ഗണ്‍മാന്മാരെ പിന്‍വലിക്കല്‍: പ്രതിഷേധവുമായി സി.പി.എം
text_fieldsകണ്ണൂര്‍: പാര്‍ട്ടി നേതാക്കളുടെ ഗണ്‍മാന്മാരെ പിന്‍വലിച്ചതില്‍ പ്രതിഷേധവുമായി സി.പി.എം രംഗത്ത്. യു.ഡി.എഫ് സര്‍ക്കാര്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍ പ്രസ്താവനയില്‍ ആരോപിച്ചു.
പി. ജയരാജനുനേരെ നിരവധി തവണ ആര്‍.എസ്.എസ് വധഭീഷണിയുണ്ടായിരുന്നു. 17 വര്‍ഷം മുമ്പ് തിരുവോണ നാളില്‍ വീട്ടില്‍ കയറി അദ്ദേഹത്തെ ഭീകരമായി ആക്രമിച്ചതാണ്. ബി.ജെ.പി വിട്ടതോടെ ഒ.കെ. വാസു മാസ്റ്റര്‍ക്കും എ. അശോകനുംനേരെ ആര്‍.എസ്.എസിന്‍െറ വധഭീഷണിയും വധശ്രമവുമുണ്ടായി.
ആര്‍.എസ്.എസും കോണ്‍ഗ്രസും വോട്ടുകച്ചവടം ഉറപ്പിച്ചതിനെ തുടര്‍ന്നാണ് വധഭീഷണിയുള്ള നേതാക്കളുടെ ഗണ്‍മാന്മാരെ പിന്‍വലിച്ചത്. ആര്‍.എസ്.എസ് ജില്ലയില്‍ അക്രമത്തിന് ആസൂത്രിത നീക്കമാണ് നടത്തുന്നത്. സി.പി.എം നേതാക്കള്‍ക്കുനേരെ എന്തെങ്കിലും അക്രമമുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാറിനായിരിക്കുമെന്ന് ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.