മകന്‍ ഒൗദ്യോഗികവാഹനം ഓടിച്ച സംഭവം ഐ.ജിക്കെതിരെ കേസെടുത്തു
text_fieldsതൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകന് ഓടിക്കാന്‍ ഒൗദ്യോഗിക വാഹനം നല്‍കിയതിന് തൃശൂര്‍ പൊലീസ് അക്കാദമി ഡയറക്ടര്‍ ഐ.ജി സുരേഷ് രാജ് പുരോഹിതിനും വാഹനമോടിച്ച മകനുമെതിരെ വിയ്യൂര്‍ പൊലീസ് കേസെടുത്തു. പൊതുതാല്‍പര്യ വ്യവഹാരി പി.ഡി. ജോസഫ് ഇക്കഴിഞ്ഞ ശനിയാഴ്ച തൃശൂര്‍ ജുവനൈല്‍ കോടതിയില്‍ നല്‍കിയ പരാതിയനുസരിച്ച് വിയ്യൂര്‍ പൊലീസിനോട് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23 അനുസരിച്ചും സി.ആര്‍.പി.സി 156 (3) വകുപ്പുമനുസരിച്ചാണ് കേസെടുത്തത്.
കഴിഞ്ഞ മാസം 28നാണ് മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം ഐ.ജിയുടെ മകന്‍ വാഹനമോടിച്ച വാര്‍ത്ത പുറത്തുവിട്ടത്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തുവന്നോടെ ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെങ്കിലും ഉത്തരവിറക്കിയില്ല. തൃശൂര്‍ വിജിലന്‍സ് കോടതി പൊതുതാല്‍പര്യ ഹരജിയായി പരിഗണിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത് ഹൈകോടതിയില്‍ അപേക്ഷ നല്‍കി തടയുകയും ചെയ്തു.
സുരേഷ് രാജ് പുരോഹിതിന്‍െറ 16 വയസ്സുള്ള പ്ളസ് വണ്‍ വിദ്യാര്‍ഥിയായ മകന്‍ പൊലീസ് അക്കാദമി കാമ്പസില്‍ മൂന്ന് വ്യത്യസ്ത വാഹനങ്ങളോടിക്കുന്ന അഞ്ച് മിനിറ്റ് വീതമുള്ള മൂന്ന് വിഡിയോകളാണ് പുറത്തുവന്നത്. പൊലീസ് അക്കാദമിയിലെ ഒൗദ്യോഗിക വാഹനം പൊലീസുകാരുടെ ബന്ധുക്കള്‍ ഓടിക്കണമെങ്കില്‍ പ്രത്യേക അനുമതി എടുക്കണമെന്നുണ്ട്.
അനുമതിയില്ലാതെയാണ് ഐ.ജിയുടെ മകന്‍ ഒൗദ്യോഗിക വാഹനം ഓടിച്ചത്.
വിവാദ വ്യവസായി മുഹമ്മദ് നിസാമിന്‍െറ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ശോഭ സിറ്റിയില്‍ ഫെരാരി കാര്‍ ഓടിച്ചതിന് കേസെടുത്ത പൊലീസ് ഐ.ജിയുടെ മകന്‍ കാണിച്ച നിയമലംഘനത്തിനെതിരെ നടപടിയെടുക്കാത്തത് വിമര്‍ശിക്കപ്പെട്ടിരുന്നു.
കുട്ടി വാഹനമോടിച്ചത് വിഡിയോയില്‍ പകര്‍ത്തി മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയ അഞ്ച് സിവില്‍ പൊലീസുകാരെ പരിശീലനത്തിനെന്ന പേരില്‍ സത്യമംഗലം കാട്ടിലേക്ക് വിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
