വെള്ളാപ്പള്ളിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് എ.ഡി.ജി.പിക്ക് വി.എസിന്‍െറ കത്ത്
text_fieldsതിരുവനന്തപുരം: കൊല്ലം എസ്.എന്‍ കോളജ് കനകജൂബിലി ആഘോഷ കണ്‍വീനറായിരിക്കെ, 1997-98ല്‍ എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ ക്രമക്കേടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എ.ഡി.ജി.പി അനന്തകൃഷ്ണന് കത്ത് നല്‍കി.
എക്സിബിഷന്‍ ഉള്‍പ്പെടെ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലഭിച്ച ആകെ വരവ് 35,44,437 രൂപയാണ്. ചെലവ് 15,26,775 രൂപയും മിച്ചം 20,17,662 രൂപയുമാണ്. മിച്ചമായി ലഭിച്ച തുക ജൂബിലി സ്മാരകമായ ലൈബ്രറി സമുച്ചയത്തിന് സംഭാവനയായി നല്‍കാന്‍ തീരുമാനിച്ചതായി കനകജൂബിലി കമ്മിറ്റിയുടെ കണക്കില്‍ കാണുന്നു.
ലൈബ്രറി സമുച്ചയത്തിന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയെക്കൊണ്ട് തറക്കല്ലിടീക്കുകയും ചെയ്തു. എന്നാല്‍ പണി ആരംഭിച്ചില്ല.
ഈ തുക സൗത് ഇന്ത്യന്‍ ബാങ്കിന്‍െറ എസ്.എന്‍. കോളജ് ശാഖയില്‍ അക്കൗണ്ട് നമ്പര്‍ 3307 ആയി നിക്ഷേപിച്ചു. ജൂബിലിക്കുവേണ്ടി 67,16,867 രൂപ പിരിച്ചെടുക്കുകയും ചെയ്തു. തുക ഈ ആവശ്യത്തിനായി വിനിയോഗിക്കാതെ വെള്ളാപ്പള്ളി പല പ്രാവശ്യമായി പിന്‍വലിച്ചതായും വി.എസ് കത്തില്‍ ആരോപിക്കുന്നു.