മൂന്നാര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിച്ചെങ്കിലും പെമ്പിളൈ ഒരുമൈക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി. ദേവികുളം നിയോജക മണ്ഡലത്തില്‍ 650 വോട്ട് നേടാനേ പെമ്പിളൈ ഒരുമൈക്ക് സാധിച്ചുള്ളു. ‘നോട്ട’ക്ക് 921 വോട്ട് ലഭിച്ചു. നിയോജക മണ്ഡലത്തില്‍ പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. മൂന്നാര്‍ ടൗണില്‍ സ്ത്രീ തൊഴിലാളികള്‍ ബോണസ്, ശമ്പളം എന്നിവ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ പതിനായിരത്തോളം തൊഴിലാളികള്‍ പങ്കെടുത്തിരുന്നു.
തുടര്‍ന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കടലാര്‍, ചോലമല എന്നിവിടങ്ങളില്‍ രണ്ടുപേരും സ്ത്രീ തൊഴിലാളികളുടെ നേതാവായ ഗോമതി അഗസ്റ്റിന്‍ ബ്ളോക് പഞ്ചായത്തിലേക്കും വിജയിച്ചിരുന്നു. ഇതോടെ മണ്ഡലത്തില്‍ പെമ്പിളൈ ഒരുമൈ ശക്തമായ സാന്നിധ്യമായി മാറിയെന്നാണ് വിലയിരുത്തപ്പെട്ടത്.
എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പെമ്പിളൈ ഒരുമൈയുടെ ഒരുമ നഷ്ടപ്പെട്ടു. മൂന്നാറിലെ സ്ത്രീ സമരത്തിന് നേതൃത്വം നല്‍കിയ ഗോമതി അഗസ്റ്റിന്‍ സി.പി.എമ്മിലേക്ക് പോയപ്പോള്‍ ലിസിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പെമ്പിളൈ ഒരുമൈ എന്ന പേരില്‍ യൂനിയന്‍ രൂപവത്കരിക്കുകയായിരുന്നു. തോട്ടം തൊഴിലാളിയായ രാജേശ്വരിയെയാണ് ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്.