കുടം ചോര്‍ന്നു, ‘പൊന്‍താമര’ വിരിഞ്ഞില്ല
text_fieldsതിരുവനന്തപുരം: ബി.ഡി.ജെ.എസിന്‍െറ ‘കുടം’ ചോര്‍ന്നു, ആ വെള്ളംകൊണ്ട് താമര വിരിഞ്ഞുമില്ല. പൊന്‍കുടത്തില്‍ പൊന്‍താമര വിരിയുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ തെരഞ്ഞെടുപ്പ് ദിവസം പ്രഖ്യാപിച്ചത്. കുടമായിരുന്നു ബി.ഡി.ജെ.എസ് ചിഹ്നം. മത്സരിച്ച 35 മണ്ഡലങ്ങളില്‍ ഒരിടത്തും വിജയിക്കാനായില്ല. അതുമാത്രമല്ല, നേമത്തെ വിജയം അക്കൗണ്ടില്‍പെടുത്താനുമാവില്ല. എന്നാല്‍, ചിലയിടങ്ങളിലെങ്കിലും മുന്നണിസ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കാന്‍ അവര്‍ക്കായി.
ബി.ഡി.ജെ.എസ് മത്സരിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും എന്‍.ഡി.എയുടെ വോട്ടുവിഹിതം കൂട്ടാനുമായി. എന്നാല്‍, ഈ മണ്ഡലങ്ങളില്‍ ഏറെയും വിജയിച്ചത് എല്‍.ഡി.എഫാണ്. ഇടതുപക്ഷത്തോടൊപ്പമുണ്ടായിരുന്ന ഈഴവവിഭാഗത്തിന്‍െറ അടിസ്ഥാനവോട്ടുകള്‍ അടര്‍ത്തിയെടുക്കാന്‍ ബി.ഡി.ജെ.എസിന് കഴിഞ്ഞില്ലെന്നുവേണം ഇതില്‍നിന്ന് കരുതാന്‍. ബി.ഡി.ജെ.എസ്, എല്‍.ഡി.എഫിനെ മാത്രമേ ബാധിക്കൂ എന്നും തങ്ങള്‍ക്ക് ഗുണകരമാവുമെന്നുമുള്ള യു.ഡി.എഫ് വിലയിരുത്തലും ഇതോടെ മാറ്റേണ്ടിവരുന്നു.
പതിവുപോലെ വെള്ളാപ്പള്ളി തോല്‍പിക്കാനാഗ്രഹിച്ചവരിലേറെയും ജയിച്ചുകയറി. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ തോല്‍പിക്കാനായിരുന്നു ആദ്യം ആഗ്രഹിച്ചത്. എന്നാല്‍, സാധിക്കില്ളെന്ന് ഉറപ്പായതോടെ ഭൂരിപക്ഷം കുറക്കുമെന്നായി. വി.എസിന്‍െറ ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ ഉദിക്കുന്ന ദിശ മാറുമെന്നുവരെ തട്ടിവിട്ടു. എന്നാല്‍, കഴിഞ്ഞതവണത്തെ 23440 വോട്ടിന്‍െറ ഭൂരിപക്ഷം 27142 ആയി ഉയര്‍ത്തുകയായിരുന്നു അദ്ദേഹം. പറവൂരില്‍ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശനായിരുന്നു അടുത്ത ടാര്‍ജറ്റ്.
അദ്ദേഹത്തെ തോല്‍പിക്കുമെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, വളരെ മോശമായ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍, സതീശന്‍ വിജയിച്ചതും നല്ല ഭൂരിപക്ഷത്തിലാണ്. ഉടുമ്പന്‍ചോലയില്‍ എം.എം. മണിക്കെതിരെയും ‘യുദ്ധപ്രഖ്യാപന’മുണ്ടായി. അദ്ദേഹത്തിന്‍െറ നിറത്തെ വരെ ആക്ഷേപിച്ചു. അദ്ദേഹവും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
