തൃശൂര്‍: 14ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മക്കള്‍ പോരാട്ടങ്ങളാല്‍ ശ്രദ്ധേയമായിരുന്നു. വിവിധ മുന്നണികളിലായി പതിനഞ്ചോളം നേതാക്കളുടെ മക്കളാണ് ഇക്കുറി ജനവിധി തേടിയത്. അതില്‍ ശ്രദ്ധേയം കെ. കരുണാകരന്‍െറ മക്കളായ പത്മജ വേണുഗോപാലും കെ. മുരളീധരന്‍െറയും പോരാട്ടമായിരുന്നു. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ ജയിച്ചു കയറിയപ്പോള്‍ തൃശൂരില്‍ പത്മജക്ക് കാലിടറി. മകന് സീറ്റ് നല്‍കി മാറിനിന്ന ആര്യാടന്‍ മുഹമ്മദിന്‍െറ തീരുമാനം പക്ഷേ, നിലമ്പൂരിലെ വോട്ടര്‍മാര്‍ അംഗീകരിച്ചില്ല. അവര്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി.
ആര്‍.എസ്.പി നേതാവ് ബേബിജോണിന്‍െറ മകനും മന്ത്രിയുമായ ഷിബു ബേബിജോണിന്‍െറ തോല്‍വിയും കല്‍പറ്റയില്‍ ജനതാദള്‍ നേതാവ് എം.പി. വീരേന്ദ്രകുമാറിന്‍െറ മകന്‍ എം.വി. ശ്രേയാംസ്കുമാറിന്‍െറ തോല്‍വിയും പ്രവചനങ്ങള്‍ക്കപ്പുറത്തായിരുന്നു.
ജെ.ഡി.യു ടിക്കറ്റില്‍ മത്സരിച്ച മുന്‍ മന്ത്രി പി.ആര്‍. കുറുപ്പിന്‍െറ മകനും മന്ത്രിയുമായ കെ.പി. മോഹനന്‍ കൂത്തുപറമ്പില്‍ തോറ്റത് ജെ.ഡി.യുവിന്‍െറ കേരള രാഷ്ട്രീയത്തിലെ നിലനില്‍പാണ് ചോദ്യചിഹ്നമാക്കിയത്. എം.വി. രാഘവന്‍െറ പഴയ തട്ടകമായ അഴീക്കോട്ട് അങ്കത്തിനിറങ്ങിയ മകന്‍ എം.വി. നികേഷ്കുമാറിനും ആദ്യ ശ്രമത്തില്‍ കാലിടറി.കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ കെ.എം. ജോര്‍ജിന്‍െറ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍ പരാജയപ്പെട്ടപ്പോള്‍ആര്‍. ബാലകൃഷ്ണപിള്ളയുടെ മകന്‍ കെ.ബി. ഗണേഷ്കുമാര്‍ ജയിച്ചുകയറി.
മുന്‍ ലീഗ് നേതാക്കളുടെ മക്കള്‍ മത്സരിച്ചിടങ്ങളിലെല്ലാം വിജയം തേടിയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ മകന്‍ എം.കെ. മുനീര്‍ കോഴിക്കോട് സൗത് മണ്ഡലത്തില്‍ വലിയ വെല്ലുവിളി നേരിട്ടതിന് ശേഷമാണ് ജയിച്ചു കയറിയത്. തിരൂരങ്ങാടിയില്‍ അവുക്കാദര്‍ കുട്ടി നഹയുടെ മകനും വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ് അവസാനം വരെ തോല്‍വി മുന്നില്‍ക്കണ്ട് ജയിച്ച മന്ത്രി പുത്രനാണ്. ഏറനാട്ട് സിറ്റിങ് എം.എല്‍.എയും സീതി ഹാജിയുടെ മകനുമായ പി.കെ. ബഷീര്‍ അനായാസേന ഇത്തണയും ജയിച്ചുകയറി. ടി.എം. ജേക്കബിന്‍െറ മകനും ഭക്ഷ്യമന്ത്രിയുമായ അനൂപ് ജേക്കബ് പിറവത്തുനിന്നും മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ മകന്‍ കെ.എസ്. ശബരീനാഥന്‍ അരുവിക്കരയില്‍നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.സി.പി.ഐ ഇക്കുറി രണ്ട് നേതാക്കളുടെ മക്കള്‍ക്കാണ് സീറ്റ് നല്‍കിയത്.
കൊടുങ്ങല്ലൂരില്‍ മത്സരിച്ച വി.കെ. രാജന്‍െറ മകന്‍ വി.ആര്‍. സുനില്‍ കുമാര്‍ കൊടുങ്ങല്ലൂര്‍ മണ്ഡലം പിടിച്ചെടുത്തു. പറവൂരില്‍ മത്സരിച്ച പി.കെ. വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹന്‍ സിറ്റിങ് എം.എല്‍.എ വി.ഡി. സതീശനോട് പരാജയപ്പെടുകയും ചെയ്തു.