സ്പീക്കർ ശക്തനും വെട്ടിപ്പ് നടത്തിയെന്ന് വി.എസ്
text_fieldsതിരുവനന്തപുരം: തട്ടിപ്പ് പുറത്തുവരാനാണ് വിൻസൺ എം പോളിനെ മുഖ്യവിവരാവകാശ കമീഷണറാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും, മുന്‍ ധനമന്ത്രി കെ.എം. മാണിയും കൂടി വെട്ടിപ്പ് നടത്തി. സ്പീക്കർ ശക്തനും കോടികൾ തട്ടിയെന്നും വി.എസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
സ്വന്തം ചെരുപ്പിടാന്‍ പോലും കഴിയാത്ത സ്പീക്കര്‍ വ്യാജ യാത്രാ ബില്ലുകള്‍ വഴി കോടികള്‍ തട്ടിയെടുത്തു. കണ്ണിന് കുഴപ്പമുണ്ടെങ്കിലെന്താ കാലിന് കുഴപ്പമില്ലല്ലോയെന്നും വി.എസ് പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
സ്പീക്കർ ശക്തൻ വരെ വെട്ടിപ്പ് നടത്തി!
വിന്‍സണ്‍ എം പോള്‍ വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെപ്പറ്റി ഒരു റിപ്പോര്‍ട്ട് നല്‍കി. പരിശോധിച്ചപ്പോഴല്ലേ പൂരം. പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും, മുന്‍ധനമന്ത്രി കെ.എം.
മാണിയും കൂടിയാണ് കോടികള്‍ തട്ടിയിരിക്കുന്നത്. മുസ്ലീംലീഗും മാണി കോണ്‍ഗ്രസും സാക്ഷാല്‍ കോണ്‍ഗ്രസും കൂടിയാലോചിച്ചു, എന്താണൊരു വഴി?
അവസാനം ഒരുവഴി കുണ്ടുപിടിച്ചു. ഫയല്‍ കള്ളന്മാരില്‍ ഒരുവനായ ഇബ്രാഹിംകുഞ്ഞിനെ ഏല്‍പ്പിക്കാം. ഇബ്രാഹിംകുഞ്ഞ് ഫയല്‍ വാങ്ങി അതിന്റെ മുകളില്‍ ഇപ്പോഴും അടയിരിക്കുകയാണ്. അപ്പോള്‍ മറ്റൊരു പ്രശ്‌നം. വിന്‍സണ്‍ എം. പോള്‍ ഇതെങ്ങാനും പുറത്തുപറഞ്ഞാലോ? ഇതുമാത്രമല്ലല്ലോ? ബാര്‍കോഴ ഉള്‍പ്പെടെ പലതും ഇദ്ദേഹത്തിന്റെ കൈവശമുണ്ടല്ലോ? അതുകൊണ്ട് ഒരുകാര്യം ചെയ്യാം. മിസ്റ്റര്‍ പോളിന് കൊടുക്കാം ഒരപ്പക്കഷണം. അങ്ങനെ അദ്ദേഹം മുഖ്യവിവരത്തിന്റെ ആപ്പീസറായി.
എന്താണ് തട്ടിപ്പ്? റോഡിന്റെയും പാലത്തിന്റെയും പേരില്‍ ഊറ്റംകൊള്ളുന്ന ഇവര്‍ നടത്തിയ തീവെട്ടിക്കൊള്ള നിര്‍മ്മിക്കാത്ത റോഡിന്റെയും പാലത്തിന്റെയും പേരില്‍ കോടികള്‍ തട്ടിയെടുത്തതാണ്. നിര്‍മ്മിച്ച പാലത്തിനും റോഡിനും നിശ്ചിത
ശതമാനം കമ്മീഷന്‍! പിന്നെ സ്ഥലംമാറ്റം അങ്ങനെ മറ്റ് കശപിശകള്‍ വേറെ. കാരുണ്യ ഫണ്ട് വിനിയോഗത്തില്‍ സര്‍വ്വകാല റിക്കോര്‍ഡ് ഇട്ടവരാണ് മുഖ്യമന്ത്രിയും കൂട്ടരും എന്നാണ് അവകാശവാദം! ഇപ്പോഴല്ലേ പൂച്ച് പുറത്തുവന്നത്. കൊടുത്ത തുകയുടെ സിംഹഭാഗവും സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രികള്‍ക്കാണ്. ആ വഴിയുള്ള കമ്മീഷന്‍ വേറെ.ദോഷം പറയരുതല്ലോ ആരും മോശക്കാരല്ല. സ്വന്തം ചെരുപ്പിടാന്‍ പോലും കഴിയാത്ത സ്പീക്കര്‍ ശക്തന്‍ തട്ടിയെടുത്തൂ വ്യാജ യാത്രാ ബില്ലുകള്‍ വഴി കോടികള്‍. കണ്ണിന് കുഴപ്പമുണ്ടെങ്കിലെന്താ കാലിന് കുഴപ്പമില്ലല്ലോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
