ഗള്‍ഫ് വിമാന നിരക്കില്‍ ഒമ്പത് ഇരട്ടി വര്‍ധന
text_fieldsപഴയങ്ങാടി (കണ്ണൂര്‍): കേരളത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ മേയ് 31 വരെയുള്ള വിദ്യാലയ അവധിക്കാലം മുതലെടുത്ത് വിമാന കമ്പനികള്‍ ഗള്‍ഫ് യാത്രാനിരക്ക് കുത്തനെ കൂട്ടി. മംഗളൂരു, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍നിന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ആറുമുതല്‍ എട്ട് ഇരട്ടി വരെയാണ് വര്‍ധന. അതേസമയം, ഇവരുടെ മടക്കയാത്രാ സമയത്ത് ചൂഷണം ചെയ്യാന്‍ ആറുമുതല്‍ ഒമ്പതുവരെയും ഇരട്ടി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഏപ്രില്‍ ഒന്നിന് രാവിലെ 9.40ന് കോഴിക്കോട്ടുനിന്ന് അബൂദബിയിലേക്കുള്ള ഇത്തിഹാദ് എയര്‍വെയ്സിന്‍െറ ഇ.വൈ 257 നമ്പര്‍ വിമാനത്തില്‍ യാത്രചെയ്യാന്‍ 56,153 രൂപയാണ് ഈടാക്കുന്നത്. മേല്‍വിമാനത്താവളങ്ങളില്‍നിന്ന് മാര്‍ച്ച് രണ്ടാംവാരം വരെ 6,000 മുതല്‍ 8,500 രൂപ വരെയുള്ള നിരക്കില്‍ യു.എ.ഇയിലേക്കും 8500-10,200 നിരക്കില്‍ ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കും 9000-11,000 നിരക്കില്‍ കുവൈത്തിലേക്കും സര്‍വിസ് നടത്തിയിരുന്നു. എന്നാല്‍, വിവിധ പരീക്ഷകള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 28 മുതലുള്ള യാത്രക്കാരുടെ തിരക്ക് ചൂഷണം ചെയ്താണ് നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചത്. ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് പുറമെ മറ്റു വിമാന കമ്പനികളും കൊള്ള തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ യാത്ര ഉറപ്പുനല്‍കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ അറേബ്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഫൈ്ളദുബൈ കമ്പനികളും നിരക്ക് അഞ്ചുമുതല്‍ എട്ടുവരെ ഇരട്ടി വര്‍ധിപ്പിച്ചു.
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ആദ്യവാരം വരെ മംഗളൂരു-ദുബൈ റൂട്ടില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് 18,500 രൂപയാണ് ഈടാക്കുന്നത്. കോഴിക്കോട്-ദുബൈ റൂട്ടിലും എയര്‍ ഇന്ത്യ എക്സ്പ്രസ് ഇതേ നിരക്ക് ഈടാക്കുന്നു. ഈ റൂട്ടില്‍ എയര്‍ ഇന്ത്യയുടെ നിരക്ക് 27,700 രൂപയായി. അതേസമയം, സ്പൈസ് ജെറ്റ് ഈടാക്കുന്നത് 21,000 രൂപയാണ്.
കൊച്ചിയില്‍നിന്ന് യു.എ.ഇയിലേക്ക് ഏപ്രില്‍ ആദ്യവാരം ജെറ്റ് എയര്‍വെയ്സും എയര്‍ ഇന്ത്യയും 24,000 രൂപ വരെ ഈടാക്കുമ്പോള്‍, സ്പൈസ് ജെറ്റ് ഈടാക്കുന്നത് 26,000 രൂപയാണ്.
കോഴിക്കോട്-ദോഹ റൂട്ടില്‍ ഏപ്രില്‍ രണ്ടിന് 27,000 രൂപക്കാണ് സ്പൈസ് ജെറ്റ് റിസര്‍വേഷന്‍ നല്‍കുന്നത്. ഏപ്രില്‍ രണ്ടിന് കോഴിക്കോട്ടുനിന്ന് ബഹ്റൈനിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ 29,000 രൂപയും എയര്‍ അറേബ്യയില്‍ 32,400 രൂപയും നല്‍കണം.അവധിക്കാലം വിദേശത്ത് ചെലവഴിക്കാന്‍ തയാറെടുക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് യാത്രാനിരക്ക് വര്‍ധന കനത്ത അടിയായി. അവധിക്ക് നാട്ടിലത്തെിയ പ്രവാസികളും അമിത നിരക്ക് കാരണം തിരിച്ചുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.
അവധിക്കാലത്ത് ഗള്‍ഫിലേക്ക് പോകുന്ന കുടുംബങ്ങള്‍ ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കുന്നതിനാല്‍ മേയ് അവസാനവാരം മുതല്‍ നാട്ടിലേക്ക് തിരിക്കണം. ഈ അവസരവും മുതലെടുക്കാന്‍ വിമാന കമ്പനികള്‍ ഒരുങ്ങി. ഗള്‍ഫില്‍നിന്ന് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും കേരളീയര്‍ ആശ്രയിക്കുന്ന മംഗളൂരു, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കും ഈ സമയത്തെ യാത്രക്ക് ആറുമുതല്‍ ഒമ്പതുവരെ ഇരട്ടി നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
