അനാഥാലയം തണല്‍വിരിച്ചു; 56 യുവതികള്‍ സുമംഗലികളായി
text_fieldsമുട്ടില്‍ (വയനാട്): മുടങ്ങാതെ ഇപ്രാവശ്യവും വയനാട് മുസ്ലിം അനാഥശാല സ്നേഹപ്പന്തല്‍ ഒരുക്കി. അതിന്‍െറ തണലില്‍ 56 യുവതികളുടെ കല്യാണസ്വപ്നം പൂവണിഞ്ഞു. മുട്ടില്‍ യതീംഖാനയുടെ പന്ത്രണ്ടാമത് സ്ത്രീധനരഹിത വിവാഹസംഗമത്തില്‍ ഹിന്ദു, മുസ്ലിം കുടുംബങ്ങളില്‍നിന്നുള്ള 112 യുവതീയുവാക്കള്‍ വിവാഹിതരായി. സ്ത്രീധനമോ മറ്റോ ഉപാധികളാവാതെ വിവാഹത്തിന് തയാറായ നിര്‍ധന കുടുംബങ്ങളിലുള്ളവരെയാണ് തെരഞ്ഞെടുത്തത്.
പൊതുസമ്മേളന ഉദ്ഘാടനവും നികാഹ് മുഖ്യകാര്‍മികത്വവും ഖത്തര്‍ കെ.എം.സി.സി ചെയര്‍മാന്‍ പി.എച്ച്.എസ് തങ്ങള്‍ നിര്‍വഹിച്ചു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ പെരുമാള്‍ ജുമാമസ്ജിദ് ഇമാം സൈഫുദ്ദീന്‍ അല്‍ ഖാസിമി ഖുതുബ നിര്‍വഹിച്ചു. ജിദ്ദ ഹോസ്റ്റലില്‍ ഒരുക്കിയ കതിര്‍മണ്ഡപത്തിലാണ് 10 ഹിന്ദുയുവതികളുടെ വിവാഹച്ചടങ്ങുകള്‍ നടന്നത്. വര്‍ക്കല ഗുരുകുലാശ്രമം ഗുരു ത്യാഗീശ്വര സ്വാമി മുഖ്യ കാര്‍മികത്വം വഹിച്ചു. ഈ വിവാഹസംഗമത്തിന് സത്യത്തിന്‍െറയും നന്മയുടെയും സൗരഭ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കവി പി.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തി.
വധുവിന് അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങളും വരന് ഒരു പവനുമാണ് സമ്മാനമായി സംഘാടകര്‍ നല്‍കിയത്. വിവാഹവസ്ത്രവും സദ്യയും നല്‍കി. ജില്ലക്കകത്തും പുറത്തുനിന്നുമുള്ള ഉദാരമതികളാണ് വിവാഹച്ചെലവുകള്‍ വഹിച്ചത്. സ്ത്രീകള്‍ക്കുവേണ്ടി നടന്ന പ്രത്യേക ചടങ്ങുകളുടെ ഉദ്ഘാടനം ഖമറുന്നിസ അന്‍വര്‍ നിര്‍വഹിച്ചു. വധൂവരന്മാര്‍ക്ക് ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദിന്‍െറ നേതൃത്വത്തില്‍ വിവാഹപൂര്‍വ കൗണ്‍സലിങ് നല്‍കി. 2005ലാണ് ഡബ്ള്യൂ.എം.ഒ സ്ത്രീധനരഹിത വിവാഹസംഗമത്തിന് തുടക്കമിട്ടത്. ഇതോടെ അനാഥശാലയുടെ വിവാഹസംഗമങ്ങളിലൂടെ ദാമ്പത്യത്തിലേക്കത്തെിയത് 1628 പേരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
