കോൺഗ്രസിലെ തർക്കം: സോണിയാഗാന്ധി ഇടപെടുന്നു
text_fieldsന്യൂഡൽഹി: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാൻ സോണിയ ഗാന്ധി ഇടപെടുന്നു. ഇതിന്‍റെ ഭാഗമായി കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തും. 11.30 മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും 12 മണിക്ക് രമേശ് ചെന്നിത്തലയുമായുമായാണ് കൂടിക്കാഴ്ച. വൈകീട്ട് സോണിയ വി.എം സുധീരനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. തർക്കം പരിഹരിക്കാനായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ കേരള നേതാക്കളുമായി പലവട്ടം ചർച്ച നടത്തിയിരുന്നു. ഇതിൽ പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് ഇന്ന് സോണിയ ഗാന്ധി നേരിട്ട് പ്രശ്നം പരിഹരിക്കാനായി ഇടപെടുന്നത്.
സംസ്ഥാന നേതാക്കൾക്കിടയിൽ തന്നെ പ്രശ്നപരിഹാരമുണ്ടാകണമെന്നാണ് ഹൈക്കമാന്‍റ് നിർദേശിക്കുന്നത്. എ.എ.ഐ.സി നേതാക്കൾ മുന്നോട്ട് വെക്കുന്ന ഫോർമലക്കനുസരിച്ച് മുന്നോട്ടുപോകണമെന്നായിരിക്കും സോണിയഗാന്ധി കേരളത്തിലെ നേതാക്കളോട് നിർദേശിക്കുക എന്നാണ് സൂചന. ഉമ്മൻചാണ്ടിയും വി.എം. സുധീരനുമിടക്കുള്ള തർക്കത്തിനിടക്ക് മധ്യസ്ഥം വഹിക്കുന്നത് രമേശ് ചെന്നിത്തലയാണ്. ഇതിനിടെ മുതിർന്ന നേതാവ് മുകുൾ വാസ്നിക് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
അതേസമയം, സ്ഥാനാർഥി നിർണയത്തിനായി ഇന്ന് 11.30ക്ക് അടിയന്തിര സ്ക്രീനിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. യോഗത്തിന് മുന്നോടിയായി കേരള ഹൗസിൽ ഐ ഗ്രൂപ് നേതാക്കൾ യോഗം ചേർന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കെ.മുരളീധരൻ കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
