Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതു ചേര്‍ന്ന് കേരളം;...

ഇടതു ചേര്‍ന്ന് കേരളം; അക്കൗണ്ട് തുറന്ന് ബി.ജെ.പി

text_fields
bookmark_border
ഇടതു ചേര്‍ന്ന് കേരളം; അക്കൗണ്ട് തുറന്ന് ബി.ജെ.പി
cancel

തിരുവനന്തപുരം: എക്സിറ്റ് പോളുകളുടെ പ്രവചനം ശരിവെച്ച് അടുത്ത അഞ്ചുവര്‍ഷം കേരളം ഇടതുപക്ഷം ഭരിക്കും. രണ്ടര മാസത്തോളം നീണ്ടുനിന്ന വാശിയേറിയ പ്രചരണാഘോഷങ്ങള്‍ക്ക് ചുവപ്പിന്‍റെ ആധിപത്യത്തിലേക്ക് പര്യവസാനം. ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിപ്പിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. അഴിമതിയില്‍ മുങ്ങിയ ജനവിരുദ്ധ സര്‍ക്കാറിന് ജനങ്ങള്‍ മറുപടി നല്‍കിയപ്പോള്‍ തകര്‍ന്നത് ഭരണത്തുടര്‍ച്ചയെന്ന യു.ഡി.എഫിന്‍റെ സ്വപ്നം. ജനം ഇനി കാത്തിരിക്കുന്നത് എല്ലാം ശരിയാവുമോ എന്നറിയാന്‍.

140 സീറ്റുകളിലെ ഫലം അറിഞ്ഞപ്പോള്‍ എല്‍.ഡി.എഫ് 91 ഇടങ്ങളില്‍ വിജയിച്ച് അധികാരത്തിലത്തെി. യു.ഡി.എഫ് 47  സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി സംസ്ഥാന നിയമസഭയില്‍ അക്കൌണ്ട് തുറന്നു. നേമത്ത് ഒ. രാജഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടു. പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പി.സി ജോര്‍ജ് ചതുഷ്കോണ മത്സരത്തില്‍ വിജയിച്ചു.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ നാലു മന്ത്രിമാരും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പും പരാജയപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാടും മികച്ച വിജയം നേടി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മലമ്പുഴയിലും പിണറായി വിജയന്‍ ധര്‍മടത്തും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ബാര്‍ കോഴയില്‍ ആരോപണ വിധേയരായ മന്ത്രിമാരില്‍ ധനമന്ത്രി കെ.എം മാണി പാലായില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറഞ്ഞ ഭൂരിപക്ഷത്തിനു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തൃപ്പൂണിത്തറയില്‍  എക്സൈസ് മന്ത്രി കെ.ബാബു  സി.പി.എമ്മിലെ യുവ നേതാവ് എം.സ്വരാജിന് മുന്നില്‍ മൂക്ക് കുത്തി വീണു. ആര്‍.എസ്.പി ക്കാരനായ മന്ത്രി ഷിബു ബേബി ജോണ്‍ ചവറയില്‍ പരാജയപ്പെട്ടു. ആര്‍ .എസ്.പി നിര്‍ത്തിയ 5  സ്ഥാനാര്‍ഥികളും പരാജയം രുചിച്ചു. ജെ.ഡി.യു മന്ത്രി കെ.പി മോഹനന്‍ കൂത്തുപറമ്പില്‍ സി.പി.എമ്മിലെ കെ.കെ ഷൈലജയോട് പരാജയപ്പെട്ടു. മന്ത്രി പി.കെ ജയലക്ഷ്മി മാനന്തവാടിയില്‍ തോറ്റു.

യു.ഡി.എഫിന്‍്റെ ഭാഗമായി മത്സരിച്ച ജെ.ഡി.യുവിനും  ആര്‍.എസ്.പിക്കും നിയമസഭയില്‍ പ്രാതിനിധ്യമില്ല. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ആര്‍.എസ്.പി വിട്ട് ഇടതു മുന്നണിയില്‍ അഭയം തേടിയ കോവൂര്‍ കുഞ്ഞിമോന്‍ കുന്നത്തൂരില്‍ വിജയിച്ചു. അതേസമയം , കേരളാ കോണ്‍ഗ്രസ് പിളര്‍ത്തി ഫ്രാന്‍സിസ് ജോര്‍ജിന്‍്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ക്ളച്ച്  പിടിച്ചില്ല. ഫ്രാന്‍സിസ് ജോര്‍ജും ആന്‍്റണി രാജുവും അടക്കം സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. സി.എം.പിയുടെ സി.പി ജോണ്‍ കുന്നംകുളത്ത് വീണ്ടും പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭയില്‍ അംഗത്വം ലഭിക്കാതിരുന്ന ഐ.എന്‍.എല്ലിനെ ഇത്തവണയും ഭാഗ്യം തുണച്ചില്ല. കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസര്‍കോട്് എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് പിന്തുണയില്‍ മത്സരിച്ചെങ്കിലും മൂന്നിടത്തും പരാജയപ്പെട്ടു.

