ലിബിയയില്‍നിന്ന് മടങ്ങാനൊരുങ്ങി നിരവധി മലയാളികള്‍
text_fieldsകോട്ടയം/കുറവിലങ്ങാട്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍നിന്ന് നാട്ടിലേക്ക് മടങ്ങാനൊരുങ്ങി നിരവധി മലയാളികള്‍. എത്രയും വേഗം യാത്രാരേഖകള്‍ തയാറാക്കി നാട്ടിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് അവിടെ ജോലി ചെയ്യുന്ന പാമ്പാടി സ്വദേശി എബ്രഹാം സാമുവല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മലയാളി നഴ്സും മകനും കൊല്ലപ്പെട്ട ഷെല്ലാക്രമണം നടന്ന സബ്രാത്തയിലെ സാവിയ മെഡിക്കല്‍ സെന്‍ററില്‍ വിവിധ തസ്തികളിലായി കോട്ടയം, വെളിയന്നൂര്‍, കുമാരനല്ലൂര്‍, പുതുപ്പള്ളി, ആലപ്പുഴ, കോതമംഗലം, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലെ 40ഓളം പേര്‍ ജോലിചെയ്യുന്നുണ്ട്.
ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് കുറേനാളുകളായി കറന്‍സിയുടെ മൂല്യം ഗണ്യമായി ഇടിഞ്ഞു. ഇതോടെ, 2015 നവംബര്‍ മുതല്‍ ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ മുടങ്ങിയിരിക്കുകയാണ്. സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് എല്ലാവരും ജോലി ചെയ്യുന്നത്. പലരും കുടുംബസമേതമാണ് താമസം. പ്രാദേശിക ഭരണസംവിധാനം താറുമാറായ ഇവിടെ ചെറിയൊരു സംഘര്‍ഷം പോലും വന്‍ ആക്രമണത്തിലേക്കു മാറുന്ന രീതിയാണുള്ളതെന്നു പറയുന്നു. ഒൗദ്യോഗിക രേഖകള്‍ എല്ലാം ആശുപത്രി അധികൃതരുടെ പക്കലായതിനാല്‍ തിരികെ പുറപ്പെടാന്‍ പിന്നെയും താമസമെടുക്കുകയാണ്.അതേസമയം, തുളസിഭവനത്തില്‍ വിപിന്‍കുമാറിന്‍െറ ഭാര്യ സുനു (28), മകന്‍ പ്രണവ് (2) എന്നിവരുടെ മരണവാര്‍ത്തയുടെ ആഘാതത്തില്‍നിന്ന് വെളിയന്നൂര്‍ ഗ്രാമം ഇനിയും മോചനം നേടിയിട്ടില്ല.
സുനുവിന്‍െറ മാതാപിതാക്കളും സഹോദരനും വെളിയന്നൂരില്‍ എത്തിയിട്ടുണ്ട്. അമ്മയോടു ചേര്‍ന്നുകിടന്ന് മരണത്തിലും അമ്മയോടൊപ്പം യാത്രയായ പ്രണവിന്‍െറ ഓര്‍മ നാട്ടുകാരെ കണ്ണീരിലാഴ്ത്തുന്നു. പ്രണവിനെ വിപിന്‍െറയും സുനുവിന്‍െറയും വീട്ടുകാര്‍ കണ്ടിട്ടില്ല.
ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കുന്നതിന് കേന്ദ്രമന്ത്രി സുഷമ സ്വരാജുമായും നോര്‍ക്കയുമായും വിവിധ എം.പിമാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി. ജോസഫ് എന്നിവരും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
