൽ നിലനിന്ന പ്രശ്നങ്ങളാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്. പാലക്കാട് നിയോജക മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ച വെക്കാൻ ശോഭ സുരേന്ദ്രന് കഴിഞ്ഞിരുന്നു. കോൺഗ്രസിന്‍റെ ഷാഫി പറമ്പിൽ വിജയിച്ച മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു ശോഭ സുരേന്ദ്രൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
