മെഹ്സിന് സഹായ തുക രണ്ടുലക്ഷം പിന്നിട്ടു; റമദാന് ശേഷം ശസ്ത്രക്രിയ
text_fieldsകോഴിക്കോട്: സ്വദേശത്തും വിദേശത്തുമുള്ള വ്യക്തികളുടെയും കൂട്ടായ്മകളുടെയും കാരുണ്യത്തില്‍ മെഹ്സിനുള്ള ചികിത്സാ സഹായ തുക രണ്ടുലക്ഷം പിന്നിട്ടു. 2,13,000 രൂപയാണ് ഇതിനകം മെഹ്സിന്‍ ചികിത്സാ സഹായ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് എത്തിയത്. വാട്സ്ആപ് കൂട്ടായ്മകളിലൂടെയും സന്നദ്ധ സംഘടനകളില്‍നിന്നുമായി സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം എം.എസ്.എസ് നടക്കാവ് യൂനിറ്റ് 20,500 രൂപയും നടക്കാവിലെ ഖദീജ ടീച്ചര്‍ 10,000 രൂപയും ചികിത്സാ നിധിയിലേക്ക് നല്‍കി. റമദാന് ശേഷം വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലാണ് കുടുംബം.
പല വഴികളിലൂടെ ഒഴുകിയത്തെിയ സഹായം കുടുംബത്തിന് വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. ഇതിനകം മൂന്ന് ശസ്ത്രക്രിയകളാണ് മെഹ്സിനു വേണ്ടി നടത്തിയത്. മകന്‍െറ ചികിത്സക്കായി എട്ടു ലക്ഷത്തോളം രൂപയുടെ കടത്തിലാണ് കുടുംബം. വാടക വീട്ടിലാണ് താമസിക്കുന്നത്. മറ്റൊരു വഴിയും ഇല്ലാതെ കുടുംബം പ്രയാസപ്പെട്ടിരിക്കെ ‘മാധ്യമം’ പ്രസിദ്ധീകരിച്ച ‘ഈ കുഞ്ഞു മുഖത്തിന് പിന്നിലെ വേദന എങ്ങനെ ആശ്വസിപ്പിക്കും?’ എന്ന വാര്‍ത്തയത്തെുടര്‍ന്നാണ് സഹായ ഹസ്തവുമായി സുമനസ്സുകള്‍ രംഗത്തുവന്നത്. പൊക്കുന്ന് പറയിനിലം പറമ്പ് വീട്ടില്‍ മുദ്ദസിര്‍-സറീന ദമ്പതികളുടെ മൂത്ത മകനാണ് മെഹ്സിന്‍. മൂന്നു വയസ്സ് തികയുമ്പോഴും മൂത്രമൊഴിക്കാന്‍ കഴിയാത്ത രോഗമാണ് പിടിപെട്ടത്. വൃക്കയില്‍നിന്ന് ജനനേന്ദ്രിയത്തിലേക്ക് എത്തേണ്ട ഞരമ്പ് ഇല്ലാത്തതാണ് പ്രശ്നം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പി. സിക്കന്തര്‍ ചെയര്‍മാനായ മെഹ്സിന്‍ ചികിത്സാ സഹായ കമ്മിറ്റിക്ക് കീഴില്‍ മെഹ്സിന്‍ എന്ന പേരില്‍ എസ്.ബി.ടി മാങ്കാവ് ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോണ്‍: 9447084722. അക്കൗണ്ട് നമ്പര്‍: 67360382593. IFSC: SBTR 0000535. റമദാനില്‍ സുമനസ്സുകളുടെ കൂടുതല്‍ കാരുണ്യപ്രവാഹം എത്തുന്നതോടെ മകന്‍െറ ചികിത്സക്കൊപ്പം വീടെന്ന സ്വപ്നവും സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
