തിരുവനന്തപുരം: ഇടതുമുന്നണി പ്രചാരണരംഗത്ത് നടത്തിയ പുത്തന്‍ പരീക്ഷണങ്ങള്‍ വിജയം കണ്ടു. ജനങ്ങളെ സ്വാധീനിച്ച പ്രചാരണ മികവിന് പിന്നില്‍ പ്രത്യേക സംഘത്തെയാണ് സി.പി.എം ചുമതലപ്പെടുത്തിയിരുന്നത്. കൈരളി ചാനല്‍ മേധാവി ജോണ്‍ ബ്രിട്ടാസാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. പരമ്പരാഗത രീതിയിലെ പ്രചാരണത്തിന് പകരം ‘എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യമാണ് മുന്നോട്ടുവെച്ചത്. ആദ്യം പാര്‍ട്ടി നേതാക്കള്‍ ഇതിനോട് യോജിച്ചിരുന്നില്ല. പിന്നീട് ഇത് ടാഗ്ലൈനായി അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്തെമ്പാടും ഇതിന്‍െറ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചു. നല്ല ദിനം വരവായി, എന്ന ദേശീയ തലത്തിലെ ബി.ജെ.പി മുദ്രാവാക്യത്തിന്‍െറ ആശയംകൂടി ഇതിലുണ്ടായിരുന്നു. ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാന്‍ തങ്ങളുടെ മുദ്രാവാക്യത്തിനായെന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു. ഇതിനെതിരായ പരിഹാസവും ആശയം പ്രചരിപ്പിക്കാന്‍ ഗുണകരമായെന്ന് ഇവര്‍ വിലയിരുത്തുന്നു.
സംസ്ഥാനത്തെ രണ്ടേകാല്‍ കോടി മൊബൈല്‍ ഉപഭോക്താക്കളിലേക്ക് പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വി.എസ്. അച്യുതാനന്ദന്‍ എന്നിവരുടെ പ്രസംഗങ്ങള്‍ കേള്‍പ്പിക്കുന്ന രീതിയും പരീക്ഷിച്ചു. 30 ലക്ഷം പേര്‍ മിസ്ഡ് കോള്‍ അടിച്ച് പ്രസംഗം കേട്ടു. ട്രെയിനുകളില്‍ പരസ്യം പതിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ അറിയിപ്പിനുമുമ്പ് നേതാക്കളുടെ ആഹ്വാനങ്ങള്‍ പരസ്യങ്ങളായി നല്‍കി. മൊബൈലുകളിലേക്ക് മെസേജുകളും അയച്ചു. ‘തിരിച്ചു പിടിക്കുന്ന മലയാളിയുടെ കരുത്ത്’ എന്ന പുതിയ മുദ്രാവാക്യം അവസാന സമയങ്ങളില്‍ പുറത്തിറക്കിയിരുന്നു. ഇത് പിണറായിയെ ഉയര്‍ത്തിക്കാട്ടാനായിരുന്നു.
ഫേസ്ബുക്കിലും നേതാക്കള്‍ സജീവമായി. ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ പരസ്യം നല്‍കി. റേഡിയോയും ടി.വിയും ഉപയോഗിച്ചും ശക്തമായ പരസ്യമാണ് നല്‍കിയത്. മദ്യനയത്തിന്‍െറ കാര്യത്തില്‍ സിനിമാതാരങ്ങളായ ഇന്നസെന്‍റിനെയും കെ.പി.എ.സി ലളിതയെയും ഉപയോഗിച്ച് പരസ്യവും നല്‍കി.