കടല്‍ക്ഷോഭത്തിലും കാറ്റിലും വ്യാപക നാശനഷ്ടം
text_fields
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ശക്തമായി തുടരുന്ന മഴയില്‍ വ്യാപക നാശനഷ്ടം. വലിയതുറ, ബീമാപള്ളി, പൂന്തുറ മേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭത്തില്‍ 10 വീട് പൂര്‍ണമായും 50 ഓളം വീട് ഭാഗികമായും തകര്‍ന്നു. അഞ്ഞൂറോളം വീടുകളില്‍ വെള്ളം കയറി. പ്രദേശവാസികളെ വലിയതുറയിലെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. വിഴിഞ്ഞം അടിമലത്തുറയില്‍ നൂറോളം വീട്ടില്‍ വെള്ളംകയറി. പൂവാര്‍ കരിങ്കുളത്തും 50 ഓളം വീട്ടില്‍ വെള്ളം കയറി. വര്‍ക്കല താഴെ വെട്ടൂര്‍ ഭാഗത്തും ചിറയിന്‍കീഴ്, അഞ്ചുതെങ്ങ് പഞ്ചായത്തുകളിലെ തീരദേശത്തും കടല്‍ക്ഷോഭമുണ്ടായി. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റോടുകൂടി പെയ്ത മഴയില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപറ്റി. പുലയനാര്‍കോട്ട സര്‍ക്കാറാശുപത്രി വളപ്പില്‍ മരം കടപുഴകി വീണ് കാര്‍ പൂര്‍ണമായും തകര്‍ന്നു. ഉള്ളൂര്‍ പ്രശാന്ത് നഗറിലെ വീട്ടില്‍ മാവൊടിഞ്ഞുവീണ് കാര്‍പോര്‍ച്ച് തകര്‍ന്നു. പട്ടം കേന്ദ്രീയവിദ്യാലയ സ്കൂളില്‍ മരം വീണെങ്കിലും സ്കൂളിന് അവധിയായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. അനന്തപുരി ആശുപത്രി ജങ്ഷന്‍, പേട്ട ഭഗത്സിങ് നഗര്‍ എന്നിവിടങ്ങളില്‍ റോഡിലേക്ക് മരം ഒടിഞ്ഞുവീണത് ഗതാഗത തടസ്സത്തിനിടയാക്കി.നെടുമങ്ങാട്, പാലോട്, വിതുര ഭാഗങ്ങളിലാണ് കൂടുതല്‍ മഴയുണ്ടായത്. കിളിമാനൂര്‍, കടയ്ക്കാവൂര്‍, വര്‍ക്കല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു. ദേശീയ-സംസ്ഥാന പാതകളില്‍ പലയിടത്തും വെള്ളം കെട്ടിനിന്നത് ഗതാഗത തടസ്സത്തിനിടയാക്കി. അടുത്ത 48 മണിക്കൂര്‍ ജില്ലയില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മീന്‍പിടിത്ത ബോട്ടുകള്‍ അപകടത്തില്‍പെട്ടു; 180ഓളം തൊഴിലാളികള്‍ രക്ഷപ്പെട്ടു
വാടാനപ്പള്ളി: കനത്ത മഴയോടൊപ്പം വീശിയടിച്ച ചുഴലിക്കാറ്റില്‍ ചേറ്റുവ ആഴക്കടലില്‍ നാല് മീന്‍പിടിത്ത ബോട്ടുകള്‍ അപകടത്തില്‍പെട്ടു. മേല്‍ക്കൂര തകര്‍ന്ന ബോട്ടുകളിലെ 180 ഓളം മത്സ്യത്തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വന്‍ നാശനഷ്ടമാണ് ബോട്ടുകള്‍ക്ക് സംഭവിച്ചത്. ചേറ്റുവ, മുനക്കകടവ് ഹാര്‍ബറുകളില്‍നിന്ന് മീന്‍ പിടിക്കാന്‍ പോയ പുളിങ്കുന്നത്ത്, കര്‍ണന്‍, ഗോകുലം, അപ്പുമാരാര്‍ ആണ്ടവന്‍ എന്നീ ബോട്ടുകളാണ് ചൊവ്വാഴ്ച രാവിലെ 8.30 ഓടെ അപകടത്തില്‍പെട്ടത്.