87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ആണ് ഈ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റു വാങ്ങിയത്. കോണ്‍ഗ്രെസിന്‍റെ പല പ്രമുഖ സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. ഗ്രൂപ്പ് തിരിച്ചു നോക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ എ  ഗ്രൂപ്പിനാണ് വലിയ ആഘാതം. രമേശ് ചെന്നിത്തലയെ പിന്തുണക്കുന്ന ഐ ഗ്രൂപ്പിലെ 12 പേര്‍ ജയിച്ചപ്പോള്‍ എ ഗ്രൂപ്പിലെ 7 പേരാണ് വിജയം കണ്ടത്. ജയിച്ച മറ്റു മൂന്നുപേര്‍ പ്രത്യക്ഷത്തില്‍ ഗ്രൂപ്പ് ഇല്ലാത്തവരാണ്. വി.ടി ബലറാം, കെ.എസ് ശബരിനാഥൻ, എന്നിവർ പൊതുവിൽ ഐ വിഭാഗവുമായി അടുത്തു നിൽക്കുന്നവരാണ്. അനിൽ അക്കര നേരത്തെ എ ഗ്രൂപ്പ് ആയിരുന്നെങ്കിലും ഇപ്പോൾ സുധീരൻ പക്ഷത്താണ്.

മുസ് ലിം ലീഗ് 23 സീറ്റില്‍ മത്സരിച്ച് 18 എണ്ണം നേടി. കോഴിക്കോട് ജില്ലയിലെ ഉറച്ചതെന്നു കരുതപ്പെട്ടിരുന്ന 2 മണ്ഡലങ്ങള്‍, തിരുവമ്പാടിയും കൊടുവള്ളിയും ലീഗിനെ കൈവെടിഞ്ഞു. മലപ്പുറം ജില്ലയിലെ താനൂരില്‍ ചരിത്രത്തില്‍ ആദ്യമായി ലീഗ് പരാജയം രുചിച്ചു. അതേസമയം, സി.പി.എമ്മിന്‍റെ പക്കല്‍ നിന്ന് കുറ്റ്യാടി സീറ്റ് ലീഗ് പിടിച്ചെടുത്തു.


കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സര്‍വ സന്നാഹങ്ങളോടെയും രംഗത്തിറങ്ങിയ ബി.ജെ.പിക്ക് നേമം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത് വെറും 89 വോട്ടുകള്‍ക്കാണ്. സി.പി.എം വോട്ടു മറിച്ചതാണ് തന്‍റെ പരാജയ കാരണമെന്നു സുരേന്ദ്രന്‍ ആരോപിക്കുന്നു.  യു.ഡി.എഫ് വോട്ടുകളുടെ , പ്രത്യേകിച്ച് കോണ്‍ഗ്രസ് വോട്ടുകളുടെ സഹായത്തോടെയാണ് ഒ. രാജഗോപാല്‍ വിജയിച്ചതെന്ന് പകല്‍ പോലെ വ്യക്തം. രാജഗോപാല്‍ 67813 വോട്ടു നേടിയപ്പോള്‍ സി.പി.എമ്മിലെ വി ശിവന്‍കുട്ടിക്ക് 59142 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി വി സുരേന്ദ്രന്‍ പിള്ളക്ക് കിട്ടിയത് 13860 വോട്ടും.

2011 ല്‍ രാജഗോപാലിന് 43661 വോട്ടു കിട്ടിയപ്പോള്‍ ശിവന്‍കുട്ടി 50076 വോട്ടിനു ജയിച്ച മണ്ഡലമാണിത്. അന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി ആയിരുന്ന ചാരുപാറ രവിക്ക് 20248 വോട്ടു ലഭിച്ചിരുന്നു. മൊത്തം പോള്‍ ചെയ്ത വോട്ടില്‍ ഇത്തവണ 26108 വോട്ടിന്‍റെ വര്‍ധന ഉണ്ടായിരുന്നു. രാജഗോപാലിന് 24152 ഉം ശിവന്‍കുട്ടിക്ക് 9066 ഉം വോട്ടു വര്‍ധിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക്  6388 വോട്ടിന്‍റെ കുറവാണ് സംഭവിച്ചത്. വര്‍ധിച്ച വോട്ടിന്‍റെ ഷെയര്‍ കിട്ടിയില്ളെന്ന് മാത്രമല്ല, നേരത്തെ ഉണ്ടായിരുന്നതില്‍ കുറവ് സംഭവിക്കുകയും ചെയ്തു. 8671 വോട്ടാണ് രാജഗോപാലിന്‍്റെ ഭൂരിപക്ഷം. കോണ്‍ഗ്രസ് വോട്ടുകളില്‍ വലിയ ചോര്‍ച്ച രാജഗോപാലിന് അനുകൂലമായി സംഭവിച്ചു എന്ന വ്യക്തമായ സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്.

സിനിമാതാരങ്ങളില്‍ കൊല്ലത്ത് മുകേഷും പത്തനാപുരത്ത് ഗണേഷ് കുമാറും ജയിച്ചപ്പോള്‍ ജഗദീഷും ഭീമന്‍ രഘുവും തോറ്റു . തെരഞ്ഞെടുപ്പിനിറങ്ങിയ മാധ്യമ പ്രവര്‍ത്തകരില്‍ വീണാ ജോര്‍ജ് ആറന്മുളയില്‍ ജയിച്ചപ്പോള്‍ നികേഷ് കുമാര്‍ അഴീക്കോട്ട് പരാജയപ്പെട്ടു. ബി.ജെ.പി മുന്നണിയുടെ പ്രധാന പോരാളിയായ വെള്ളാപ്പള്ളി നടേശന്‍റെ ബി.ഡി.ജെ.എസിന് ഒരു സീറ്റിലും ജയിക്കാനായില്ല. എന്നാല്‍ ബി.ജെ.പി നേമം നേടിയതും ഏതാനും മണ്ഡലങ്ങളില്‍ രണ്ടാമത് എത്തിയതും തങ്ങളുടെ സഹായം കൊണ്ടാണെന്ന് ബി.ഡി.ജെ.എസിനു അവകാശപ്പെടാം.

 

Show Full Article
TAGS:election kerala 
Next Story