ജിഷ കൊലപാതകം: ഒരു അയൽവാസി കൂടി കസ്റ്റഡിയിൽ
text_fieldsപെരുമ്പാവൂർ: ജിഷ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒരു അയൽവാസി കൂടി പൊലീസ് കസ്റ്റഡിയിൽ. സംശയത്തിന്റെ അടിസ്ഥാനത്തിൽ പല്ലിന് വിടവുള്ള ചെറുപ്പക്കാരനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നതായി പൊലീസ് അറിയിച്ചു.
ജിഷയുടെ മുതുകത്ത് മാരകമായ രീതിയിൽ കടിച്ചത് പല്ലിന് വിടവുള്ള ആളാണെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പല്ലിന് വിടവുള്ള നിരവധി പ്രദേശവാസികളെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
കസ്റ്റഡിയിലെടുത്ത ആൾ കഞ്ചാവിന് അടിമയാണ്. ഈ ചെറുപ്പക്കാരൻ സംഭവ ദിവസം സ്ഥലത്തുണ്ടായിരുന്നു. അതേസമയം, തെളിവായി ലഭിച്ച ഒരു ജോഡി ചെരുപ്പുകൾ ഇയാളുടെ കാലുമായി ചേരുന്നതല്ല. ആറ് ഇഞ്ചാണ് ചെരുപ്പിന്റെ അളവെങ്കിൽ ചെറുപ്പക്കാരന്റെ കാലിന്റെ അളവ് പത്ത് ഇഞ്ചാണ്.
ജിഷയുടെ കൊലപാതകം നടന്നിട്ട് മൂന്നാഴ്ച പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങുകയാണ്. മുമ്പ് ജിഷയെ ആക്രമിച്ച യുവാവിന്റെ പേരുവിവരങ്ങൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവ് പാപ്പു പൊലീസിന് നൽകിയിട്ടുണ്ട്.