ചേറ്റുവ ഹാര്‍ബറില്‍ നിന്ന് 18 കി.മീ അകലെ ആഴക്കടലില്‍ ഏഴ് ബോട്ടുകള്‍ മീന്‍ പിടിക്കുന്നതിനിടെ ഇടിമിന്നലോടെ ശക്തിയായ മഴയും ചുഴലിക്കാറ്റും ആഞ്ഞടിക്കുകയായിരുന്നു. ഇതോടെ ബോട്ടുകള്‍ ആടിയുലഞ്ഞു. നാല് ബോട്ടുകളുടെ മേല്‍ക്കൂര തകരുകയും കമ്പികള്‍ വളയുകയും ചെയ്തു. ബോട്ടുകളിലെ പാത്രങ്ങളും മറ്റ് സാമഗ്രികളും കാറ്റില്‍ പറന്നുപോയി. ബോട്ടുകള്‍ മറിയുമെന്നായതോടെ ദുരന്തം മുഖാമുഖം കണ്ട തൊഴിലാളികള്‍ ഉടന്‍ കമഴ്ന്ന് കിടന്നു. അരമണിക്കൂറോളം കഴിഞ്ഞപ്പോള്‍ കാറ്റ് ശമിച്ചു. ജീവന്‍ തിരിച്ചുകിട്ടിയ തൊഴിലാളികള്‍ ബോട്ടുകള്‍ ചേറ്റുവ ഹാര്‍ബറിലേക്ക് കൊണ്ടുവന്നു. 45 ഓളം തൊഴിലാളികളാണ് ഓരോ ബോട്ടിലുമുണ്ടായിരുന്നത്. അപകട വിവരമറിഞ്ഞ് കെ.വി. അബ്ദുല്‍ ഖാദര്‍, ഗീതാ ഗോപി, നാട്ടികയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി. ദാസന്‍, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. അശോകന്‍, ജില്ലാ പഞ്ചായത്തംഗം ശോഭ സുബിന്‍, നേതാക്കളായ പി.ആര്‍. കറപ്പന്‍, എം.എ. ഹാരിസ് ബാബു, ഇര്‍ഷാദ്, അനില്‍ പുളിക്കന്‍, കെ. ദിലീപ്കുമാര്‍, സുനില്‍ കാര്യാട്ട്, യു.കെ. പീതാംബരന്‍ എന്നിവര്‍ സ്ഥലത്തത്തെി.
ആലപ്പുഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു
ആലപ്പുഴ: ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കനത്ത കടലാക്രമണം. തിങ്കളാഴ്ച ഉച്ചക്കുശേഷം തുടങ്ങിയ രൂക്ഷമായ കടല്‍ കയറ്റത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു.കരൂര്‍ ഗവ. എല്‍.പി സ്കൂള്‍, കുഞ്ചുപിള്ള സ്മാരക സ്കൂള്‍ എന്നിവിടങ്ങളിലും പള്ളിത്തോട്, പുറക്കാട്, വാടക്കല്‍ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ സഹായം എത്തിക്കാന്‍ റവന്യൂ അധികാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബുധനാഴ്ച കലക്ടര്‍ അടിയന്തര യോഗം വിളിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം അവധിയായതിനാല്‍ നാശനഷ്ടങ്ങളുടെ തോത് കൃത്യമായി നിര്‍ണയിക്കപ്പെട്ടില്ല. ദുരിതബാധിത പ്രദേശങ്ങള്‍ മന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.
കണ്‍ട്രോള്‍ റൂം തുറന്നു
തിരുവനന്തപുരം: കനത്തമഴയും കടലാക്രമണവും തുടരുന്ന സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു.
സമ്പര്‍ക്ക നമ്പര്‍ 0471 -2331639.തിരുവനന്തപുരം 0471-2730045, കൊല്ലം 0474 -2794004, പത്തനംതിട്ട 0468-2322515, ആലപ്പുഴ 0477 -2238630, കോട്ടയം 0481-2562201, ഇടുക്കി 0486- 2232242, എറണാകുളം 0484-2423513, തൃശൂര്‍ 0487-2362424, പാലക്കാട് 0491-2512607, മലപ്പുറം 0483-2736320, കോഴിക്കോട് 0495-2371002, വയനാട് 04936-204151, കണ്ണൂര്‍ 0497-2713266, കാസര്‍കോട് 0499-4257700.
25 ലക്ഷം അനുവദിച്ചു
ആലപ്പുഴ: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ മേഖലയില്‍ കടല്‍ ക്ഷോഭവും ചുഴലിക്കാറ്റും മൂലം നാശനഷ്ടമുണ്ടായവര്‍ക്ക് അടിയന്തര സഹായമായി 25 ലക്ഷം രൂപ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിയോടെ അനുവദിച്ചതായി ആഭ്യന്തരമന്ത്രി അറിയിച്ചു.
സഹായമത്തെിക്കണം –സുധീരന്‍
തിരുവനന്തപുരം: കനത്ത മഴയും കടലാക്രമണവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമത്തെിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എല്ലാ ആശ്വാസപ്രവര്‍ത്തനങ്ങളും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
