കെട്ടിട നിര്‍മാണ സെസ് കുത്തനെ കൂട്ടി
text_fieldsകൊച്ചി: സംസ്ഥാനത്ത് കെട്ടിട നിര്‍മാണ സെസ് മാനദണ്ഡം പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇതനുസരിച്ച് ഗാര്‍ഹിക,വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് നിലവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടി തുക നല്‍കേണ്ടിവരും.കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ നിയമ പ്രകാരം തറ വിസ്തീര്‍ണത്തെ അടിസ്ഥാനമാക്കിയായിരുന്നു സെസ് ചുമത്തിയിരുന്നത്. എന്നാല്‍, കെട്ടിട നിര്‍മാണ ചെലവ് അടിസ്ഥാനമാക്കിയാണ് സെസ് മാനദണ്ഡം പുതുക്കിയത്. ഏപ്രില്‍ 11നാണ് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കുറഞ്ഞ തുകയാണ് ഇതുവരെ ചുമത്തിയിരുന്നതെങ്കില്‍ ഇനി മുതല്‍ ഗാര്‍ഹിക നിര്‍മാണ കെട്ടിടത്തിന് ഉള്‍പ്പെടെ വന്‍ തുക നല്‍കേണ്ടിവരും.
2000 നവംബര്‍ മുതല്‍ 2004 ഡിസംബര്‍ വരെ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ക്ക് പുതുക്കിയ മാനദണ്ഡ പ്രകാരം സെസ് പിരിക്കാന്‍ ലേബര്‍ കമീഷണറുടെ നിര്‍ദേശ പ്രകാരം ജില്ലാ ലേബര്‍ ഓഫിസുകളില്‍നിന്ന് കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങി. ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് ചതുരശ്രമീറ്ററിന് 8400 രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്.ഇതനുസരിച്ച് 151 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിന് 12,68,400 രൂപയായിരിക്കും നിര്‍മാണ ചെലവ്. ഇതിന്‍െറ ഒരു ശതമാനമായ 12,684 രൂപയായിരിക്കും സെസ്.ഫ്ളാറ്റുകള്‍,ഷോപ്പിങ് മാളുകള്‍,വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ എന്നിവക്ക് നിര്‍മാണച്ചെലവിന്‍െറ പത്ത് ശതമാനം കൂടുതല്‍ തുക കൂടി കൂട്ടിയാണ് സെസ് ചുമത്തുക.151 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്, നിര്‍മാണ ചെലവിന്‍െറ (12,68,400 രൂപ) പത്ത് ശതമാനം കൂടി കൂട്ടി 13,95,240 രൂപയായാണ് നിര്‍മാണച്ചെലവായി കണക്കാക്കുക.
ഇതിന്‍െറ ഒരു ശതമാനമായ 13,952 രൂപയായിരിക്കും സെസ് ഇനത്തില്‍ ചുമത്തുക. തറയില്‍ ഉപയോഗിക്കുന്ന വസ്തുക്കളെ അടിസ്ഥാനമാക്കിയായിരുന്നു മുമ്പ് സെസ് നിര്‍ണയിച്ചിരുന്നത്. സിമന്‍റ്,മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിങ്ങനെയാണ് തറവിസ്തീര്‍ണം കണക്കാക്കിയിരുന്നതെങ്കില്‍ പരിഷ്കരിച്ച നിയമ പ്രകാരം കെട്ടിടത്തിന്‍െറ നിര്‍മാണ ചെലവ് അടിസ്ഥാനമാക്കിയതാണ് സെസ് തുക വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. മുമ്പ് സിമന്‍റ് ഉപയോഗിച്ച് തറ നിര്‍മാണം നടത്തിയവര്‍ക്ക് കുറഞ്ഞ തുകയായിരുന്നു ഈടാക്കിയിരുന്നത്. മുന്തിയിനം ഗ്രാനൈറ്റ് തറനിര്‍മാണത്തിന് ഉപയോഗിച്ചാലും പരമാവധി 8,800 രൂപയായിരുന്നു സെസ്. കെട്ടിട നിര്‍മാണ സെസ് നിര്‍ണയിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ സംശയം ഉന്നയിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് സെസ് കണക്കാക്കുന്നതിന് ഉദാഹരണ സഹിതം ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
